✍️ ലിബി.സി. എസ്
കേരളത്തിലെ യുക്തിവാദികളുടെ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം പഠിച്ചാൽ യുക്തിവാദികളെ ഔദ്യോഗികമായി ഒരു സമുദായം ടാർജറ്റ് ചെയ്ത് ആക്രമിച്ചിട്ടുണ്ടെങ്കിൽ അത് ഹിന്ദുക്കളോ മുസ്ലിങ്ങളോ അല്ല, കത്തോലിക്കാ സഭയാണെന്ന് കാണാം. കേരളത്തിൽ യുക്തിവാദി സംഘം രൂപം കൊണ്ട സന്ദർഭത്തിൽ തന്നെ ഇത് അപകടമാണെന്നും മുളയിലേ നുളളണം എന്നും പരസ്യമായി പ്രഖ്യാപിച്ചതും കത്തോലിക്കാ സഭയാണെന്ന് കാണാവുന്നതാണ്.
ഹിന്ദു മതത്തിന് ആർഎസ്എസ് ഉം ജാതി ജന്തു പരിഷത്തും ഒക്കെ രൂപംകൊള്ളുന്നതിന് മുൻപായി ഹിന്ദുവിൻറെ മൊത്തക്കച്ചവടക്കാർ ആരും ഇല്ലാതിരുന്നതിനാൽ മാത്രമല്ല അത്. ഹിന്ദുവിന് മറ്റ് സെമിറ്റിക്ക് മതങ്ങളെപ്പോലെ ദൈവം ഇല്ലെന്ന് പറയുന്നതുകൊണ്ട് അത്രവലിയ പ്രശ്നമില്ല. എല്ലാ മതങ്ങൾക്കുമുള്ളതുപോലെ തന്നെ അവരുടെ ആചാരങ്ങളെ ലംഘിക്കുകയോ ചാതുർവർണ്യത്തിനെതിരെ നിലപാട് എടുക്കുകയോ ചെയ്താൽ മാത്രമേ അവർക്ക് ഹാലിളകാറുള്ളൂ. അത് ഭക്തിവാദി ചെയ്താലും യുക്തിവാദി ചെയ്താലും വിവരം അറിയും. ആദ്യമായി അവർണ്ണരെയും കൂട്ടി ശുചീന്ദ്രത്തെ തേരിൽ കയറിപ്പിടിച്ച വൈകുണ്ഠ സ്വാമി ജയിലിൽ കിടന്നത് ആചാരം ലംഘിച്ചാണ്. പിന്നീട് ഇങ്ങോട്ട് പരസ്യമായി ആചാരം ലംഘിച്ചവരൊക്ക ചോദ്യം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ജയിലിൽ പോകുകയോ ഒക്കെ ചെയ്തിട്ടുണ്ട്. ഇത്തരം ആചാരങ്ങളിലൂടെയാണ് എല്ലാ മതങ്ങളും നിലനിന്നുപോരുന്നത്. അതുകൊണ്ടാണ് ഡോ. അംബേദ്കർ “ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നതും ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതും അവസാനിപ്പിക്കുക” എന്ന് പറഞ്ഞത്
സഹോദര .സംഘത്തിൻറെ കാലം മുതൽ ക്രിസ്തുമതത്തേയോ മറ്റ് മതങ്ങളെയോ കോമൺ ആയി “ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് പറയുകയും “ജാതി നാശത്ത്ക്ക് ജയ് മത നാശത്തുക്ക് ജയ് ദൈവ നാശത്തുക്ക് ജയ്” എന്ന മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നതല്ലാതെ ക്രിസ്തുമതത്തെയും ഇസ്ലാം മതത്തെയും ആക്രമിച്ചിരുന്നില്ല. അതിനേക്കാൾ വലിയ പ്രശ്നമായി മനുഷ്യനെ വഴിനടക്കാനും തുണി ഉടുക്കാനും വിദ്യനേടാനും മനുഷ്യനായി ജീവിക്കാനും അനുവദിക്കാത്ത ഒരു മതമിവിടെ മനുഷ്യൻറെ പ്രാഥമീക മനുഷ്യാവകാശങ്ങൾ പോലും ലംഘിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റു മതങ്ങളെക്കാൾ അപകടകാരികളായ ഒരു മതത്തെയാണ് അവർ ടാർജറ്റ് ചെയ്തിരുന്നത്.
പിന്നീട് 1950 കൾക്ക് ശേഷമാണ് വാസ്തവത്തിൽ ക്രിസ്തുമതത്തെ യുക്തിവാദികൾ ആക്രമിച്ചുതുടങ്ങുന്നത് എങ്കിലും കത്തോലിക്കാ സഭ ഇത് മുൻകൂട്ടി കാണുകയും മുളയിലേ നുള്ളണം എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു എന്ന് സാരം. എംസി ജോസഫ് നെ പോലുള്ളവരൊക്കെ സഹോദര സംഘത്തിൻറെ കാലം മുതലുണ്ടെങ്കിലും യുക്തിവാദി സംഘ രൂപീകരണ ശേഷവും എംസി ജോസഫ് പൊതുവായ അന്ധവിശ്വാസങ്ങളെയും കൂടോത്രത്തെയും മന്ത്രവാദത്തെയും ജ്യോതിഷത്തെയും വാസ്തു നോക്കുന്നതിനെയും ചാത്തൻസേവയെയും ഒക്കെ എതിർത്തിരുന്നതല്ലാതെ ക്രിസ്തുമത വിമർശനത്തിന് മുതിർന്നിരുന്നില്ല എന്ന് മാത്രമല്ല അദ്ദേഹം വിശ്വാസി ഒന്നുമല്ലായിരുന്നെങ്കിലും അദ്ദേഹം ക്രിസ്തുമതത്തിൻറെ എല്ലാ ആചാരങ്ങളും അനുസരിച്ച് തന്നെയാണ് ജീവിച്ചിരുന്നത്. മാത്രമല്ല അദ്ദേഹം അവരുടെ സഭയുടെ വക്കീലുമായിരുന്നു. പിന്നീട് പ്രശ്നം ഉണ്ടാകാതിരിക്കുന്നതിനായി തൻറെ മൃതദേഹം പള്ളിയിൽ അടക്കുന്നതിന് വിരോധമില്ലെന്ന് വിൽപത്രം വരെ എഴുതിവെച്ചിരുന്ന മനുഷ്യനാണ്. അവസാന സമയത്താണ് വിൽപത്രം തിരുത്തി എഴുതുന്നതും മെഡിക്കൽ കോളേജിന് നൽകിയാൽ മതിയെന്ന് തീരുമാനിക്കുന്നതും.
ജോസഫ് ഇടമറുകാണ് ആദ്യമായി ക്രിസ്തുമതത്തെ വിമർശിച്ചു തുടങ്ങുന്നത്. എം സിയും ഇടമറുകും ഒന്നും കത്തോലിക്കർ ആയിരുന്നില്ലെങ്കിലും അന്നുമുതൽ ഇന്നുവരെ യുക്തിവാദികൾക്ക് ഏറ്റവും ഉപദ്രവങ്ങൾ ചെയ്തിട്ടുള്ളത് കത്തോലിക്കാ സഭയാണ്. ഇടമറുകിന്റെ ക്രിസ്തുമത വിമർശനങ്ങൾ എംസി ക്ക് പോലും ദഹിക്കുന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. എംസി ഉപദേശിച്ചിട്ടും ഇടമറുക് നന്നാകാഞ്ഞിട്ട് അദ്ദേഹം എ ടി കോവൂരിന് കത്തെഴുതുന്നുണ്ടല്ലോ? ഇടമറുക് ഒരു യുക്തിവാദ തീവ്രവാദിയാണെന്നും, ഇദ്ദേഹം കേരളത്തിലെ യുക്തിവാദികൾക്ക് പ്രശനങ്ങൾ ഉണ്ടാക്കുകയാണ് എന്നും എ ടി കോവൂര് ഉപദേശിക്കണെമന്നും ഒക്കെയാണ് ആ കത്തിൽ പറഞ്ഞിരുന്നത്. ഇത് വായിച്ചു തെറ്റിദ്ധരിച്ച എ ടി കോവൂർ ഇടമറുകിൻറെ തീവ്രവാദത്തിനെതിരെ ജനയുഗത്തിൽ ലേഖനവുമെഴുതി. പിന്നീടാണ് ആ തെറ്റിദ്ധാരണയൊക്കെ മാറുന്നത്.
ഇടമുറുകിന്റെ സഭ അദ്ദേഹത്തെ മഹറോൻ ചൊല്ലി പുറത്താക്കുകയും രക്ഷിതാക്കളെ സ്വാധീനിച്ച് അദ്ദേഹത്തിന് കുടുംബസ്വത്ത് നൽകാതിരിക്കാനുള്ള കാര്യങ്ങളൊക്കെ ചെയ്യുകയും ഗർഭിണിയായിരുന്ന ഭാര്യയുമായി വാടകവീടുകൾ കയറിയിറങ്ങി നടക്കേണ്ട സാഹചര്യങ്ങളുമൊക്കെ ഉണ്ടാക്കി വ്യക്തിപരമായി ചില്ലറ സഹായങ്ങളൊക്കെ ചെയ്തതൊഴിച്ചാൽ ശാരീരികമായി ആക്രമിക്കുകയോ കൂടുതൽ ഉപദ്രവങ്ങൾ ചെയ്യുകയോ ചെയ്തിട്ടില്ല.
അതേസമയം കത്തോലിക്കാ സഭ ഈ എംസിയും ഇടമറുകും എല്ലാം പങ്കെടുക്കുന്ന മീറ്റിങ്ങുകൾ അലങ്കോലമാക്കുകയും യോഗം നടത്താൻ വാടകയ്ക്കെടുത്തിരുന്ന സി ക്ളാസ് സിനിമാ തീയറ്റർ നശിപ്പിക്കുകയുമൊക്കെ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സഹോദരൻറെ കാലത്തും അദ്ദേഹത്തെ ഏറ്റവുംകൂടുതൽ ആക്രമിച്ചിരുന്നത് ഈഴവസമുദായമായിരുന്നു, കോമണായി ഹിന്ദുക്കൾ ആക്രമിച്ചതും വധിക്കാൻ ശ്രമിച്ചതുമൊക്കെ കൊടുങ്ങല്ലൂരിൽ വെച്ചുമാത്രമാണ്. അതവരുടെ ആചാരം ലംഘിക്കാൻ ശ്രമിച്ചാൽ അങ്ങിനെ ആയിരിക്കും. എന്നാൽ അയ്യപ്പനെ പുറത്താക്കുകയും പുലയൻ അയ്യപ്പനാക്കി അധഃകൃതനാക്കുകയും ചെയ്ത അതേ സഭ തന്നെ അദ്ദേഹം കൊച്ചിയിൽ ആദ്യമായി മന്ത്രി ആയപ്പോൾ തന്നെ സഹോദരന് ചെറായിയിൽ ഗംഭീര സ്വീകരണം ഒരുക്കുകയും മംഗള പത്രം നൽകുകയും ചെയ്തു, അധികാരം ഉണ്ടായാൽ എല്ലാ സമുദായങ്ങളുടെയും കാര്യം അത്രയൊക്കെയേ ഉള്ളൂ, അവരെക്കാൾ അധികാരം ഉണ്ടായപ്പോൾ അവർ ചാർത്തിക്കൊടുത്ത അധഃകൃത പട്ടം ഇല്ലാതായി. “അധികാരത്തിൽനിന്നും അകറ്റിനിർത്തപ്പെടുമ്പോഴാണ് അധഃകൃതൻ ഉണ്ടാകുന്നതെന്ന്” സഹോദരൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ?
അതേസമയം ചേർത്തലയിൽ സഹോദരൻറെ യോഗം അലങ്കോലപ്പെടുത്തിയതും കെസി കുട്ടനെ അന്ന് രാത്രി ആക്രമിച്ചതുമൊക്കെ ശീലാന്തി വർഗീസ് എന്ന ആർസി ഗുണ്ടയുടെ നേതൃത്വത്തിലാണ്. 1950 കൾ മുതൽ ഇടമറുകിനെ നിരന്തരം വേട്ടയാടിയിരുന്നതും അദ്ദേഹത്തെ രണ്ടുതവണ അറസ്റ്റ് ചെയ്യിപ്പിച്ചതിനും ലോക്കപ്പിൽ ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയനാകേണ്ടി വന്നതിനുമൊക്കെ പിന്നിൽ കത്തോലിക്കാ സഭയാണ്. അവർക്ക് വേണ്ടി ചില പാർട്ടിക്കാരും ഒത്താശ ചെയ്യുകയും തങ്ങളാൽ കഴിയുന്നതൊക്കെ അവരും ചെയ്തിരുന്നു എന്നത് വിസ്മരിക്കുന്നില്ല. എന്തൊക്കെ ചെയ്താലും ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും അധികം വായിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളിൽ ഒന്നായ അദ്ദേഹത്തിന്റെ ‘ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല’ എന്ന വെല്ലുവിളി പരിഹാസമന്യേ മതനേതാക്കളെ നോക്കി ഇന്നും പല്ലിളിക്കുന്നു. ലോകമുള്ളിടത്തോളംകാലം അത് അവരുടെ മുമ്പില് വലിയൊരു ചോദ്യചിഹ്നമായി എഴുന്നുനില്ക്കും. അതിൻറെ ശാപം മൂന്ന് തലമുറ വേട്ടയാടും എന്ന് വചനം ഉൾപ്പെടെ പറഞ്ഞു എന്നോട് പോലും ശപിച്ചിട്ടുള്ള ഒരു പള്ളിപ്പൊട്ടൻ ഉണ്ട്. കൂടാതെ അദ്ദേഹം മദർ തെരേസയെ തുറന്നുകാട്ടിയത് കത്തോലിക്കാ സഭയെ ചില്ലറയൊന്നുമല്ല അസ്വസ്ഥരാക്കിയത്. ഇപ്പോൾ സനൽ ഇടമറുക് വേട്ടയാടപ്പെടുന്നതിനും നാടുവിടേണ്ടി വന്നതിനെയുമൊക്കെ സനൽ ചെയ്തതിന്റെ പേരിൽ മാത്രമായി ലഘൂകരിച്ചു കാണേണ്ടതില്ല അച്ഛന് നൽകിയിരിക്കുന്ന തലമുറ ശാപത്തിൻറെ ഭാഗം കൂടിയാണ് അത്, മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ?
ഇടമറുക് ഖുർ ആൻ വിമർശനവും എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ആരും ഉപദ്രവിച്ചിട്ടില്ല. കേരളത്തിലെ മുസ്ലിങ്ങൾക്ക് പണ്ടുമുതലേ ഒരു സംവാദ സംസ്കാരമുണ്ട്. ഇപ്പോഴും അവർ സംവാദ സന്നദ്ധരായി വരാറുണ്ടല്ലോ? എന്നാൽ ഒരു വെള്ള നൈറ്റിക്കാരനും സംവാദത്തിന് വരില്ല. അവർ. അവർ പറയുന്ന പൊട്ടത്തരങ്ങൾക്ക് പ്രൈസ് ദി ലോഡ് പറയുന്ന വൺ സൈഡ് പ്രഭാഷണങ്ങൾ മാത്രമേ നടത്തൂ.
പിന്നീട് കേരളത്തിൽ യുക്തിവാദികളായ ഫ്രാസിസ് സാറിനുണ്ടായ അനുഭവങ്ങൾ ഞാൻ പലതവണ എഴുതിയിട്ടുണ്ടല്ലോ? യുക്തിവാദിയായി മാറിയ അലോഷ്യസ് അച്ചൻറെ മൃതദേഹം വെച്ച് നടത്തിയ കോപ്രായങ്ങളൊക്കെ യുക്തിവാദികൾക്ക് അറിവുള്ള കാര്യമാണല്ലോ? കൂടാതെ ആലപ്പുഴയിലും പത്തനംതിട്ടയിലുമൊക്കെ കത്തോലിക്കാ സഭയുമായി യുക്തിവാദികളുടെ മൃതദേഹങ്ങൾക്ക് വേണ്ടി സംഘർഷങ്ങളും കേസുകളുമൊക്കെ ഉണ്ടായിട്ടുണ്ട്.
എന്നെയും സഭ ഇപ്പോഴും ഉപദ്രവിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും എന്നെ ലത്തീൻ സഭ ആദ്യ ഘട്ടത്തിൽ വീട്ടുകാരെയും ബന്ധുക്കളെയും ഉപയോഗിച്ച് കുറെ ടോർച്ചർ ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും ഏശുന്നില്ലെന്ന് മനസിലാക്കി പിന്നീട് എനിക്ക് അർത്തുങ്കൽ സ്കൂളിൽ ജോലി ഓഫർ ചെയ്ത് യുക്തിവാദത്തിൻറെ ആധിപത്യത്തിൽ നിന്ന് മോചിപ്പിക്കാനാവുമോ എന്ന് മാത്രമമേ ശ്രമിച്ചിട്ടുള്ളൂ. അന്ന് ദൈവം ഉണ്ടോ ഉണ്ടില്ലയോ എന്നതിനേക്കാൾ പ്രധാനപ്പെട്ട കാര്യമാണ് ഒരു എയ്ഡഡ് സ്കൂളിലെ ജോലി എന്ന് മനസിലാക്കാനുള്ള യുക്തി എനിക്കില്ലാതിരുന്നതിനാൽ അത് നിരസിക്കുകയായിരുന്നു. എന്നെ ഉപദ്രവിച്ചിട്ടുള്ളത് മുഴുവൻ സീറോ സഭക്കാരാണ്. ഒരു ഡസനോളം കേസുകൾ കൊടുത്തതും ഇപ്പോഴുള്ള കേസുമെല്ലാം സീറോ സഭക്കാരുടേതാണ്.
ഇത് യുക്തിവാദികളുടെ കാര്യത്തിൽ മാത്രമല്ല, ഈ സഭയുടെ അത്ഭുതത്തിൻറെ ഏറ്റവും വലിയ തെളിവാണ് സിസ്റ്റർ ലൂസിയുടെ കേസിൻറെ അന്തിമ വാദ ദിവസം അവരുടെ വക്കീൽ വക്കാലത്ത് ഒഴിഞ്ഞതും ഹൈക്കോടതിയിലെ ഒരു വക്കീൽ പോലും അവരുടെ കേസ് ഏറ്റെടുക്കാൻ തയാറാകാതിരുന്നതും അവർക്ക് തനിയെ വാദിക്കേണ്ടി വന്നതും. അതുകൊണ്ട് കത്തോലിക്കാ സഭ എന്നത് പ്രത്യേകിച്ച് സീറോ സഭ, വെറും സീറോകൾ ആണെന്ന് ആരും ധരിക്കരുത്.


