Tue. Nov 24th, 2026

ആലപ്പുഴ: കളര്‍കോട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ച വാഹനം അനധികൃതമായി റെന്റ് എ കാര്‍ വ്യവസ്ഥയില്‍ നല്‍കിയതാണെന്ന് കണ്ടെത്തി. വാഹന ഉടമ ഷാമില്‍ ഖാന്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം നല്‍കിയത് അവര്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്നുപോലും പരിശോധിക്കാതെയാണെന്നും കണ്ടെത്തി. അപകടം നടന്ന ശേഷം ഇയാള്‍ മരിച്ച അബ്ദുല്‍ ജബ്ബാറിന്റെ ലൈസന്‍സ് സഹോദരനില്‍ നിന്ന് അയച്ചു വാങ്ങിയെന്നും കണ്ടെത്തി.

റെന്റ് എ കാര്‍ നല്‍കിയതിന് കാറുടമ ഷാമില്‍ ഖാന്‍ ഗൂഗിള്‍പേ വഴി പണം സ്വീകരിച്ചതായും പോലീസ് കണ്ടെത്തിയെന്ന് ആലപ്പുഴ ആര്‍ ടി ഒ ദിലു കെ വ്യക്തമാക്കി. ഇയാള്‍ക്ക് റെന്റ് എ കാര്‍ സംരംഭം നടത്താനുള്ള ലൈസന്‍സ് ഇല്ല. വാഹന ഉടമയ്‌ക്കെതിരെ വേറെയും പരാതികളുണ്ടെന്ന് ആര്‍ ടി ഒ പറഞ്ഞു.

അനധികൃതമായി വാഹനം വാടകക്കു നല്‍കുന്നു എന്നതിനും വാഹന ഉടമയ്‌ക്കെതിരെ നടപടി ഉണ്ടാകും. നിയമ വിരുദ്ധമായി റെന്റ് എ കാര്‍ ഇടപാട് നടത്തിയതിനാല്‍ ആര്‍ സി ബുക്ക് റദ്ദാക്കും. വാഹന ഉടമയ്‌ക്കെതിരെ പ്രൊസിക്യൂഷന്‍ നടപടി ഉണ്ടാകുമെന്നും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും ആര്‍ ടി ഒ കെ ദിലു അറിയിച്ചു.