ന്യൂഡൽഹി: ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിലുള്ള മാംസ വിൽപ്പനയ്ക്ക് വിലക്കിട്ട് യുപി സർക്കാർ. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചാണ് തീരുമാനം. അനധികൃത അറവുശാലകൾ പൂട്ടാനും സർക്കാർ ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്. നിയമം കർശനമായി നടപ്പിലാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്കും പൊലീസ് കമ്മിഷണർമാർക്കും മുനിസിപ്പൽ കമ്മിഷണർമാർക്കും സർക്കാർ നിർദേശം നൽകി.
‘‘നവരാത്രി ആഘോഷ സമയത്ത് ആരാധനാലയങ്ങളുടെ അര കിലോമീറ്റർ ചുറ്റളവിൽ മത്സ്യ, മാംസ വിൽപ്പന അനുവദിക്കില്ല. നിയന്ത്രണ പരിധിക്കു പുറത്ത് അനുമതിയോടെ മാത്രമേ വിൽപ്പന നടത്താവൂ. തുറസ്സായ സ്ഥലങ്ങളിൽ മത്സ്യ, മാംസങ്ങൾ വിൽക്കുന്നതിന് അനുവദിക്കില്ല.’’–ഉത്തരവിൽ പറയുന്നു.
ഏപ്രിൽ ആറിന് രാമനവമി ദിവസത്തിൽ സംസ്ഥാനത്താകെ മൽസ്യ, മാംസ വിൽപ്പനയ്ക്കു നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു സർക്കാർ മുന്നറിയിപ്പു നൽകി. ഉത്തർപ്രദേശ് മുനിസിപ്പൽ കോർപറേഷൻ ആക്ട് ആൻഡ് ഫുഡ് സേഫ്റ്റി ആക്ട് അനുസരിച്ചു നടപടി സ്വീകരിക്കാനാണു നിർദേശം.

