Sat. Nov 21st, 2026

✍️ ലിബി. സി.എസ്

ഇതുപോലെ ഒരുപാട് മഹാന്മാർ കൊണ്ടാടപ്പെടുന്നുണ്ട്, അദ്ദേഹം ഹിന്ദുമത പരിഷ്കരണത്തിന് ശ്രമിച്ചയാളുമാണ്. അങ്ങനെ മതപരിഷ്കരണവാദികൾ ഇന്നുമുണ്ട്. എന്നുമുണ്ടായിരുന്നു. മതപരിഷ്കരണ വാദത്തെയല്ലല്ലോ നമ്മൾ നവോത്ഥാനം എന്നു വിളിക്കുന്നത്? സഹോദരൻ അത് ഗാന്ധിയോട് തന്നെ പറയുന്നുണ്ടല്ലോ? ഞങ്ങൾക്ക് ഇത് ഒരു ഹിന്ദുമത പരിഷ്കരണ പരിപാടിയല്ല, മാനവ സേവാ വേലയാണ് എന്ന്. അയ്യൻ കാളിയെയും നാരയണഗുരുവിനെയും ഇതുപോലെ സുനാതനത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ അന്നേ തുടങ്ങിയതും ഇന്നും തുടർന്നുകൊണ്ടിരിക്കുന്നതുമാണ്.

ഒരുപാട് പ്രസിദ്ധീകരണ കേന്ദ്രങ്ങൾ അതിനായി ഇപ്പോൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഡോ. അംബേദ്കറെ വരെ തങ്ങളുടെ താത്‌പര്യത്തിന് അനുസരിച്ച് വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുമുണ്ട്. ഒരുപാട് കീഴാള മുന്നേറ്റങ്ങളെക്കുറിച്ച് വ്യാജ ചരിത്രം നിർമ്മിക്കുന്നുണ്ട്. ഹിന്ദുത്വ വാദികളും ബിപ്ലവകാരികളുമൊക്കെ ഇത് ചെയ്യുന്നുണ്ട്. അത്തരം പുസ്തകങ്ങളിൽ പറയുന്ന പലകാര്യങ്ങളുടെയും പ്രൈമറി സോഴ്സ് അന്വേഷിച്ചു ചെന്നാൽ അതൊന്നും അതിൽ കാണാറില്ല, നുണകൾ എഴുതിപ്പിടിപ്പിച്ചിട്ട് പഴയ പുസ്തകങ്ങളും സോവനീറുകളുമൊക്കെ ലൈബ്രറികളിൽനിന്നും വ്യാപകമായി പെറുക്കിക്കൊണ്ടുപോയി നശിപ്പിച്ചുകളയാൻ എല്ലാ ജില്ലയിലും ഒരു ഗ്യാങ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നുവേണം കരുതാൻ. അങ്ങനെ പറയാൻ കാരണം ആലപ്പുഴ ജില്ലയിൽ പല ലൈബ്രറികളിൽ നിന്നും പഴയ പുസ്തകങ്ങൾ പെറുക്കിക്കൊണ്ടുപോകുന്ന ചിലർ ഉണ്ട്. പിന്നെ തിരിച്ചു കൊടുക്കില്ല, ഇത് ബോധപൂർവമാണെന്നു മനസിലായത് ഞാൻ തപ്പി നടന്ന ഒരു പുസ്‌തകം എല്ലാ ലൈബ്രറികളിൽ നിന്നും ഒരാൾ തന്നെയാണ് കൊണ്ടുപോയിരിക്കുന്നത്. വായിക്കാൻ ആണെങ്കിൽ ഒരു കോപ്പി മതിയല്ലോ? തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറിയിൽ വരെ ഇത് നടക്കുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ വളരെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

എല്ലാ ഇടപെടലുകളും ശ്രീനാരായണഗുരുവിൽ എത്തിച്ച് ഗുരുവിനെ ശങ്കരന്റെ പിൻഗാമിയാക്കി സുനാതനത്തിൽ എത്തിക്കുന്ന പ്രവണതയും നടന്നുവരുന്നുണ്ട്. അത്തരം പുസ്തകങ്ങളിലൊക്കെ വസ്തുതാവിരുദ്ധമായ ഒരുപാടുകാര്യങ്ങൾ ബോധപൂർവം തന്നെ പടച്ചുവിടുന്നുണ്ട്.

അയ്യൻകാളിയുടെ വില്ലുവണ്ടി യാത്രയൊക്കെ നടക്കുന്നത് സദാനന്ദ സ്വാമിയെ കണ്ടുമുട്ടുന്നതിന് മുൻപാണ്. സദാനന്ദ സ്വാമി അയ്യൻ‌കാളിയെ വാസ്തവത്തിൽ ഹൈജാക്ക് ചെയ്യുക ആയിരുന്നു എന്നാണ് എനിക്ക് മനസിലായത്. അല്ലാതെ മഹാത്മാ അയ്യൻ‌കാളിയെ സൃഷ്ടിച്ചത് സദാനന്ദ സ്വാമി അല്ല.

തിരുവിതാംകൂർ ദിവാന്റെ ക്ഷണപ്രകാരമാണ് പാലക്കാട് സ്വദേശിയായ രാമനാഥ മേനോൻ എന്ന സദാനന്ദ സ്വാമി സുനാതന ഹിന്ദു രാജ്യത്തെ രക്ഷിക്കാൻ തിരുവനന്തപുരം സന്ദർശിക്കുന്നത്. മതപരിവർത്തനത്തിലൂടെ അയിത്ത ജാതിക്കാർ ക്രിസ്തുമതത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയാണ് അദ്ദേഹത്തെ ആനയിച്ചു കൊണ്ടുവന്നവർ ഉദ്ദേശിച്ചത്. അയ്യങ്കാളിയും അദ്ദേഹത്തിൻറെ പിതാവും അടക്കമുള്ള പുലയർ സദാനന്ദ സ്വാമിയുടെ ചിത്സഭയിൽ അംഗങ്ങളായി. ‘സദാനന്ദ സാധുജന പരിപാലന സംഘ’ത്തിൽ ചേർന്നു.

ദളിതരുടെ സമുദായ വൽക്കരണത്തെ തടഞ്ഞത് ആര്?

ആദ്യം ഹിന്ദുമത പരിഷ്കരണത്തിന് ശ്രമിക്കുന്ന നാരയണഗുരു അത് അസാധ്യമെന്ന് പിന്നീട് സ്വയം തിരിച്ചറിയുന്നതു പോലെ അയ്യൻകാളിയും തൻറെ ഉദ്ദേശലക്ഷ്യങ്ങൾ അവിടെ നിന്നുകൊണ്ട് പൂർത്തീകരിക്കാൻ കഴിയില്ലെന്നു മനസിലാക്കി ‘സദാനന്ദ സാധുജന പരിപാലന സംഘ’ത്തിൽ നിന്നും പുറത്തുവന്ന്, കൺവെർട്ട് ചെയ്‌ത ദളിതരെയും വിവിധ ജാതികളെയും ഉപജാതികളെയും എല്ലാം ഉൾപ്പെടുത്തി സ്വന്തമായി ‘സാധുജന പരിപാലന സംഘം’ രൂപീകരിച്ചെങ്കിലും, എല്ലാ ജാതികളും ഒത്തുചേർന്ന് ഒരു സംഘമായി അത് ഏറെക്കാലം നിലനിന്നില്ല. അല്ലെങ്കിൽ നിലനിൽക്കാൻ അവർ അനുവദിച്ചില്ല.

ജാതിക്കും ഉപജാതികൾക്കും എല്ലാം അതീതമായി ദളിതർ സംഘടിക്കുന്നത് കണ്ടപ്പോൾ ജാതി ഹിന്ദുവിന് കുരുപൊട്ടി, ക്ഷേത്രപ്രവേശന വിളമ്പരത്തിലൂടെ കാണിച്ച അവരുടെ അതേ കുരുട്ട് ബുദ്ധി തന്നെയാണ് അയ്യൻകാളിയെ പുലയരുടെ മാത്രം പ്രതിനിധിയായി പ്രജാസഭയിൽ എടുത്തു കൊണ്ട് ചെയ്തത്‌. പ്രജാസഭയിലേക്ക് അദ്ദേഹത്തെ നോമിനേറ്റ് ചെയ്യുന്നത് സാധുജന പരിപാലന സംഘത്തിന്റെ പ്രതിനിധി എന്ന നിലയിൽ ആയിരുന്നില്ല.

പിന്നീട് ഓരോ സമുദായത്തിൻറെയും പ്രതിനിധികളെ പ്രജാസഭയിലെത്തിച്ചു, ജാതിക്കും ഉപജാതിക്കും അപ്പുറം ഒരു സമുദായമായി ദളിതർ സംഘടിക്കുന്നത് തടയാനാണ് ഓരോ ജാതിയുടെയും പ്രതിനിധികളെ പ്രജാ സഭയിലെത്തിച്ചത്.

ഇന്ന് നമ്മൾ അത് പുരോഗമനമായിട്ടാണ് പറയുന്നതെങ്കിലും ക്ഷേത്രപ്രവേശന വിളമ്പരം പോലെ ഒരു പുരോഗമനം ആണത്. 100 വർഷം കഴിഞ്ഞിട്ടും ഇന്നും ദലിതർക്കിടയിൽ സമുദായവൽക്കരണം സാധിക്കാതാക്കിയത് അങ്ങിനെയാണ്.

സദാനന്ദ സ്വാമികൾ വഴി ഉണ്ടായ ഹൈന്ദവ ബന്ധം:

നാരയണഗുരു മതത്തിനതീതമായി മനുഷ്യൻ എന്ന ചിന്തയിലേക്ക് അവസാനഘട്ടത്തിൽ എത്തിയെങ്കിലും അനുയായികൾ എത്താത്തതുപോലെ അയ്യങ്കാളിയും സദാനന്ദ സ്വാമിയുടെ പ്രസ്ഥാനത്തിൽ നിന്ന് പുറത്തുവന്നെങ്കിലും അനുയായികൾ ഹിന്ദുത്വം വിടാൻ തയാറായിരുന്നില്ല എന്ന് കാണാവുന്നതാണ്.

മാത്രമല്ല തിരുവിതാംകൂറിൽ സുനാതന അധർമ്മ സംസ്ഥാപനത്തിനായി കോഴഞ്ചേരി ചെറുകോൽപ്പുഴയിൽ ഹിന്ദുമഹാ സമ്മേളനം തുടങ്ങിയത് ഈ പറഞ്ഞ സദാനന്ദ സ്വാമികളും വാഴൂർ തീർത്ഥപാദ സ്വാമികളും ചേർന്നായിരുന്നു. സച്ചിതാനന്ദയുൾപ്പെടെ എല്ലാവർഷവും അവിടെപ്പോയി സുനാതനത്തെ ശോഭിപ്പിക്കുനത്തിന്റെ ലിങ്കുകൾ നെറ്റിൽ ഉണ്ട്.

സദാനന്ദ സ്വാമികൾ വഴി ഉണ്ടായ അയ്യൻ കാളിയുടെ ഹൈന്ദവ ബന്ധം തന്നെയാണ് ക്ഷേത്രവും ഹിന്ദുത്വ വിശ്വാസവും തമ്മിൽ ദളിതരെ ഇന്നും ബന്ധിപ്പിക്കുന്നത് എന്നതാണ് യാതാർഥ്യം. അന്ന് ക്രൈസ്തവ മിഷനറിമാരുമായി ഹിന്ദുത്വവാദികൾ നേരിട്ട് ഏറ്റുമുട്ടിയാൽ ബ്രിട്ടീഷ് ഗവൺമെൻറ് കേസെടുക്കുകയും നല്ല ശിക്ഷയും കൊടുക്കുമായിരുന്നു.

അതുകൊണ്ട് സദാനന്ദ സ്വാമി വഴി അയ്യങ്കാളിയിലൂടെ ക്രൈസ്തവരുമായി നേരിട്ട് ഒരു ഏറ്റുമുട്ടൽ നടത്താതെ ഹിന്ദുത്വവാദികളുടെ ഉദ്ദേശം ലക്ഷ്യം കണ്ടതായാണ് അയ്യങ്കാളിയുടെ ജീവചരിത്രം നിഷ്പക്ഷമയി പഠിച്ചാൽ നമുക്ക് മനസിലാവുക.

മതപരിവർത്തനത്തിന് വരുന്ന ആളുകളെ അയ്യൻകാളിയെ ഉപയോഗിച്ചുകൊണ്ടുതന്നെ തടയുന്നുണ്ട്. മതപരിവർത്തനം നടത്തുന്നതിനെതിരെ വൈശാഖൻ തേവൻ അദ്ദേഹത്തെ വിളിച്ചുവരുന്നുണ്ട്. സാൽവേഷൻ ആർമി നടത്തുന്ന മത പരിവർത്തനത്തിനെതിരെ അയ്യന്കാളിയെക്കൊണ്ട് രാജാവിന് പരാതി കൊടുപ്പിക്കുന്നുണ്ട്. അങ്ങനെ പലഘട്ടങ്ങളിലും അവർ അയ്യങ്കാളിയെ ഉപയോഗിക്കുന്നുണ്ട്.

ഹിന്ദുമതത്തിനുള്ളിലെ ജാതി മേധാവിത്വത്തോട് സന്ധി ചെയ്യാതെ ചെറുത്തു നിൽക്കുമ്പോഴും അയ്യൻ‌കാളിയെ അദ്ദേഹംപോലും അറിയാതെ അവർ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണ് സംഘികൾ നാരയണഗുരുവും അയ്യങ്കാളിയും കൂടിയാണ് കേരളത്തിൽ സുനാതനം നിലനിർത്തിയതെന്നും അവർ മഹത്തായ ആർഷഭാരത സുനാതനത്തിന്റെ സ്വന്തം ആളുകൾ ആയിരുന്നു എന്ന് പറയുന്നതും. അവരുടെ കാഴ്ചപ്പാടിൽ നിന്ന് വിലയിരുത്തിയാൽ അത് സത്യവുമാണ്.

ഇത് നാരയണഗുരുവോ അയ്യൻകാളിയോ നടത്തിയ ഇടപെടലുകളെ ചെറുതായി കണ്ടുകൊണ്ടു പറയുന്നതല്ല. വസ്തുത അതാണ്. അയ്യൻകാളിയും മറ്റുപല നവോത്ഥാന നായകരെയുംപോലെ മതപരിഷ്കരണ ശ്രമങ്ങളാണ് നടത്തിയിരുന്നത്. അങ്ങിനെ തന്നെയാണ് അനുയായികളിൽ ബഹുപൂരിപക്ഷവും കരുതുന്നതും. അദ്ദേഹത്തിൻറെ സ്മൃതിമണ്ഡപത്തിൻറെ പേരുപോലും ഇട്ടിരിക്കുന്നത് ‘പാഞ്ചജന്യം’ എന്നാണ്.

ജാതിവിരുദ്ധ പോരാട്ടങ്ങളെ സയൻസുമായി ലിങ്ക് ചെയ്ത അയ്യപ്പൻ:

ഇവരെല്ലാം പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി അയ്യപ്പൻ മിശ്രഭോജനത്തിന് ശേഷം ചൊല്ലിച്ച –
”ജാതി ശാസ്ത്രത്തിനും യുക്തിക്കും മനുഷ്യത്വത്തിനും എതിരാണെന്നും അതിനാൽ അതില്ലാതാക്കാൻ എന്നാൽ കഴിയുന്നതൊക്കെ ഞാൻ ചെയ്യുന്നതാണ്” എന്ന പ്രതിജ്ഞാവാചകം ആണ് വർത്തമാനകാലത്ത് കൂടുതൽ പ്രസക്തം എന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. അല്ലാതെ ഇതൊക്കെ സൃഷ്ടിച്ച വേദങ്ങൾ മുതലിങ്ങോട്ടുള്ള വൃത്തികെട്ട പുസ്തകങ്ങളിലോ കൺഫ്യൂസ്ഡ് കൺവിൻസ്ഡ് തിയറിയിലൂടെ മനുഷ്യനെ കൺഫ്യൂസ് ആക്കുന്ന അദ്വൈത വേദാന്തത്തിലോ അല്ല അതിനുള്ള പ്രതിവിധി.

Anthropology അനുസരിച്ച് കേരളത്തിലെ നായരും ഈഴവനും പുലയനും പറയനുമൊക്കെ ഒരേ വംശത്തിൽ പെട്ടവരാണ് എന്നു തെളിഞ്ഞു കഴിഞ്ഞതാണ്. ഏറ്റവും പുതിയ ജനിതക പഠനങ്ങളിലും കേരളത്തിലെ ഇന്ന് സവർണ്ണർ എന്ന് അവകാശപ്പെടുന്ന എല്ലാ വിഭാഗവും, സുറിയാനി ക്രിസ്ത്യാനികൾ ഉൾപ്പെടെ ഈഴവരിൽ നിന്നും, പുലയരിൽ നിന്നും പറയരിൽ നിന്നും മത പരിവർത്തനം ചെയ്യപ്പെട്ടവർ ആണ് എന്നാണ് തെളിവ് നൽകുന്നത്.

നാരായണഗുരുവും അയ്യൻ കാളിയുമൊക്കെ സുനാതനികളാൽ അവർ അറിഞ്ഞും അറിയാതെയും ഹൈജാക്ക് ചെയ്യപ്പെട്ടവരാണ്. സഹോദരൻ അയ്യപ്പൻ ഒഴികെയുള്ള എല്ലാ നവോത്ഥാന നായകരും സുനാതനികളാൽ വളച്ചൊടിക്കപ്പെട്ടവരാണ്. ഡോ. അംബേദ്കറും സഹോദരനും മുന്നോട്ടുവെച്ച രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരുകയാണ് സ്മൃതിമൂല്യങ്ങൾ അയവിറക്കുന്നതിനപ്പുറം വർത്തമാനകാലത്ത് നാം ഏറ്റടുക്കേണ്ട ചരിത്രപരമായ കടമ.

നാരയണഗുരുവും അയ്യൻ കാളിയുമൊക്കെ അവസാനിപ്പിച്ചിടത്തുനിന്നും തുടർച്ചയാണ് ഉണ്ടാകേണ്ടത്. ഇന്ന് നവ ഫ്യൂഡൽ കാലത്തെ പുത്തൻ തമ്പുരാക്കന്മാർ ലിറ്ററൽ കില്ലിംഗ് ഉൾപ്പെടെ നടത്തി നാരായണ ഗുരുവിൻറെയും അയ്യങ്കാളിയുടെയും എല്ലാം നവോത്ഥാന പാരമ്പര്യത്തിന് മേൽ കാർക്കിച്ചു തുപ്പിക്കൊണ്ട് അവർ എന്തിനെയെല്ലാം പടിയടച്ചു പിണ്ഡം വെക്കാൻ ശ്രമിച്ചോ അതിനെയെല്ലാം പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

നാരായണ ഗുരു സന്യാസിയാകുന്നതും അയ്യൻ‌കാളി വില്ലുവണ്ടി പായിക്കുന്നതുമായ കാലത്തെ ചരിത്ര പശ്ചാത്തലം:

എന്തുകൊണ്ടാണ് ഗുരു നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാർ ആണെന്ന് പറഞ്ഞത്? പലകാരണങ്ങളുണ്ട്, അതിൽ ഒരു കാരണം ഇതാണ്.

പാലക്കാട് രാജാവിൻറെ ബ്രാഹ്മണർക്കുള്ള ഊട്ടുപുരയിലേക്ക് ബ്രാഹ്മണർ ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോൾ വിശന്നു വലഞ്ഞ ഒരു ആദിവാസി വൃദ്ധൻ കടന്നുചെന്നു. അതു കണ്ട് കോപാകുലനായ രാജാവ് ശ്രീരാമൻ ശംബൂകനെ കൊന്നതുപോലെ ഒറ്റവെട്ടിന് അയാളുടെ കഥ കഴിച്ചു. എന്നാൽ ബ്രിട്ടീഷ് ഗവൺമെൻറ് രാജാവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. അറസ്റ്റിലായ രാജാവ് ജയിലിൽ കിടന്നു മരിച്ചു. ഈ ഓർമ്മ കേരളത്തിലെ എല്ലാ നാടുവാഴികൾക്കും നല്ലതുപോലെ ഉണ്ടായിരുന്നതുകൊണ്ടാണ് അവർണ്ണ സന്യാസിയായ നാരായണ ഗുരുവിനെ അവർ കയ്യേറ്റം ചെയ്യാതിരുന്നത്. എന്ന് ഡോ. എം.എസ്, ജയപ്രകാശ് സാർ വിശദീകരിക്കുന്നുണ്ട്. ശൂദ്രനായ സദാനന്ദ സ്വാമിയും ചട്ടമ്പി സ്വാമിയും നാരായണഗുരുവും മാത്രമല്ല 1918 ൽ ചെന്നിത്തലയിൽ വച്ച് പറയ സമുദായത്തിൽ പെട്ട ശുഭാനന്ദസ്വാമിയും സ്വയം കഷായമുടുത്ത് സന്യാസിയാകുന്നുണ്ട്. ഇതിനെല്ലാം പറ്റിയത് നാരയണഗുരു പറഞ്ഞതുപോലെ സുനാതനികൾ അല്ലാത്ത ബ്രിട്ടീഷ് ഭരണം കൊണ്ടാണ് .

അതുപോലെതന്നെ ക്രിസ്ത്യാനികളെയും അവർക്ക് ഭയമായിരുന്നു. മതപരിവർത്തനം ചെയ്ത ഒരു ദലിത്‌ ബാലികയെ ആ കുട്ടി അറിയാതെ വൈക്കം ക്ഷേത്രത്തിൻറെ പരിസരത്തുള്ള ക്രിസ്ത്യാനിക്കും മുസ്ലിങ്ങൾക്കും നടക്കാവുന്ന വഴിയിലൂടെയല്ലാതെ പ്രധാന വഴിയിലൂടെ നടന്നതിന് ഒരു നായർ പ്രമാണി ക്രൂരമായി മർദ്ദിച്ചു. ഇതിനെതിരെ സിഎസ്‌ഐ സഭ നൽകിയ പരാതിയിൽ അയാളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്യുകയും തലകീഴായി തൂക്കിയിട്ട് 101 അടി കൊടുക്കാനും ശിക്ഷിക്കുകയും അങ്ങനെ ചെയ്തതായും ആ കേസിൻറെ നമ്പർ സഹിതം ദളിത് ബന്ധുവും എഴുതിയിട്ടുണ്ട്. അതുകൊണ്ട് ക്രിസ്ത്യാനികളെ നേരിട്ട് ഉപദ്രവിച്ചാൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഇതൊക്കെയായിരുന്നു അന്നത്തെ സാമൂഹ്യപശ്ചാത്തലം.

ദളിതരുടെ ക്രിസ്തുമത പരിവർത്തനം:

തീരദേശ മേഖലയിലെ മൽസ്യത്തൊഴിലാളികളൊക്കെ ഡച്ചുകാരുടെയും പോർട്ടുഗീസുകാരുടെയും കാലത്ത് ക്രിസ് തുമതം സ്വീകരിച്ചിരുന്നെങ്കിലും ദളിതർ വൻ തോതിൽ ക്രിസ്തുമതം സ്വീകരിക്കുന്നത് ബ്രിട്ടീഷ് മിഷനറിമാരുടെ വരവോടെയാണ്. അതിന് മുൻപ് ഉദയംപേരൂർ സുനഹദോസിന്റെ കാനോനകളിൽ ദളിത് ക്രൈസ്തവരുടെ വിഷയങ്ങൾ ചേർച്ചചെയ്തതായി കാണുന്നുണ്ടെങ്കിലും ഇത്രവ്യാപകമായി മതപരിവർത്തനം നടന്നിരുന്നില്ല. എൽഎംഎസ്. സിഎംഎസ്, ബാസൽ മിഷൻ എന്നിവയുടെ പ്രവർത്തന ഫലമായാണ് ദളിതർ ക്രിസ്തുമതത്തിലേക്ക് കൂടുതൽ അടുക്കുന്നത്. അതവർക്ക് അക്ഷരം പഠിക്കാനും വസ്ത്രം ധരിക്കാനുമൊക്കെ ഇടയാക്കിത്തീർത്തു.

ആദ്യമായി അക്ഷരം പഠിച്ച ദളിത് പെൺകുട്ടി പഞ്ചമിയൊന്നുമല്ല. നാരയണഗുരുവൊക്കെ ജനിക്കുന്നതിന് അരനൂറ്റാണ്ട് മുൻപേ, ഇവിടെ സവർണ്ണ സ്ത്രീകൾ പോലും അക്ഷരം പഠിക്കുന്നതിന് മുൻപേ ദളിതർ മതം മാറ്റത്തിലൂടെ വിദ്യനേടുകയും അക്ഷരം പടിക്കുകയുമൊക്കെ ചെയ്തിരുന്നു. അവരിൽ ദളിത് സ്ത്രീകളും ഉണ്ടായിരുന്നു. 1817 ൽ തന്നെ കോട്ടയത്ത് സിഎംഎസ് സ്‌കൂളിൽ ജാതിയും മതവുമൊക്കെ നോക്കാതെ അഡ്‌മിഷൻ കൊടുത്തിരുന്നു. പിന്നെയും ഏതാണ്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് ട്രാവൻകൂർ എഡ്യൂക്കേഷൻ കോഡ് നിലവിൽ വരുന്നതും പഞ്ചമിയുടെ അഡ്‌മിഷൻ പ്രശ്‌നമൊക്കെ ഉണ്ടാകുന്നത്. മതം മാറാത്ത ഹിന്ദു ദളിതർക്ക് അക്ഷര വെളിച്ചം കാണാൻ ഇടയായത് അന്നാണെന്നു വേണമെങ്കിൽ പറയാം. അതും മിഷനറിമാരുടെ പിൻ ബലത്തിലായിരുന്നു. മുണ്ടശേരി മാഷ് Kerala Education Act & Rules കൊണ്ടുവരുന്നതുവരെ ആ നിയമമാണ് നിലനിന്നിരുന്നത്.

അയ്യൻ കാളി പഞ്ചമിയുമായി ഊരൂട്ടമ്പലത്തെ പള്ളിക്കൂടത്തിൽ പോകുമ്പോൾ കേരളത്തിൽ അനേക ദളിതർ ഉന്നത ഉദ്യോഗത്തിൽ തന്നെ ഉണ്ടായിരുന്നു എന്നതാണ് ചരിത്രം. ഇന്നത്തെ ചീഫ് സെക്രട്ടറി പോസ്റ്റിൽ ഉൾപ്പെടെ ദളിതരായിരുന്നു. അന്ന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയിൽ ഇരുന്ന ജ്ഞാന ജോഷ്വ ഇംഗ്ലണ്ടിൽ പോയി പഠിച്ച ആദ്യത്തെ ഇന്ത്യക്കാരനുമായിരുന്നു. ദളിതനുമായിരുന്നു.

അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന അലക്‌സാണ്ടർ ക്രിക്‌ടൺ മിച്ചൽ സക്കാർ സ്‌കൂളുകളിലും സർക്കാർ ധനസഹായമുള്ള ഇതര സ്‌കൂളുകളിലും ആർക്കും പഠിക്കണമെന്ന ഉത്തരവിറക്കി. പക്ഷേ ഉത്തരവിറങ്ങിയതല്ലാതെ ആരും എത്തിയില്ല. അപ്പോഴാണ് സാധുജനപരിപാലന സംഘവുമായി ബന്ധമുണ്ടായിരുന്ന എൽ എം എസ് പൂരോഹിതൻ ജെ.സാമുവേലിന്റെ ഇടപെടൽ മൂലമാണ് അയ്യൻകാളി പഞ്ചമിയുമായി സ്‌കൂളിൽ പോകുന്നതും. സനാതനികൾ സ്‌കൂളിന് തീവെക്കുന്നതും ഊരൂട്ടമ്പലം ലഹളയുമെല്ലാം ഉണ്ടാകുന്നത്.

ഇതേസമയത്തുതന്നെ ഈഴവർക്കിടയിലും മതപരിവർത്തനത്തിലൂടെ ജാതി അടിമത്വത്തിൽ നിന്നും പുറത്തുകടക്കാനുള്ള ചർച്ചകളും ശ്രമങ്ങളുമൊക്കെ നടക്കുന്നുണ്ട്. ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും സിക്ക് മതത്തിലേക്കും ബുദ്ധമതത്തിലേക്കുമൊക്കെ കൺവെർട്ട് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചിലരെല്ലാം ഒറ്റയ്ക്കും കൂട്ടമായും എല്ലാം കൺവെർട്ട് ചെയ്യുന്നുണ്ട്. തിരുവിതാംകൂറിലെ ക്രൈസ്ത ജനസംഖ്യ ഉയരുന്നതിൽ തിരുവിതാംകൂറിലെ ഹൈന്ദവ സർക്കാർ ആശങ്കപ്പെടാൻ തുടങ്ങി.

അങ്ങനെ ഒരു സന്ദർഭത്തിലാണ് സുനാതന അധർമ്മം രക്ഷിക്കാൻ രാമനാഥ മേനോൻ എന്ന സദാനന്ദ സ്വാമി അവതരിക്കുന്നത്. മതപരിവർത്തനത്തിലൂടെ അയിത്ത ജാതിക്കാർ ക്രിസ്തുമതത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയായിരുന്നു അദ്ദേഹത്തിൻറെ അവതാരോദ്ദേശ്യം.

ഇനി സുനാതനികളിൽ നിന്നുതന്നെ ഇത് മനസിലാക്കാനായി ചിലത് കുറിക്കുന്നു:

“അയിത്തക്കാരനെന്നു പറഞ്ഞ് നിങ്ങൾ അടിച്ചിറക്കുന്ന മനുഷ്യാത്മാവിനെ സ്വീകരിക്കാൻ ലണ്ടനിൽനിന്നു മിഷണറിമാരെത്തിയിട്ടുണ്ട്. അവർ നിങ്ങളുടെ സഹോദരങ്ങളെ മതം മാറ്റി അയിത്തത്തിന്റെ നാറുന്ന കരിമ്പടപ്പുതപ്പ് എടുത്തുമാറ്റി, മനുഷ്യരാക്കി കൊണ്ടുപോകും. മെക്കാളെപ്രഭു നിങ്ങളുടെ വീട്ടുപടിക്കൽ കുരിശുകൾ നാട്ടും. അതു സംഭവിക്കാതിരിക്കണമെങ്കിൽ ഞാനിതാ മുന്നറിയിപ്പുതരുന്നു, അതു സംഭവിക്കാതിരിക്കണമെങ്കിൽ…..”
-സദാന്ദ സ്വാമി തിരുവനന്തപുരം കിഴക്കേകോട്ടയിൽ നടത്തിയ ആദ്യപ്രസംഗത്തിൽ നിന്നും.

“കരിമ്പിൻകാട്ടിൽ കയറിയ കാട്ടാനകളെപ്പോലെയാണ് മിഷണറിമാർ വിലസിക്കൊണ്ടിരിക്കുന്നത്. അയിത്തത്തിൻ്റെ നരകയാതന അനുഭവിക്കുന്ന ഒരു ജനതയോട് അയിത്തജാതിക്കാരൻ നിങ്ങൾ മതംമാറിയാൽ മാത്രം മതി സവർണനായിത്തീരും. ഇതിൽ വീഴാതിരിക്കാൻ എന്തുകാരണമാണുള്ളത്? ഇതുപറഞ്ഞാണ് മിഷണറിമാരുടെ പ്രലോഭനം. ഇവരെ വിവിധ ഹൈന്ദവസംസ്ക്കാരത്തിൽ തന്നെ തടഞ്ഞു നിർത്തേണ്ടതുണ്ട്.” – സദാന്ദ സ്വാമിയുടെ അടുത്ത പ്രസംഗം.

മനസ്സിലായിക്കാണുമല്ലോ? വിവേകാന്ദൻ ഭ്രാന്താലയം എന്ന് വിളിച്ച അതെ വേദന? 😀

ഇനിയുള്ളത് ആർഎസ്എസ് താത്വികാചാര്യനായിരുന്ന ആർ. ഹരിയുടെ വാക്കുകളാണ്:

“മതപരിവർത്തനപ്രവർത്തനങ്ങളുടെ ആഴവും പരപ്പും വിലയിരുത്താൻ അയ്യൻകാളിയും സ്വാമിയും തിരുവിതാംകൂറിലൊട്ടാകെ ഒരുമിച്ചു പര്യടനം നടത്തി. അവർ കണ്ട കാഴ്‌ചകൾ ഒട്ടും ആശാ വഹമായിരുന്നില്ല. കൊഴിഞ്ഞുപോക്ക് ദ്രുതഗതിയിലായിരുന്നു. അയ്യൻകാളിയുടെ ബന്ധുക്കൾ തന്നെ കുടുംബത്തോടെ മതംമാറി “രക്ഷിക്കപ്പെട്ട’ അവസ്ഥ അവർ നേരിൽ കണ്ടു. മതപരിവർത്തനത്തെ എന്തുവിലകൊടുത്തും എതിർക്കുക തന്നെ വേണമെന്ന് അവർ തീരുമാനിച്ചു.”

“ഇതിനിടെ അയ്യൻകാളിയെത്തന്നെ മതംമാറ്റാൻ ഒരു ശ്രമം നടന്നു. സാൽവേഷൻ ആർമിയിൽ കേണൽ പദവിയുള്ള ഒരു മദാമ്മ വലിയൊരു പ്രാർത്ഥനായോഗം വിളിച്ചുകൂട്ടി. ആ യോഗത്തിൽ അയ്യൻകാളി പ്രത്യേക ക്ഷണിതാവായിരുന്നു. തന്റെ അഭിപ്രായം തുറന്നുപറയാനുള്ള വേദിയായി കണക്കാക്കി യോഗത്തിനു പോകാൻ അദ്ദേഹം തീരുമാനിച്ചു. യോഗത്തിനിടെ മതം മാറുന്നതിന് ചില പ്രലോഭനങ്ങൾ മദാമ്മ നടത്തി. എന്നാൽ തന്റെ അഭിപ്രായം പിന്നാലെ അറിയിക്കാം എന്നു മറുപടി പറഞ്ഞ് അയ്യൻകാളി അവിടെനിന്നു പിന്തിരിഞ്ഞു.

അടുത്ത ദിവസം സദാനന്ദ സ്വാമിയുമായി ആലോചിച്ച് അയ്യൻകാളി തിരുവുവിതാംകൂർ മഹാരാജാവിന് ഒരു ഹർജി സമർപ്പിച്ചു. ക്രിസ്‌തുമതം സ്വീകരിക്കാൻ തന്നെ നിർബന്ധിക്കുന്നുവെന്നും പ്രലോഭനവും ഭീഷണിയും കൊണ്ട് തന്റെ സമുദായക്കാരെ മതപരിവർത്തനം ചെയ്യുന്നതു മൂലം തന്റെ സമുദായാംഗങ്ങളുടെ എണ്ണം കുറഞ്ഞുപോകുന്നു എന്നുമായിരുന്നു ഹർജിയിലെ ഉള്ളടക്കം.”

“കൊടുങ്കാറ്റുകളെ പ്രതിരോധിച്ച് പർവ്വതംപോലെ ഉറച്ചു നിൽക്കാൻ അയ്യൻകാളിക്ക് പ്രചോദനം നൽകിയത് സദാനന്ദസ്വാമിയാണ്. വീരസവർക്കർ ഉണ്ടായിരുന്നെങ്കിൽ അയ്യൻ കാളിയെന്ന പുരുഷ സിംഹത്തെ വാരിപ്പുണരുമായിരുന്നു. എന്നാൽ ഹിന്ദുമതത്തിൻറെ വിധിനിർണ്ണായകമായ ഒരു ദശാസന്ധിയിൽ തൻറെ ആജ്ഞയ്ക്ക കീഴിൽ 5 ലക്ഷത്തോളം വരുന്ന അയിത്തജാതിക്കാരെ മതപരിവർത്തനത്തിനു വിധേയരാകാതെ പിടിച്ചുനിർത്തിയ അയ്യൻകാളിക്ക് നാം, ഹിന്ദുസമൂഹം എന്താണു തിരിച്ചുനൽകിയത്?….”

– നോക്കണേ പൂച്ചയെക്കൊണ്ട് ചക്കക്കുരു എടുപ്പിക്കുന്ന ശൂദ്രൻറെ പണി? അവർ പ്രത്യേക ക്ഷണിതാവായിട്ടാണ് അയ്യൻകാളിയെ വിളിച്ചത്. പ്രസംഗിക്കാൻ അവസരവും കൊടുത്തു, സ്വാഭാവികമായും സുവിശേഷപ്രവർത്തകായായ അവർ അയ്യൻ കാളിയെയും സ്നേഹപൂർവം തങ്ങളുടെ മതത്തിലേക്ക് ക്ഷണിച്ചു, യാതൊരു നിർബന്ധവും നടത്തിയില്ല. പിറ്റേന്ന്‌ സദാനന്ദ സ്വാമി അയ്യൻ കാളിയെക്കൊണ്ട് ഇപ്പോൾ ഉത്തരേന്ത്യയിൽ സംഘിക്കുട്ടന്മാർ ചെയ്യുന്നതു പോലെ നിർബന്ധിത മതപരിവർത്തനത്തിന് കേസ് കൊടുപ്പിച്ചു. തുടർന്നങ്ങോട്ടുള്ള സദാനന്ദ സ്വാമി നടത്തിയ എല്ലാ ഇടപെടലുകളിലും ഇത്തരം കുതന്ത്രങ്ങൾ നമുക്ക് കാണാൻ കഴിയും.

ഇതൊക്കെ തന്നെയല്ലേ ആർ. ഹരി മന്നത്ത് അപ്പനെ കുറിച്ചും പറഞ്ഞിട്ടുള്ളത്? മന്നത്തപ്പന് പക്ഷേ വീര സവർക്കറെയും ഗോൾവൾക്കറെയും കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും ഭാഗ്യം ലഭിച്ചിരുന്നു. അയ്യൻകാളിക്കും നാരയണഗുരുവിനും അതുണ്ടായില്ല.

സംഘികൾ നാരായണഗുരുവും അയ്യൻകാളിയും കൂടിയാണ് കേരളത്തിൽ 20 ആം നൂറ്റാണ്ടിൽ തന്നെ അവസാനിച്ചു പോകുമായിരുന്ന സുനാതന ധർമ്മം തകരാതെ സംരക്ഷിച്ചതെന്ന് വെറുതെ പറയുന്നതല്ലെന്ന് കൂടുതൽ മനസിലാക്കാൻ സദാനന്ദ സ്വാമിയുടെ ജീവചരിത്രകാരൻറെ ഒരു പൊളപ്പൻ ലേഖനം ജന്മഭൂമിയിൽ ഉണ്ട്, അത് വായിച്ചാൽ മതി.