കൊച്ചി: വര്‍ഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് വ്യവസായമന്ത്രി പി രാജീവ്. മുനമ്പം വിഷയത്തില്‍ ബിജെപി നിലവിലെ സ്ഥിതി സങ്കീര്‍ണമാക്കുകയാണ്. ജനങ്ങളുടെ ആശങ്ക മുതലെടുത്തുള്ള നീക്കമാണ് നടക്കുന്നത്. മുനമ്പം നിവാസികള്‍ക്ക് നിയമപരിരക്ഷ ലഭിക്കണം. ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും എന്നും മന്ത്രി ഉറപ്പ് നല്കി.
അതെസമയം ആദ്യമായി മുനമ്പത്ത് എത്തുന്ന തനിക്ക് മുനമ്പത്തെ പ്രശ്നങ്ങളെ പറ്റി വ്യക്തമായ ധാരണയുണ്ട് എന്ന് കിരണ്‍ റിജിജു പറഞ്ഞു. മുനമ്പത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് തരാനാണ് താന്‍ എത്തിയതെന്നും ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാത്ത നിലയില്‍ പരിഹാരം ഉണ്ടാകുമെന്നും കിരണ്‍ റിജിജു മുനമ്പത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്കി.
വഖഫ് നിയമം അനിയന്ത്രിതമായ അധികാരങ്ങളാണ് വഖഫ് ബോര്‍ഡിന് നല്‍കിയിരുന്നത്. നരേന്ദ്രമോദി ആ അധികാരങ്ങള്‍ എല്ലാം എടുത്തു കളഞ്ഞിരിക്കുന്നു. കേന്ദ്രം മുസ്ലിങ്ങള്‍ക്കോ ഇസ്ലാമിനോ എതിരല്ല. എന്നാല്‍ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. മുനമ്പം ഭൂമിയിലെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതുവരെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു മുനമ്പത്ത് ‘നന്ദി മോദി ബഹുജനകൂട്ടായ്മ’ പരിപാടിയില്‍ പറഞ്ഞു.
വഖഫ് ഭേദഗതി ബിജെപിക്ക് രാഷ്ട്രീയ വിഷയമല്ലെന്നും അത് ജനങ്ങളുടെ നീതിയുടെ വിഷയമാണ്. മുനമ്പത്തേതിന് സമാനമായ പ്രശ്നം രാജ്യത്ത് ഒരാള്‍ക്കും ഇനി നേരിടേണ്ടി വരില്ല. വഖഫ് നിയമ ഭേദഗതിക്ക് ശേഷം മുസ്ലീം കുടുംബങ്ങള്‍ നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു എന്നും കേന്ദ്രമന്ത്രി അവകാശവാദമുന്നയിച്ചു. വഖഫ് ബോര്‍ഡില്‍ മുസ്ലീങ്ങള്‍ അല്ലാത്ത അംഗങ്ങളും ഉള്‍പ്പെടും. ഒരു ഭൂമിയും വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിക്കാന്‍ വഖഫ് ബോര്‍ഡിന് കഴിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

