Sat. Nov 21st, 2026

കല്യാണി പ്രിയദര്‍ശനും നസ്ലെനും കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്. ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര എന്നാണ് ചിത്രത്തിന്റെ പേര്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് കല്യാണി ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. കല്യാണി പ്രിയദര്‍ശനോടൊപ്പം നസ്ലെനേയും പോസ്റ്ററില്‍ കാണാം. ഡൊമിനിക് അരുണ്‍ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’.

പ്രേക്ഷകര്‍ക്ക് വലിയ ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകര്‍ ഇന്നോളം കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് പോസ്റ്റര്‍ തരുന്നത്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ഈ ചിത്രം.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റര്‍ – ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് – റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ് തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.