Fri. Oct 30th, 2026

മുന്നിൽ നിരന്നുനിന്നിരുന്ന എല്ലാ റെക്കോഡുകളും തകർത്തുകൊണ്ടുള്ള മുന്നേറ്റം തുടർന്നുകൊണ്ടിരിക്കുകയാണ് ‘ലോക’. ഇപ്പോഴിതാ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. മോഹന്‍ലാല്‍ ചിത്രമായ തുടരും സ്വന്തമാക്കിയ റെക്കോര്‍ഡാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര ഇപ്പോൾ സ്വന്തം പേരിലാക്കിയിരിക്കുന്നത്. തുടരും നേടിയ 118.9 കോടിയുടെ റെക്കോര്‍ഡാണ് ലോക പിന്നിലാക്കിയിരിക്കുന്നത്. 38 ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം തുടരുമിനെ വീഴ്ത്തിയത്.

പല റെക്കോഡുകളും ലോക സ്വന്തമാക്കിയിരുന്നുവെങ്കിലും കേരളത്തില്‍ നിന്നും മാത്രമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയെന്ന റെക്കോര്‍ഡ് തുടരും ചിത്രത്തിനായിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്, ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ സിനിമ, ഏറ്റവും കൂടുതല്‍ ആളുകളെ തിയേറ്ററിലെത്തിച്ച മലയാളം സിനിമ തുടങ്ങിയ നേട്ടങ്ങൾ ഇതിനോടകം തന്നെ ലോക സ്വന്തമാക്കിയിട്ടുണ്ട്. പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പന്‍ തരംഗമായി മാറിയിരുന്നു.

കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ ചിത്രത്തില്‍ നസ്ലന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. അഞ്ച് ഭാഗങ്ങളുള്ള ലോക സീരീസിലെ ആദ്യ ചിത്രമാണിത്.