ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഭൂട്ടാൻ സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി മുഴുവൻ സാഹചര്യം വിലയിരുത്തിയെന്നും എല്ലാ കുറ്റവാളികളെയും ഉടൻ പിടികൂടുമെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വളരെ ഭാരിച്ച ഹൃദയത്തോടെയാണ് താനിവിടെ വന്നതെന്ന് പറഞ്ഞ മോദി, ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖിപ്പിച്ചു. “ദുരിതം ബാധിച്ച കുടുംബങ്ങളുടെ ദുഃഖം ഞാൻ മനസ്സിലാക്കുന്നു. ഇരകൾക്ക് നീതി ഉറപ്പാക്കും,” അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയുടെ കേന്ദ്രം കണ്ടെത്തുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും താൻ ഇന്നലെ രാത്രി ബന്ധപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

