തിരുവനന്തപുരം: സൂംബ വിവാദത്തില് പ്രതികരണവുമായി എഎ റഹീം എംപി. നമ്മുടെ കുട്ടികള് സൂംബ ഡാന്സ് കളിക്കട്ടെ എന്നും എതിര്ക്കുന്നവരും വൈകാതെ ഈ താളത്തിനൊത്ത് നൃത്തം ചെയ്യുമെന്നും എഎ റഹീം. അല്പ്പവസ്ത്രം എന്ന പ്രയോഗം തന്നെ അടിസ്ഥാനരഹിതമാണെന്നും സൂംബ സ്കൂളുകളില് പഠിപ്പിച്ചാല് ആകാശം ഇടിഞ്ഞുവീഴില്ലെന്നും എംപി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സര്ക്കാര് ഒന്നും ആരുടെയും മേല് അടിച്ചേല്പ്പിക്കുന്നില്ല. ലഹരിക്കെതിരായ ക്യാംപെയ്ന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബയെ മുന്നോട്ടുവെച്ചത്. ആധുനികതയെ ഭയക്കുന്നവര്ക്ക് മാറിനില്ക്കാം. സൂംബ ഡാന്സിനെ എതിര്ക്കുന്നവര് ആധുനികതയെ ഭയക്കുന്നവരാണ്. ആധുനികതയുടെയും ആസ്വാദനത്തിന്റെയും പുതിയ വഴികളില് നിന്ന് മുഖം തിരിച്ചുപിടിച്ച ഈ യാഥാസ്ഥിതിക ലോകത്തെ മുസ്ലിം സമുദായം തന്നെ തിരുത്തിയിട്ടുണ്ട്. ഇനിയും തിരുത്തും. ആധുനികതയെ ഭയക്കുന്നവര് സ്വയം പരാജയപ്പെടും’-എഎ റഹീം പറഞ്ഞു.

എ എ റഹീം എംപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം:
നമ്മുടെ കുട്ടികള് സൂംബ ഡാന്സ് കളിക്കട്ടെ. എതിര്ക്കുന്നവരും വൈകാതെ ഈ താളത്തിനൊത്ത് നൃത്തം ചെയ്യും!
നൃത്തസംവിധായകനും എയറോബിക്സ് പരിശീലകനുമായ കൊളംബിയക്കാരന് ആല്ബര്ട്ടോ ‘ബെറ്റോ’ പെരസ് യാദൃശ്ചികമായി കണ്ടുപിടിച്ച ഒരു വ്യായാമ മുറയാണ് സൂംബ. ഒരു സാധാരണ വ്യായാമം എന്നതിലുപരി, മാനസിക പിരിമുറുക്കം കുറയ്ക്കാനും നിരവധി ആരോഗ്യ പ്രശ്നങ്ങളെ നേരിടാനും സൂംബ ഡാന്സ് ഫലപ്രദമാണ്.
‘അല്പ വസ്ത്രം’ എന്ന പ്രയോഗം തന്നെ അടിസ്ഥാനരഹിതമാണ്. എനിക്കറിയാവുന്ന ധാരാളം ആളുകള് ഒറ്റയ്ക്കും കുടുംബമായും ഈ വ്യായാമരീതി പിന്തുടരുന്നുണ്ട്. ഇത് നമ്മുടെ സ്കൂളുകളില് പഠിപ്പിച്ചാല് ആകാശം ഇടിഞ്ഞുവീഴില്ല.
സര്ക്കാര് ആരുടെയും മേല് ഒന്നും അടിച്ചേല്പ്പിക്കുന്നില്ല. ലഹരിക്കെതിരായുള്ള കാമ്പയിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബയെ മുന്നോട്ട് വെച്ചത്. ആധുനികതയെ ഭയക്കുന്നവര്ക്ക് മാറിനില്ക്കാം.
സൂംബ ഡാന്സിനെ എതിര്ക്കുന്നവര് ആധുനികതയെ ഭയക്കുന്നവരാണ്. ഇവര് ഇന്നലെകളില് എതിര്ത്തതൊന്നും നമ്മള് മറക്കരുത്.
ടെലിവിഷനെ എതിര്ത്തവര് പിന്നീട് ടെലിവിഷന് ചാനലുകള് തന്നെ തുടങ്ങി!.
സിനിമയെ എതിര്ത്ത സംഘടനകള്, പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തോട് മുഖം തിരിച്ചു നിന്ന സംഘടനകള്.
കല്യാണം ക്യാമറയില് പകര്ത്തുന്നത് ‘ഹറാം’ ആണെന്ന് പറഞ്ഞിരുന്ന സംഘടനകള്, അങ്ങനെ കല്യാണം നടത്തിയതിന്റെ പേരില് ‘വിലക്ക്’കിട്ടിയ സാധാരണക്കാര്.
ഒന്നും മറക്കരുത്.
ആധുനികതയുടെയും ആസ്വാദനത്തിന്റെയും പുതിയ വഴികളില് നിന്ന് മുഖം തിരിച്ചുപിടിച്ച ഈ യാഥാസ്ഥിതിക ലോകത്തെ മുസ്ലിം സമുദായം തന്നെ തിരുത്തിയിട്ടുണ്ട്. ഇനിയും തിരുത്തും. ആധുനികതയെ ഭയക്കുന്നവര് സ്വയം പരാജയപ്പെടും!


