Sun. Nov 22nd, 2026

✍️ സുരേഷ്. സി.ആർ

കേരളത്തിന്റെ സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, ഔദ്യോഗിക രംഗങ്ങളിൽ സ്വന്തം നാമം സുവർണ്ണലിപികളിൽ വരച്ചു ചേർത്ത സർഗ്ഗധനനായ ചിത്രകാരനും കാർട്ടൂണിസ്റ്റും എഴുത്തുകാരനുമാണ് മലയാറ്റൂർ രാമകൃഷ്ണൻ (1927 – 1997).

പെരുമ്പാവൂരിലും ആലുവയിലും വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരത്തുനിന്നും നിയമവിദ്യാഭ്യാസം നേടിയ അദ്ദേഹം കുറച്ചുകാലം ബോംബെയിൽ ഫ്രീ പ്രസ് ജേണലിൽ ജോലി ചെയ്തു. പത്രപ്രവർത്തനത്തിൽ മടുത്ത് ബോംബെ വിട്ടു. എങ്കിലും ബോംബെ ജീവിതാനുഭവങ്ങൾ സർഗ്ഗാത്മതയ്ക്ക് വളമായി. ‘മലബാർ ഹില്ലും ഫോറസ്റ്റ് റോഡും’ എന്നീ കഥകൾ അങ്ങനെയാണ് എഴുതപ്പെട്ടത്. ‘ശങ്കേഴ്‌സ് വീക്കിലി’യിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1965-ൽ എഴുതിയ ‘വേരുകൾ ആണ് മലയാറ്റൂരിന്റെ മാസ്റ്റർ പീസ് നോവൽ.സ്വന്തം കഥ നായകനിലൂടെ പറയുകയാണ് മലയാറ്റൂർ ഈ നോവലിൽ. അച്ഛന്റെ സ്ഥാനത്തുനിന്ന് സംരക്ഷിച്ച മൂത്ത സഹോദരിയോടുള്ള കടപ്പാടിന്റെ സാക്ഷ്യം കൂടിയാണ് വേരുകൾ.

ഭരണമണ്ഡലത്തിലെ രഹസ്യങ്ങളുടെയും, ധർമ്മസങ്കടങ്ങളുടേയും വാക്ചിത്രമായ ‘യന്ത്രം’,
സ്വന്തം ആവാസം നഷ്ടപ്പെട്ട ആദിവാസികൾ പുതിയ ജീവിതവ്യവസ്ഥകളുമായി സമരസപ്പെടാൻ നടത്തുന്ന ശ്രമങ്ങളുടെ കഥ പറയുന്ന ‘പൊന്നി’ എന്നിവ മലയാറ്റൂരിന്റെ പ്രസിദ്ധ കൃതികളാണ്.

മലയാളത്തിന്റെ ഹാസസാഹിത്യത്തിന്റെ വർണ്ണാഭമായ മുഖമാണ് മലയാറ്റൂരിന്റെ ബ്രിഗേഡിയർ കഥകൾ. ഷെർലക് ഹോംസ് കഥകളും ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുളയും മലയാളത്തിലേക്ക് മൊഴിമാറ്റി പരിചയപ്പെടുത്തിയത് മലയാറ്റൂർ ആണ്. 1957 ൽ IAS നേടി. സബ് കളക്ടറായും, കളക്ടറായും, സെക്രട്ടേറിയറ്റിൽ ഉന്നത പദവികളിലും ജോലി നോക്കി.

ഏഴുവർഷക്കാലം ലളിതകലാ അക്കാദമി ചെയർമാൻ ആയിരുന്നു. തന്റെ നീണ്ട ഔദ്യോഗിക ജീവിതചിത്രം ‘ദ സർവീസ് സ്റ്റോറി’ എന്ന പുസ്തകത്തിൽ വരച്ചിട്ടിട്ടുണ്ട്. 1981ൽ മുഴുനീള സാഹിത്യസപര്യക്കായി അദ്ദേഹം ഐ എ എസ് ഉപേക്ഷിച്ചു. 1976-ൽ ‘പൊന്നി’ തോപ്പിൽ ഭാസി തിരക്കഥയും സംവിധാനവും ചെയ്ത് സിനിമയാക്കി. ‘യക്ഷി’(1968), ‘അയ്യർ ദ ഗ്രേറ്റ്’(1990) എന്നീ ചിത്രങ്ങളുടെ തിരക്കഥയും അദ്ദേഹം രചിച്ചു. ‘ഒടുക്കം തുടക്കം’ (1982) എന്ന ചിത്രം സംവിധാനം ചെയ്തതും മലയാറ്റൂർ ആണ്.

സഹപാഠിയും കമ്യൂണിസ്റ്റ് നേതാവുമായ പി കെ വാസുദേവൻ നായരുമായുള്ള സൗഹൃദം മൂലം ഇടതുപക്ഷ സ്ഥാനാർഥിയായി അസംബ്ലിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

വേരുകൾക്ക് കേരള സാഹിത്യ അക്കാദമിയുടെയും യന്ത്രത്തിന് വയലാർ അവാർഡും ലഭിച്ചു.
പ്രധാന കൃതികൾ: ഡോക്ടർ വേഴാമ്പൽ, ദ്വന്ദ്വയുദ്ധം, നെട്ടൂർ മഠം, മൃതിയുടെ കവാടം, ആറാം വിരൽ, മനസ്സിലെ മാണിക്യം, അമൃതം തേടി, അഞ്ചു സെന്റ്, തുടക്കം ഒടുക്കം, അനന്തയാത്ര, വിഷബീജം (നോവൽ), ആദ്യത്തെ കേസ്, അവകാശി, സൂചിമുഖി, ബ്രിഗേഡിയറും പെൺമറുകും, തെരഞ്ഞെടുത്ത കഥകൾ, അറബിയും ഒട്ടകവും, പറക്കുന്ന തളിക (ചെറുകഥ), ഓർമ്മകളുടെ ആൽബം (സ്മരണ), മഞ്ഞമുഖം, നാടോടിക്കപ്പലിൽ നാലുമാസം (വിവർത്തനം), നമ്മുടെ ശിക്ഷാനിയമം