അഖിൽ കാവുങ്ങൽ രചനയും സംവിധാനവും നിർവഹിച്ച്, ധ്യാൻ ശ്രീനിവാസനും അപർണ ദാസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘ഡിയർ ജോയി’യുടെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘വഴിക്കാട്ടും ദിക്കുകൾ ഇവിടെ.. ഘഡികാര സൂചികൾ എവിടെ…’ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്, വരികൾ അരുൺ രാജിന്റേതാണ്. പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രത്തിൽ വൈക്കം വിജയലക്ഷ്മിയെ കൂടാതെ കെ.എസ്. ചിത്ര, വിനീത് ശ്രീനിവാസൻ എന്നിവരുടേതുൾപ്പെടെ ആറോളം മനോഹര ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം മുഹാഷിൻ സംവിധാനം ചെയ്ത ‘വള’യാണ്.

ധ്യാൻ ശ്രീനിവാസനും അപർണ ദാസും ഒന്നിക്കുമ്പോൾ, മലയാള സിനിമയിലേക്ക് ഒരു മികച്ച റൊമാന്റിക് ഡ്രാമ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഒരിടവേളയ്ക്ക് ശേഷമാണ് ധ്യാൻ ശ്രീനിവാസൻ ഒരു പ്രണയചിത്രത്തിൻ്റെ ഭാഗമാകുന്നത്. ‘പ്രേമലു’വിന് ശേഷം മലയാളത്തിൽ ശക്തമായ ഒരു റോം-കോം സിനിമ വന്നിട്ടില്ലാത്ത സാഹചര്യത്തിൽ, റിലീസ് ചെയ്ത വീഡിയോ ഗാനത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് ‘ഡിയർ ജോയ്’ ഈ കുറവ് നികത്തുമെന്നാണ്.
അമർ പ്രേം നിർമ്മിച്ച്, എക്ത പ്രൊഡക്ഷൻ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഡിയർ ജോയ്’. ധ്യാൻ ശ്രീനിവാസനും അപർണ ദാസിനും പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, ബിജു സോപാനം, നിർമൽ പാലാഴി, മീര നായർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര ചിത്രത്തിലുണ്ട്. അടുത്തിടെ അന്തരിച്ച മലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ നവാസ് അഭിനയിച്ച അവസാന ചിത്രങ്ങളിൽ ഒന്നു കൂടിയാണ് ‘ഡിയർ ജോയ്’ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

