മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് ‘ഹൃദയപൂർവ്വം’. ഇപ്പോഴിതാ ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ഹൃദയപൂർവ്വത്തിന്റെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് മോഹൻലാൽ

“പ്രിയപ്പെട്ട പ്രേക്ഷകർ ഹൃദയം കൊണ്ട് ഹൃദയപൂർവ്വത്തെ സ്വീകരിച്ചു എന്നറിയുന്നതിൽ ഒരുപാടു സന്തോഷം. ഞാനിപ്പോൾ യുഎസിലാണുള്ളത്. ഇവിടെയും നല്ല റിപ്പോർട്ടുകളാണ് സിനിമയെക്കുറിച്ച് ലഭിക്കുന്നത്. ഒരുപാടു സന്തോഷം, ഇങ്ങനെ ഒരു സിനിമയെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചതിൽ, ഇതൊരു വിജയ ചിത്രമായി മാറ്റിയ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു, എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ‘ഹൃദയപൂർവം’ ഓണാശംസകൾ.” ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ മോഹൻലാൽ പറഞ്ഞു.
മാളവിക മോഹനൻ നായികയായെത്തിയ ചിത്രത്തിൽ സംഗീത് പ്രതാപ്, ലാലു അലക്സ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അതേസമയം അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂർവ്വത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററിൽ മുന്നേറുകയാണ്.

