Sat. Nov 21st, 2026

പാട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ പത്താം തവണയും സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നു. നാളെ (നവംബർ 20) രാവിലെ 10.30 ന് ഗാന്ധി മൈതാനത്ത് വെച്ചാണ് ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

എൻഡിഎയുടെ നിയമസഭാ കക്ഷി നേതാവായി നിതീഷിനെ സഖ്യകക്ഷികളുടെ യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. എൽജെപി, ആർഎൽഎം, എച്ച്എഎം (എസ്), ബിജെപി എന്നീ കക്ഷികളുടെ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം. ബിജെപിയുടെ സാമ്രാട്ട് ചൗധരിയാണ് നിതീഷിന്റെ പേര് മുന്നോട്ട് വെച്ചത്.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മന്ത്രിസ്ഥാന വിഭജനത്തിലും ധാരണയായിട്ടുണ്ട്. ബിജെപിയിൽ നിന്ന് സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായി തുടരും. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട ചിരാഗ് പാസ്വാന് കൂടുതൽ മന്ത്രിസ്ഥാനം നൽകി അനുനയിപ്പിക്കാനാണ് എൻഡിഎയുടെ നീക്കം.

ആഭ്യന്തര വകുപ്പ് തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് ബിജെപി. പകരം ധനകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ ജെഡിയുവിന് നൽകിയേക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള 36 അംഗ മന്ത്രിസഭയിൽ ജെഡിയുവിന് 14, ബിജെപിക്ക് 16, എൽജെപിക്ക് 3, എച്ച്എഎംന് 1, ആർഎൽഎസ്പിക്ക് 1 എന്നിങ്ങനെയാണ് മന്ത്രിസ്ഥാനങ്ങൾ വിഭജിക്കുക. നിതീഷ് കുമാർ ഇതിനോടകം രാജ്ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.