പാലക്കാട്: പാലക്കാട് നഗരസഭയുടെ പരിധിയിലുള്ള മാട്ടുമന്തയിലെ മുൻസിപ്പാലിറ്റി പൊതു ശ്മശാനത്തിൽ ഒരു വിഭാഗത്തിന് മാത്രമായി മതിൽ കെട്ടിതിരിച്ച് ശവസംസ്ക്കാരം നടത്താൻ അനുവദിക്കപ്പെട്ടിട്ടുള്ള ജാതിമതിൽ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിൻറെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രന്ഥശാല സംഘം സംസ്ഥാന നിർവാഹ സമിതി അംഗം ശ്രീ വി.കെ ജയപ്രകാശ് സമൂഹത്തെ വിഭാഗീകരിക്കുന്ന ജാതിമതിൽ നവോത്ഥാന കേരളത്തിന് അപമാനവും , ഇന്ത്യൻ ഭരണഘടനയുടെ സ്വാതന്ത്ര്യ സമത്വ ആശയങ്ങൾക്ക് വിരുദ്ധവുമാണെന്ന് പറഞ്ഞു. കേരള യുക്തിവാദി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ ശക്തിധരൻ അധ്യക്ഷനായി.
തുടർന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശബരിഗിരിഷ്, ജില്ലാ പ്രസിഡണ്ട് എ രാമകൃഷണൻ, കവി സതീഷ് കൊയിലത്ത്, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ശ്രീ. നാരായണൻകുട്ടി കോലായ്ക്കൂട്ടം സാംസ്കാരിക വേദി പ്രസിഡൻ്റ് ഡോ: യു .ജയപ്രകാശ് യുവ കലാസാഹിതി അംഗം ഉപ്പോട്ട് അനിൽകുമാർ, നാടക പ്രവർത്തകൻ ചേരാമംഗലം ചാമുണ്ണി, നാഷണൽ അലയൻസ് ഓഫ് പീപ്പിൾ മൊമെന്റ് അംഗം എസ്. രമണൻ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

മോയൻ സ്കൂളിനടുത്തുള്ള നവോത്ഥാന നായകൻ കൃഷ്ണ സ്വാമിഅയ്യർ പാർക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥയ്ക്ക് ശ്രീമതി പി.മീര ടീച്ചർ, ശ്രീമതി.വിദ്യ, ശെൽവൻ, മോഹൻ കെ ചിറ്റൂർ എന്നിവർ നേതൃത്വം നൽകി. ജില്ല സെക്രട്ടറി അനിൽകുമാർ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി വേണുഗോപാൽ നന്ദിയും പറഞ്ഞു.
പാലക്കാട് നഗരസഭാ പരിധിക്കുള്ളിലെ മാട്ടുമന്തയിൽ പാലക്കാട് നഗരസഭയുടെ കൈവശമുള്ള ആറെമുക്കാൽ ഏക്കർ ഭൂമിയിൽ നിന്നും ഇരുപത് സെന്റ് സ്ഥലം പ്രാദേശിക എൻഎസ്എസ്സ് കരയോഗത്തിന് ശ്മശാനമായി ഉപയോഗിക്കുന്നതിന് നഗരസഭ വിട്ടു കൊടുത്തതായുള്ള വാർത്തകളും, അവർ അവിടെ സ്ഥലം തിരിച്ചു ചുറ്റുമതിൽ കെട്ടു ന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു. പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്.
പൊതു ശ്മശാനത്തിൽ വരെ ജാതിമതിൽ കെട്ടി മനുഷ്യരെ വിഭജിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ, മതിൽ എൻ എസ് എസ് സ്പോൺസർ ചെയ്തതാണെന്ന് പറഞ്ഞു തടിതപ്പാനാണ് നഗരസഭ ശ്രമിച്ചത്. എന്നാൽ പാലക്കാട് നഗരസഭയ്ക്ക് കീഴിലെ പൊതു ശ്മശാനം നിർമ്മിക്കുമ്പോൾ അതിൽ 20 സെൻറ് എൻഎസ്എസ് ന് പ്രത്യേകം അനുവദിച്ചിട്ടുണ്ട് എന്നുള്ള തെളിവ് പുറത്ത് വന്നിട്ടുണ്ട്.



