നടൻ വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ജനനായകൻ’. എച്ച്. വിനോദ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അനിരുദ്ധ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ തമിഴ്നാട് വിതരണാവകാശം 106.5 കോടി രൂപയ്ക്ക് വിറ്റുപോയതായാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. വിതരണാവകാശം സ്വന്തമാക്കിയതാരെന്ന് വ്യക്തമല്ല. ചിത്രം ജനുവരി 9-ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ ട്രെയിലർ ഡിസംബർ 31-ന് പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത തുടങ്ങി വൻ താരനിരയാണ് പ്രധാന റോളുകളിലുള്ളത്. കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ. നാരായണയാണ് കെ വി എൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ദളപതി വിജയ്യുടെ പ്രിയപ്പെട്ട സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്ലി, നെൽസൺ എന്നിവർ ‘ജനനായകൻ’ ചിത്രത്തിലെ ഒരു ഗാനരംഗത്ത് ഒന്നിക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
രാഷ്ട്രീയത്തിൽ സജീവമാകുന്നതിൻ്റെ ഭാഗമായി സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ ഒരുങ്ങുന്ന വിജയ്യുടെ ‘ജനനായകൻ’ എന്ന ചിത്രം, നടന് 1000 കോടി കളക്ഷൻ നേടി ചരിത്രം സൃഷ്ടിക്കാൻ അവസരം നൽകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. സംവിധായകൻ എച്ച്. വിനോദ് ഈ ചിത്രത്തിൽ എല്ലാത്തരം ഇമോഷനൽ ഘടകങ്ങൾക്കും പ്രാധാന്യം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയ്യുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം, വെങ്കട് പ്രഭു സംവിധാനം ചെയ്ത ‘ദ ഗോട്ട്’ ആയിരുന്നു. വൻ വിജയമായി മാറിയ ‘ദ ഗോട്ട്’ ആഗോളതലത്തിൽ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോർട്ട്.


