Sun. Nov 22nd, 2026

തിരുവനന്തപുരം: കുടുംബത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് റഹീം. ഞാന്‍ വീടുമായി നിരന്തരം സംസാരിക്കുന്ന ആളാണ്. അത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു. ഷെമീനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. ഇന്ന് സംസാരത്തിലും വ്യത്യാസം ഉണ്ട്. എല്ലാവരുടേയും പ്രാര്‍ത്ഥന വേണം. മകനുമായി നിരന്തരം സംസാരിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലിസ് സത്യം കണ്ടത്തട്ടെ. മറ്റൊന്നും പറയാന്‍ കഴിയുന്ന സാഹചര്യത്തിലല്ലെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വെഞ്ഞാറമൂട് പൊലീസും റഹീമിന്റെ മൊഴിയെടുത്തു. റഹീം പൊലീസിന് മുന്നില്‍ നല്‍കിയ മൊഴിയുടെ വിവരങ്ങള്‍ പുറത്ത് വന്നു. കുടുംബത്തിന് 65 ലക്ഷം കടബാധ്യയുള്ള വിവരം തനിക്കറിയില്ലായിരുന്നുവെന്നാണ് റഹിം പൊലീസിന് നല്‍കിയ മൊഴി. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയില്‍ നിന്നും വാങ്ങിയ വായ്പയും ഉള്‍പ്പെടെ 15 ലക്ഷം രൂപ നാട്ടില്‍ ബാധ്യതയുണ്ടെന്ന വിവരം എനിക്കറിയാമായിരുന്നു. അഫാന് ഒരു പെണ്‍കുട്ടിയുമായി അടുപ്പമുള്ള കാര്യവും അറിയാമായിരുന്നു. ആ പെണ്‍കുട്ടിയുടെ സ്വര്‍ണ മാല പണയം വെച്ചിരുന്നു. ആ മാല പണയത്തില്‍ നിന്നും എടുത്ത് നല്‍കാന്‍ 60,000 രൂപ ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്കയച്ചതായും റഹിം പറഞ്ഞു.