✍️ ലിബി. സി. എസ്
ബിപ്ലവ യാഗത്തിലൂടെ കുപ്രസിദ്ധിനേടിയ ചേർത്തല കടക്കരപ്പള്ളിയിൽ ജനിച്ച ചെറുവാരണത്ത് (ഇന്നത്തെ പുത്തനമ്പലം) ജീവിച്ച മനക്കോടം കേശവൻ വൈദ്യരുടെ അച്ഛൻ ഉഴുതുമ്മേൽ കിട്ടൻ. ചേർത്തലയിലെ അറിയപ്പെടുന്ന ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ നവോത്ഥാന നായകൻ! (അറിയപ്പെടാത്തവർ വേറെയും കാണാം)
നവോത്ഥാന ചരിത്രത്തിൽ ഏറ്റവുമധികം സംഘട്ടനങ്ങൾ നടന്നിട്ടുള്ള സ്ഥലം ചേർത്തലയും പിന്നെ കുട്ടനാടുമായിരിക്കും, രണ്ടെടുത്തും ഗുരു ആദ്യം വന്നത് കാലങ്ങളായി നടന്നുകൊണ്ടിരുന്ന ഈ സംഘട്ടങ്ങളെ കുറിച്ച് കേട്ടറിഞ്ഞാണ്. അത്ര സുഖകരമായ കാര്യങ്ങളായിരുന്നില്ല അവയൊന്നും. പക്ഷേ ചേർത്തലയിൽ വന്നപ്പോൾ ഇവിടുത്തെ ഈഴവ യുവാക്കൾ വെറും ഗുണ്ടകൾ മാത്രമല്ല നല്ല വിജ്ഞാനികളും പണ്ഡിതന്മാരും എല്ലാമാണെന്ന് ബോധ്യമാവുകയും കേട്ടകഥകളൊക്കെ കണ്ടപ്പോൾ മാറിയതിനാലുമാണ് ‘കണ്ടാൽ മംഗളം’ എന്ന് ഗുരു പറഞ്ഞതുപോലും.
കരപ്പുറത്ത് ഉണ്ടായിരുന്ന സവർണ്ണമേധാവിത്വത്തിനെതിരെ ആദ്യ ചെറുത്തു നിൽപ്പിന് നേതൃത്വം വഹിച്ചത് ഉഴുതുമ്മേൽ കിട്ടൻ എന്ന ചെറുപ്പക്കാരൻ ആയിരുന്നു. സവർണ്ണ ഗുണ്ടകളെ നേരിടാൻ തീരുമാനിച്ച കിട്ടൻ പൊന്നാനിയിൽ പോയി കുട്ടിമൂസയിൽ നിന്ന് കളരിയഭ്യാസം നേടി. തിരിച്ചുവന്ന കിട്ടൻ ചേർത്തലയിലെ കുറെ ചെറുപ്പക്കാരെ സംഘടിപ്പിച്ചു. തിരിച്ചടിക്കണെമെന്ന് അഭിപ്രായമുള്ള ധാരാളം യുവാക്കൾ അന്ന് ചേർത്തലയിൽ ഉണ്ടായിരുന്നു, അദ്ദേഹം സമാന ചിന്താഗതിക്കാരായ ആരോഗ്യമുള്ള യുവാക്കളെ കളരി അഭ്യസിപ്പിച്ചു. തുടർന്ന് അവർ സവർണ്ണ ഗുണ്ടകളെ കായികമായി തന്നെ നേരിട്ടു. അതോടെയാണ് വാസ്തവത്തിൽ ചേർത്തലയിലെ സവർണ്ണാവർണ്ണ സംഘട്ടനങ്ങൾ ഇല്ലാതായതും .കൊടുത്താൽ കൊല്ലത്ത് മാത്രമല്ല ചേർത്തലയിലും കിട്ടുമെന്ന് അവർക്ക് മനസിലായതും.
ചേർത്തലയിൽ ഉഴുതുമ്മേല്‍ കിട്ടൻ എന്ന സാമൂഹ്യപരിഷ്കര്‍ത്താവ്, ഈഴവരെ സംഘടിപ്പിച്ച് നടത്തിയ നിരവധി ചെറുത്തുനിൽപ്പുകളിൽ പശുവും ഈഴവനുമായുള്ള നാട്ടുനടപ്പ് ബന്ധത്തിനെതിരെയുള്ള സമരം മാത്രമാണ് ചരിത്രത്തിൽ ഇടംപിടിച്ചത്. കാപ്പട പശു എന്നാണ് ഈ ആചാരത്തിൻറെ പേര്.
ഈഴവന്റെ വീട്ടിലെ പശു പ്രസവിച്ചാൽ പശുവിനെയും കിടാവിനെയും തമ്പ്രാൻറെ തൊഴുത്തിലെത്തിക്കണം എന്നത് അന്നത്തെ അലിഖിത നിയമമായിരുന്നു. ഈഴവൻറെ മക്കൾക്ക് പാലു കുടിക്കേണ്ട പഴങ്കഞ്ഞി കുടിച്ചാൽ മതി എന്നതായിരുന്നു സനാതന ആചാരം എന്ന് ഇന്ന് ഗോമാതാ സന്തതികളായി നടക്കുന്ന ഈഴവ യുവാക്കൾക്കറിയില്ല. പാല് മാത്രമല്ല മോരും തൈരും നെയ്യും വെണ്ണയുമെല്ലാം നിഷിദ്ധമായിരുന്നു. പശുവിൻറെ ചാണകവും ഗോമൂത്രവും മാത്രമാണ് ഈഴവന് അനുവദിച്ചിരുന്നത്. ചരിത്ര ബോധം നഷ്ടപ്പെട്ട തലമുറയെ ഉപയോഗിച്ച് കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് മാന്തിക്കുന്നവരുടെ കൈയില്‍ അനുസരണയുള്ള വാനരന്മാരായിരിക്കുകയാണ് ഇവർ.
ഈ അനീതിക്കെതിരെ പ്രതികരിക്കാൻ കിട്ടനും സംഘവും തീരുമാനിച്ചു. ഒരാഴ്ചകൊണ്ട് അവർ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി. ജന്മിയുടെ തൊഴുത്തിൽ ഏൽപ്പിച്ചിരുന്ന കുടിയാൻറെ പ്രസവിച്ച സകല പശുക്കളെയും കിടാങ്ങളെയും വീണ്ടെടുത്തു.
കൂടാതെ പുഞ്ചപ്പാടത്തു നിന്ന് കൊയ്തെടുത്ത കറ്റകൾ ഏറെ ദൂരം തലയിൽ ചുമന്ന് ജന്മിയുടെ കളത്തിൽ എത്തിക്കുന്ന പതിവു നിർത്തിച്ചതും കിട്ടൻ ആണ്. കളം വയലിനു സമീപം ഒരുക്കാൻ കിട്ടൻ നിർദ്ദേശിച്ചു. അല്ലെങ്കിൽ കറ്റകൾ കർഷകത്തൊഴിലാളികളോട് വീട്ടിൽ കൊണ്ടുപോയ്ക്കോളാൻ കിട്ടൻ പറഞ്ഞു.
അതോടെ കിട്ടൻ എന്ന പേരു കേട്ടാൽ തന്നെ സവർണ്ണ സമ്പന്നൻമാരെ പോലെ അവർണ മുതലാളൻമാർക്കും മുട്ടിടിക്കാൻ തുടങ്ങി. ഉഴുതുമ്മേൽ കുടുംബക്കാരും സമ്പന്നർ ആയിരുന്നെങ്കിലും അവർ അഗതികളുടേയും അശരണരുടെയും കണ്ണീർ ഒപ്പുന്നവരായിമാറി. പട്ടിണി കിടക്കുന്നവർക്കു ഭക്ഷണം നൽകാനവർ ശ്രദ്ധിച്ചിരുന്നു.
1873ൽ തന്നെ ഈഴവരായ ചില യുവാക്കൾ ചേർത്തലയിൽ കഥകളി നടത്താൻ തീരുമാനിച്ചു. ഇതു സവർണർ തടഞ്ഞു. സംഭവമറിഞ്ഞു ഉഴുതുമ്മേൽ കിട്ടനും സംഘവുമെത്തി കിട്ടൻ്റെ തലവട്ടം കണ്ടതോടെ മേൽജാതിക്കാർ തലയിൽ മുണ്ടിട്ടു മുങ്ങി. ചേർത്തലയിലെ കണ്ടമംഗലത്തെയും ശ്രീകണ്ഠേശ്വരത്തേയുമൊക്കെ അവർണ്ണ കഥകളി സംഘങ്ങൾക്കുപിന്നിൽ വലിയ ചരിത്രമുണ്ട്. ധാരാളം സംഘട്ടനങ്ങളുടെ കഥ അവയുടെയൊക്കെ പിന്നിലുമുണ്ട്.
ചേർത്തല പ്രദേശങ്ങളിൽ മകരം – കുംഭമാസങ്ങളിൽ കുളം വെട്ട് നടത്തിയിരുന്നു. ഈ കുളം വെട്ടും ചെറിയ ഒരു ഉത്സവം തന്നെയായിരുന്നു. കുളങ്ങളിലെ വെള്ളം തേക്കുപാട്ടയുപയോഗിച്ച് തേവി കളഞ്ഞിട്ട് ആണ് മണ്ണ് വെട്ടിക്കയറ്റുന്നത്, ഈ കുളംവെട്ടിനെ പറ്റി ഭഗവാൻ സിംഗിന്റെ പുസ്തകത്തിൽ ഒരു അദ്ധ്യായമുണ്ട്. ആരോഗ്യമുള്ള അവർണ്ണ ചെറുപ്പക്കാരാണ് വെള്ളം തേവുകാർ. ഇവർക്ക് ഭക്ഷണം കൊടുക്കും. പക്ഷേ കൂലിയില്ല. ഇതിനെതിരെയും കിട്ടനും സംഘവും രംഗത്ത് വരികയും അവർക്കെല്ലാം കൂലി വാങ്ങി നൽകുകയും ചെയ്തു. ഉഴുതുമ്മേൽ കിട്ടൻ്റെ ജീവചരിത്രം ആദ്യമായി എഴുതിയത് ശ്രീ .കെ. സി.കുട്ടൻ ആണ്.
പി. ഭാസ്കരനുണ്ണിയുടെ “പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം” എന്ന ഗ്രന്ഥത്തിലും കാപ്പട പശു എന്ന ആചാരത്തിനെതിരെ ചേർത്തലയിൽ ഈഴവർ നടത്തിയ ചെറുത്തു നിൽപ്പുകൾ വിവരിക്കുന്നുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം വരെ “മോരോ മറ്റു ഗോരസങ്ങളോ കൂട്ടി ഉണ്ണാന്‍ അവര്ണ്ണര്ക്കറിയില്ലായിരുന്നു” വെന്ന് സവര്‍ണ്ണര്‍ പരിഹസിച്ചിരുന്നതായി പി. ഭാസ്കരനുണ്ണിയുടെ “പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം” എന്ന ഗ്രന്ഥത്തില്‍ കാണാം. എന്തുകൊണ്ടാണ് അങ്ങനെയൊരു പരിഹാസം അവര്‍ണ്ണര്‍ക്ക് നേരെ സവര്‍ണ്ണര്‍ നടത്തിയിരുന്നത്? എന്നും ഭാസ്കരനുണ്ണി വിവരിക്കുന്നുണ്ട്.
“ഗോരസങ്ങളിലേതെങ്കിലുമൊന്നു പ്രധാന ഭക്ഷണത്തിനുണ്ടാവുക മലയാളിക്ക് പ്രിയമായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍. അതും സവര്‍ണ്ണര്‍ക്ക് മാത്രമായിരുന്നുവെന്ന് ധരിക്കണം, കേരളീയരുടെ കഴിഞ്ഞ നൂറ്റാണ്ടിനെക്കുറിച്ചുള്ള എല്ലാ ശുഭവര്ത്തമാനങ്ങളുടെയും ഗതി പൊതുവേ ഇത് തന്നെയായിരുന്നുവെന്നും മറക്കരുത്. അവര്ണ്ണന് പശുക്കളെ തീറ്റാനല്ലാതെ പോറ്റാനോ കറക്കാനോ അവകാശമുണ്ടായിരുന്നില്ല. പശു, ലക്ഷ്മിയാണ്. പശു പെറ്റാല്‍ അന്തര്‍ജ്ജനം പെറ്റ പുലയാണ്- പത്തു പുല. ആ പുല കഴിഞ്ഞു പശുവിനെ കറക്കുന്നതും പാലും മറ്റുത്പന്നങ്ങളും കൈകാര്യം ചെയ്യുന്നതും സവര്‍ണ്ണര്‍ തന്നെയാവണമെന്നായിരുന്നു രാജനിശ്ചയം. പാലും വെണ്ണയും നെയ്യുമെല്ലാം സമൃദ്ധിയായി ഉപയോഗിക്കേണ്ടിയിരുന്നത് സവര്‍ണ്ണപ്രഭുക്കളും തമ്പുരാക്കന്മാരുമായിരുന്നല്ലോ. അവര്‍ക്ക് പ്രിയപ്പെട്ട ഭക്ഷണസാധനങ്ങള്‍ അയിത്തമാകാതെ സംരക്ഷിക്കേണ്ടത് അവരുടെ കടമയാണ്. കേരളത്തിലെ രാജാക്കന്മാര് കിരീടധാരണവേളയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിലെ പ്രധാന ഭാഗം തന്നെ പശുക്കളേയും ബ്രാഹ്മണരെയും രക്ഷിക്കമെന്നാണ്. അങ്ങനെ തന്നെ അവര്‍ വാക്കും പാലിച്ചു. എതെങ്കിലുമൊരവര്ണ്ണന് -ഈഴവന് പോലും- പശുവിനെ കറന്നെങ്കില് അതിനുള്ള ശിക്ഷയും അവന് അനുഭവിച്ചിട്ടുണ്ട്. കൊല്ലവര്‍ഷം 928-ലെ ഒരു വിധി നോക്കൂ:- “നാളത് കുടിയക്കോണത്ത് കുടിയിരിക്കും ഈഴം ശങ്കരന് ശങ്കരന് പേരില്‍ ടിയാന് പചുവുകെട്ടിക്കറന്ന പിഴയ്ക്ക് 30 പണം ഉത്തിരിപ്പാട്” [ചുരുണ-812- ഓല 408- സെന്‍ട്രല്‍ ആര്‍ക്കൈവ്സ്, തിരുവനന്തപുരം] തീര്‍ന്ന വിധി നിശ്ചയമാണത്. ഇത് തിരുവിതാംകൂറിലെ നിയമവ്യവസ്ഥ.” (പി.ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പേജ് 41,42)
തിരുവിതാംകൂറിൽ മാത്രമല്ല കൊച്ചിയിലും ഇതുതന്നെയായിരുന്നു സ്ഥിതി. “പണ്ടുകാലത്ത് കേരളത്തില്‍ പശുക്കളെ കറന്ന് പാലുപയോഗിക്കാന്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂവെന്ന ഒരു വിശ്വാസവും ആചാരവുമുണ്ടായിരുന്നു. എനിക്ക് ഓര്‍മ്മ വെച്ച കാലമായപ്പോഴേക്കു… അപ്രകാരം ആചരിച്ചിരുന്നവര്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ആ കാലമായപ്പോഴേക്ക് ഈഴവരുടെ വീടുകളില്‍ പശു പെറ്റാല്‍ പതിനൊന്നാം ദിവസത്തെ പാല് മനയ്ക്കലേക്ക് കൊടുക്കാനുള്ളതാണ്. അതിനാല്‍ പതിനൊന്നാം ദിവസം കാലത്ത് ആളെ അയച്ച് പശുവിനെ കറപ്പിച്ചു പാല് കൊണ്ടുപോരണമെന്ന് അതിന്റെ ഉടമസ്ഥന് പത്താം ദിവസം ഇല്ലത്തു വന്നപേക്ഷിക്കുകയും അപ്രകാരം പാല് കൊണ്ടുവരികയും ചെയ്തതായി പലതവണ ഞാന്‍ കണ്ടിട്ടുണ്ട്… പശുക്കളുടെ ഓരോ പ്രസവത്തിലും ആദ്യം കറക്കുന്ന പാല് ദേവന് വഴിപാടായി കൊടുക്കണമെന്ന് നിര്‍ബന്ധമായിരുന്നു. ഈഴവന് കറന്നെടുത്ത പാല്- അവര്‍ തൊട്ടതെന്നര്‍ത്ഥം- വഴിപാടിന് മാത്രമല്ല, ബ്രാഹ്മണര്‍ക്ക് പോലും ഉപയോഗിക്കുവാന്‍ പാടില്ലായിരുന്നു. ആ കാലത്തെല്ലാം ഗവ്യം കാര്യമായി ഉപയോഗിച്ചിരുന്നത് കേരളീയരില്‍ നമ്പൂതിരിമാര്‍ മാത്രമായിരുന്നു” (കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാടിന്റെ ആത്മകഥയായ ‘എന്റെ സ്മരണകള്‍’ എന്ന പുസ്തകത്തില്‍ നിന്നുള്ളത് പി.ഭാസ്കരനുണ്ണി ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരണിയായി ചേര്‍ത്തിരിക്കുന്നത്, പേജ് 42)
എത്ര മനോഹരമായ ഹൈന്ദവ ആചാരങ്ങൾ എന്ന് നോക്കൂ:
“പശുക്കളെ ആര്‍ക്കും വളര്‍ത്താം. പക്ഷേ, അത് പ്രസവിച്ചു പോയാല്‍ പിന്നെ, ഈഴവര്‍ക്കും മറ്റും കറന്നെടുക്കാന്‍ അവകാശമില്ല; അടുത്തുള്ള നായര്‍ പ്രമാണിയെ ഏല്പിച്ചേക്കണം. കറവ തീരുമ്പോള്‍ അറിയിക്കും. അപ്പോള്‍ വീണ്ടും കൊണ്ടുപോന്നേക്കണം. കൊടുക്കുമ്പോഴും, വാങ്ങുമ്പോഴും ഓരോ ഊണ് കിട്ടിയെന്ന് വരാം. ഇതാണ് പ്രതിഫലം. വിപരീതമായി നിന്നുപോയാല്‍ പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടി അടിക്കും. സ്വന്തം ആളുകള്‍ ചെന്ന് വെറ്റിലപ്പാക്ക് വെച്ച് ക്ഷമാപ്രാര്‍ത്ഥന ചെയ്ത് പശുവിനെ കൊടുത്ത് അയാളെ മരത്തില്‍ നിന്ന് അഴിപ്പിച്ചു വിടുവിക്കണം.” (പി.ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പേജ് 42,43)
“ശ്രീ. കാണിപ്പയ്യൂരിന് ഓര്‍മ്മവെച്ച നാളില്‍,- എന്നുപറഞ്ഞാല്‍ 1900-മാണ്ടോടുകൂടി- പശുക്കളെ ഈഴവര്‍ കറന്നുകൂടെന്ന വിശ്വാസം കുറച്ചേ ഉണ്ടായിരുന്നുള്ളൂവെന്നു പറയുമ്പോള്‍– അന്നും അങ്ങനെ ഉണ്ടായിരുന്നു—തലേ നൂറ്റാണ്ടിലെ കാര്യം വിശേഷിച്ചു പറയേണ്ടി വരുന്നില്ല. ഒരു കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തു—ഗവ്യം പ്രധാനമായും ഉപയോഗിച്ചിരുന്നത് നമ്പൂതിരിമാരുമായിരുന്നു. ‘ഈഴവര്‍ക്ക് പശുവിനെ കറക്കാന്‍ പാടില്ലെന്ന ആചാരത്തെ വിശ്വാസപ്രമാണമായി പത്തൊമ്പതാം നൂറ്റാണ്ടില്‍ ഈഴവരും ആചരിച്ചു വന്നുവെന്നുള്ളതാണ് സത്യം. വല്ലവരും മറിച്ചു രഹസ്യമായി കറന്നെങ്കില് അതിന്റെ പിഴ അവനു മീതെ വീണ സംഭവം രേഖയില്‍ നിന്ന് തെളിഞ്ഞുവല്ലോ. പശു ഈഴവന്റെ- അവര്‍ണ്ണന്റെ- തൊഴുത്തില്‍ നിന്ന കാലത്തും കറന്നത് സവര്ണ്ണനായിരുന്നുവെന്നും കാണിപ്പയ്യൂരിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അത് നിവേദ്യമായി നല്‍കുന്നത് കൊണ്ടായിരുന്നു. അപ്പോള്‍ തിരുവിതാംകൂറിലുണ്ടായിരുന്ന 3,14,889 പശുക്കളും സവര്‍ണ്ണരുടെ ആലയില്‍ തന്നെ അന്ന് നിന്നു. അല്ലെങ്കില്‍ അവര്‍ണ്ണന്റെ തൊഴുത്തില്‍ നിന്നെങ്കിലും, സവര്‍ണ്ണരുടെ ആവശ്യത്തിന് സവര്‍ണ്ണര്‍ തന്നെ കറന്ന് പാലെടുത്തിരുന്നു. അന്നൊക്കെ മോരോ മറ്റു ഗോരസങ്ങളോ കൂട്ടി ഉണ്ണാന്‍ അവര്ണ്ണര്ക്കറിയില്ലായിരുന്നുവെന്ന ആരോപണത്തിന്റെ കാതല്‍ എവിടെ കിടക്കുന്നുവെന്നും ഇപ്പോള്‍ കണ്ടു കഴിഞ്ഞുവല്ലോ’ (പി.ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പേജ് 42)
കാപ്പട പശു എന്ന ഈ ആചാരം മാറ്റിയെടുക്കാന്‍ ഈഴവര്‍ കുറേ അടിയും തൊഴിയും കൊള്ളുക മാത്രമല്ല, കോടതിയിലും കയറിയിറങ്ങിയിട്ടുള്ള കാര്യവും പി.ഭാസ്കരനുണ്ണി വിവരിക്കുന്നുണ്ട്: “ഈ അവസ്ഥയ്ക്ക് കൊല്ലവര്‍ഷം 1050-55-നോടടുത്ത്—1875-80-നോടടുത്ത് ചില പ്രദേശങ്ങളില്‍ മാറ്റമുണ്ടായിത്തുടങ്ങി. അതിലൊന്നാണ് ചേര്‍ത്തലയിലെ തണ്ണീര്‍മുക്കം എന്ന സ്ഥലം. അവിടെ ഇതിനെതിരായി ഉഴുതുമ്മേല്‍ കിട്ടന് എന്ന സാമൂഹ്യപരിഷ്കര്‍ത്താവ്, ഈഴവരെ സംഘടിപ്പിച്ച് പശുക്കറവയ്ക്കുള്ള സവര്‍ണ്ണരുടെ കോയ്മയ്ക്ക് വിഘ്നം വരുത്തി. ഉഴുതുമ്മേല്‍ കിട്ടന് പശുക്കറവയുടെ സംഗതിയിലാണ് ആദ്യമായി ശ്രദ്ധ പതിപ്പിച്ചത്. ഈഴവരില്‍ ചങ്കൂറ്റവും മെയ് സ്വാധീനവുമുള്ള പല പ്രമാണികളെയും ചെന്ന് കണ്ട് ദീര്‍ഘമായി ആലോചന നടത്തി വിവരം എല്ലാ തണ്ടാന്‍ പണിക്കന്മാര്ക്കും അറിവ് കൊടുത്തു. അടുത്ത നാളില്‍ തന്നെ അയല്‍വീട്ടിലെ പശു പ്രസവിച്ചു. ഉടമസ്ഥനോടു തനിയെ കറന്നുപയോഗിക്കാന് ധൈര്യപ്പെടുത്തി. പാല് കറന്നുപയോഗിക്കാന് കാത്തിരുന്ന നായര്‍ പ്രമാണിക്ക് ഇത് രസിക്കുമോ?… പത്തുപന്ത്രണ്ട് മല്ലന്മാരായ അനുയായികളാണ് അങ്ങോട്ട് ചെന്നത്. ഉടമസ്ഥന് ഭയന്ന് ചരിത്രപുരുഷന്റെ വീട്ടില്‍ അഭയം പ്രാപിച്ചു. യാതൊരു കൂസലും കൂടാതെ, “പ്രമാണിയുടെ ആള്‍ക്കാരുടെ മുമ്പിലേക്ക് നീങ്ങിനിന്നു കൊടുക്കൂ…” എന്നദ്ദേഹം പറഞ്ഞു. എന്നാല്‍ നായന്മാര്ക്ക് കാണാന്‍ കഴിഞ്ഞത് പത്തറുപതു സന്നദ്ധരായ ഈഴവര്‍ തങ്ങളെ വലയം ചെയ്തിരിക്കുന്നതാണ്. അവര്‍ സ്ഥലം വിട്ടു. ഞര്‍ക്കുരു കുട്ടിപ്പണിക്കര്‍ എന്നാണ് ആ പ്രമാണിയുടെ പേര്… അടുത്ത ദിവസം ഒരു കേസ് ഫയലായി. ഈഴവരില്‍ തലയെടുപ്പുണ്ടെന്നു തോന്നിയ സകലരും പ്രതികളായി. എല്ലാവരും ഒത്തൊരുമിച്ചു… പണപ്പിരിവ് നടത്തി കേസ് വാദിച്ചു. ഒടുവില്‍ ഈഴവര്‍ തന്നെ വിജയം വരിക്കയാണ് ചെയ്തത്” (പി.ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പേജ് 43)
തല്ലുകൊണ്ടും കൊടുത്തും കാശ് മുടക്കി കേസ് നടത്തിയുമാണ് നമ്മുടെ പൂർവികർ ഇതെല്ലാം നേടിയെടുത്തത്. അല്ലാതെ ഹിന്ദുവിൻറെ സനാതന ബോധംകൊണ്ട് ആരും ഔദാര്യമായി തന്നതല്ല.
നമ്മുടെ പിതാമഹന്മാരുടെ അധ്വാനത്തെ കൊള്ളയടിക്കുക മാത്രമല്ല, ആ കൊള്ളയടിച്ചത് വെട്ടി വിഴുങ്ങി നാലുനേരം തിന്ന് ഏമ്പക്കം വിട്ടുകൊണ്ട് “മോരോ മറ്റു ഗോരസങ്ങളോ കൂട്ടി ഉണ്ണാന്‍ അറിയാത്തവന്മാര്’’ എന്ന് നമ്മുടെ പിതാമഹന്മാരെ പരിഹസിക്കുകയുമായിരുന്നു.
അവരുടെ പിന് തലമുറക്കാരാണ് ഇപ്പോൾ നമ്മുടെ തോളിൽ കയ്യിട്ട് ‘മഹത്തായ സനാതന അധർമ്മത്തിന്റെ ആളുകളാണ് നമ്മൾ” എന്ന് പറഞ്ഞ് ചരിത്രബോധമില്ലായ്മയെ സമര്‍ത്ഥമായി മുതലെടുത്ത് വീണ്ടും കുരങ്ങിനെക്കൊണ്ട് ചുടുചോറ് വരിക്കുന്ന പണിയുമായി ഇറങ്ങിയിരിക്കുന്നത്.


