Sun. Nov 22nd, 2026

കൊച്ചി: ഉമാ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവത്തില്‍ പരിപാടി സംഘടിപ്പിച്ച ‘മൃദംഗ വിഷ’ന്റെ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം അറസ്റ്റില്‍. കൊച്ചിയിലെ ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നതിനിടെ ആണ് അറസ്റ്റിലായത്. പ്രതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട പന്ത്രണ്ടായിരത്തിലികം പേര്‍ പങ്കെടുത്ത കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടനത്തില്‍ ഗുരുതര വീഴ്ചയും ക്രമക്കേടുമാണ് ഉണ്ടായത്. മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടിയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളോ പ്രോട്ടോകളോ പാലിച്ചില്ലായിരുന്നു. സംഘാടകര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. സംഘാടകരായ മൃദംഗവിഷനെതിരെ ഗുരുതര ആക്ഷേപം ഉയര്‍ന്നിരുന്നു. നൃത്തപരിപാടിക്ക് എത്തിയവരില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലെന്നാണ് പരാതി.

ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് പന്ത്രാണ്ടായിരം നര്‍ത്തകരുടെ ഭരതനാട്യമാണ് മൃദംഗവിഷന്‍ സംഘടിപ്പിച്ചത്. തമിഴ്‌നാടിന്റെ റെക്കോര്‍ഡ് മറികടക്കാനുള്ള കേരളത്തിന്റെ നൃത്തപരിപാടി എന്നാണ് നല്‍കിയ പ്രചാരണം. ഇത് സര്‍ക്കാര്‍ പരിപാടിയെന്ന് തെറ്റിദ്ധരിച്ചാണ് പലരുമെത്തിയത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഒരാളില്‍ നിന്നും വാങ്ങിയത് മുവായിരത്തി അഞ്ഞൂറ് രൂപ.

മേക്കപ്പ് ഉള്‍പ്പെടെയുള്ള ചിലവുകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മുടക്കണം. ഒപ്പമെത്തുന്നവര്‍ക്ക് പരിപാടി കാണാന്‍ വേറെ ടിക്കറ്റുമെടുക്കണം. ഇത്ര പണം പിരിച്ചിട്ടും ഒരു കുപ്പിവെള്ളം പോലും നല്‍കാന്‍ സംഘാടകര്‍ തയ്യാറായില്ലിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പരിപാടിക്കെത്തിയെ നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണിയുടെ പേരിലും പണം പിരിച്ചെന്ന് ആക്ഷേപമുണ്ട്. പരസ്യത്തിനായും വന്‍തുക പിരിച്ചെടുത്തു. ഇങ്ങനെ മൃദംഗവിഷന്‍ പിരിച്ചെടുത്തത് കോടിക്കണക്കിന് രൂപയാണ്.