തൻ്റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യുടെ ട്രെയ്ലർ ലോഞ്ച് വേദിയിൽ വെച്ച് മലയാള സിനിമാ പ്രേക്ഷകരെക്കുറിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ നടത്തിയ വാക്കുകൾ ശ്രദ്ധേയമാകുന്നു. തന്നെ വളർത്തി വലുതാക്കിയ പ്രേക്ഷകർക്ക് തന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് താരം തുറന്നുപറഞ്ഞു.
“എന്നെ വളര്‍ത്തിയത് നിങ്ങളാണ്. അതുകൊണ്ട് തന്നെ എന്നെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്. ഞാന്‍ മോശമായാല്‍ മോശമാണെന്ന് പറയാനും, എന്നിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനും ഏറ്റവും കൂടുതല്‍ അവകാശമുള്ളത് എന്നെ വളർത്തിയ മലയാള സിനിമാപ്രേക്ഷകര്‍ക്ക് തന്നെയാണ്. ഞാൻ എല്ലാ ബഹുമാനത്തോടെയും അത് സ്വീകരിക്കുന്നു,” പൃഥ്വിരാജ് പറഞ്ഞു. താൻ ചെയ്യുന്ന ഓരോ സിനിമയും 100 ശതമാനം പരിശ്രമത്തോടെ മാത്രമേ സമീപിക്കൂ എന്നും താരം കൂട്ടിച്ചേർത്തു.

ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ നവംബർ 21 നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻ്റെ ട്രെയ്ലറിന് ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന ആക്ഷൻ സീനുകളും ശക്തമായ അഭിനയ മുഹൂർത്തങ്ങളും ട്രെയിലറിൽ കാണാം. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രത്തിൽ, ഡബിൾ മോഹനൻ എന്ന കഥാപാത്രമായി ഇതുവരെ കാണാത്ത മാസ് മേക്കോവറിലാണ് പൃഥ്വിരാജ് എത്തുന്നത്. ഷമ്മി തിലകനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സന്ദീപ് സേനൻ്റെ ഉർവ്വശി തിയേറ്റേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.


