Sun. Nov 22nd, 2026

✍️ ലിബി. സി. എസ്

പാലക്കാട് ജില്ലയിലെ പ്രശസ്തമായ കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. രഥോത്സവം കാണാൻ പോയ ഒരു കൂട്ടം ഈഴവ യുവാക്കളെ അക്രമസക്തരായ ബ്രാഹ്മണർ തല്ലിച്ചതച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. കൽപ്പാത്തി അഗ്രഹാരത്തിൽ പ്രവേശിച്ചതിന്റെ പേരിലാണ് ബ്രാഹ്മണ ഗുണ്ടകൾ ഈഴവരെ ക്രൂരമായി മർദ്ദിച്ചത്. ഒ.വി വിജയന്റെ മുത്തശ്ശനായ ടി. കെ.ചാമി, കെ ടി മാധവൻ, ജോൺ കിട്ട, പി. സി. ഗോപാലൻ തുടങ്ങിയ പ്രമുഖ വ്യക്തികളാണ് മർദ്ദനത്തിന് ഇരയായത്. സഞ്ചാര സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടിയുള്ള വലിയൊരു സമരപോരാട്ടമായി മാറിയ വൻ തോതിലുള്ള മത പരിവർത്തനങ്ങൾക്ക് വഴിതെളിച്ച ആ സംഭവം പാലക്കാടിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാനമായ ഏടാണ്.

ആളിനാണോ മതത്തിനാണോ അയിത്തം?

എന്തുകൊണ്ടാണ് ദളിതരോ പിന്നോക്കക്കാരോ മതം മാറുമ്പോൾ മുൻപ് വിവേചനം ഇല്ലാതിരുന്നതും ഇപ്പോൾ വിവേചനം ഉള്ളതും? അത് ആളിനല്ല മതത്തിനാണ് അയിത്തം എന്ന് പറയുന്നത് ഭാഗികമായ ശരി മാത്രമാണ്. തെറ്റായ വിശ്വാസം നമ്മൾ വച്ചുപുലർത്തുന്നതുകൊണ്ടാണ് അവർണ്ണരും ഇത് അംഗീകരിക്കുന്നത് എന്നത് മാത്രം ഭാഗീകമായി ശരിയാണ്. എന്നാൽ പൊളിറ്റിക്കൽ സയൻസ് പഠിച്ചിട്ടുള്ളവർക്ക് അറിയാം ഒരു സോഷ്യൽ സിസ്റ്റം നിലനിർത്തുന്നത് ഒരു അഡ്മിനിസ്ട്രേറ്റിവ് സിറ്റമാണ്.

ബ്രിട്ടീഷ് കാലത്ത് മതമറിയാൽ ദളിതനുപോലും വിവേചനം അനുഭവിക്കേണ്ടിവരാതിരുന്നത് അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് സിസ്‌റ്റത്തിന്റെ തലപ്പത്തുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണകൂടം ജാതിവ്യവസ്ഥ അംഗീകരിക്കാത്ത ക്രിസ്ത്യാനികൾ ആയിരുന്നതുകൊണ്ടാണ്.

എന്തുകൊണ്ടാണ് ഗുരു നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാർ ആണെന്ന് പറഞ്ഞത്? ശിഷ്യന്മാരോട് ബ്രിട്ടീഷുകാർക്കുവേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞത്? പലകാരണങ്ങളുണ്ട്, അതിൽ ഒരു കാരണം ഇതാണ്. ഗുരു സന്യാസിയാകുന്ന സമയത്തെ ചരിത്ര പശ്ചാത്തലം എം.എസ്, ജയപ്രകാശ് സാർ ഇങ്ങനെ വിവരിക്കുന്നു.- “പാലക്കാട് രാജാവിൻറെ ബ്രാഹ്മണർക്കുള്ള ഊട്ടുപുരയിലേക്ക് ബ്രാഹ്മണർ ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോൾ വിശന്നു വലഞ്ഞ ഒരു ആദിവാസി വൃദ്ധൻ കടന്നുചെന്നു. അതുകണ്ട് കോപാകുലനായ രാജാവ് ശ്രീരാമൻ ശംബൂകനെ കൊന്നതുപോലെ ഒറ്റവെട്ടിന് അയാളുടെ കഥ കഴിച്ചു. എന്നാൽ ബ്രിട്ടീഷ് ഗവൺമെൻറ് രാജാവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. അറസ്റ്റിലായ രാജാവ് ജയിലിൽ കിടന്നു മരിച്ചു. ഈ ഓർമ്മ കേരളത്തിലെ എല്ലാ നാടുവാഴികൾക്കും നല്ലതുപോലെ ഉണ്ടായിരുന്നതുകൊണ്ടാണ് അവർണ്ണ സന്യാസിയായ നാരായണ ഗുരുവിനെ അവർ കയ്യേറ്റം ചെയ്യാതിരുന്നത്.’ എന്ന് ഡോ. എം.എസ്, ജയപ്രകാശ് സാർ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് 1918 ൽ ചെന്നിത്തലയിൽ വച്ച് പറയ സമുദായത്തിൽ പെട്ട ശുഭാനന്ദസ്വാമിക്കും സ്വയം കഷായമുടുത്ത് സന്യാസിയാകാൻ പറ്റിയത്.

അതുപോലെതന്നെ ക്രിസ്ത്യാനികളെയും അവർക്ക് ഭയമായിരുന്നു. അതിനും കാരണം ബ്രിട്ടീഷ് കാരുടെ മതമായതുകൊണ്ടുള്ള ഭയമായിരുന്നു. മതപരിവർത്തനം ചെയ്ത ഒരു ദലിത്‌ ബാലികയെ ആ കുട്ടി അറിയാതെ വൈക്കം ക്ഷേത്രത്തിൻറെ പരിസരത്തുള്ള ക്രിസ്ത്യാനിക്കും മുസ്ലിങ്ങൾക്കും നടക്കാവുന്ന വഴിയിലൂടെയല്ലാതെ പ്രധാന വഴിയിലൂടെ നടന്നതിന് ഒരു നായർ പ്രമാണി ക്രൂരമായി മർദ്ദിച്ചു. ഇതിനെതിരെ സിഎസ്‌ഐ സഭ നൽകിയ പരാതിയിൽ അയാളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്യുകയും തലകീഴായി തൂക്കിയിട്ട് 101 അടി കൊടുക്കാനും ശിക്ഷിക്കുകയും അങ്ങനെ ചെയ്തതായും ദളിത് ബന്ധുവും എഴുതിയിട്ടുണ്ട്. അതുകൊണ്ട് ക്രിസ്ത്യാനികളെ നേരിട്ട് ഉപദ്രവിച്ചാൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഇതൊക്കെയായിരുന്നു അന്നത്തെ സാമൂഹ്യപശ്ചാത്തലം.

മുസ്ലിം ആയാൽ അയിത്തമില്ലാതിരുന്നതും അവരെ ഭയപ്പെട്ടിട്ടാണ്. മുസ്ലിങ്ങളെ പണ്ടും ഇന്നും സവർണ്ണ ഹിന്ദുവിന് ഭയമാണ്. അതുകൊണ്ടാണ് ഇന്നും മുസ്ലിങ്ങൾ തങ്ങളുടെ ശത്രുക്കളാണെന്നു അവർണ്ണരെകൂടി തെറ്റിദ്ധരിപ്പിച്ച് തങ്ങൾക്കൊപ്പം നിർത്താൻ ഹിന്ദുത്വവാദികൾ പാടുപെടുന്നത്. എല്ലാ ഫാസിസ്റ്റുകളും ആത്യന്തികമായി ഭീരുക്കളാണ്. അതുകൊണ്ടാണ് ഈഴവസമുദാത്തിൽ മതപരിവർത്തനത്തെക്കുറിച്ച് നടന്ന ചർച്ചയിൽ ‘അസവർണ്ണർക്ക് നല്ലത് ഇസ്ലാം എന്നും. മതംമാറി തൊപ്പിയിട്ടാൽ ഒരു ഒരു അവർണ്ണനെയും കൈവെക്കാൻ സവർണ്ണന് ധൈര്യമുണ്ടാവില്ല’ എന്ന് സഹോദരൻ പറഞ്ഞത്. യഥാർത്ഥത്തിൽ ഹൈന്ദവ ചാതുര്‍വര്‍ണ്യശക്തികളുടെ സനാതന അധർമ്മത്തിൽനിന്നും പല മാർഗങ്ങളിലൂടെ മോചനം നേടാൻ ശ്രമിച്ച ധീരരായ അവർണ്ണരാണ് കേരളത്തിലെ ഇസ്ലാം വിഭാഗത്തിലും ക്രിസ്ത്യൻ വിഭാഗത്തലുമുള്ളവരിൽ ബഹുപൂരിപക്ഷവും. ഈ ജനതയുടെ ഗതകാലചരിത്രം മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികൾക്കും മറ്റു മാര്‍ഗങ്ങളിലൂടെ- ശ്രീനാരായണ, അയ്യങ്കാളി പ്രസ്ഥാനങ്ങള്‍- മോചിതരായവര്‍ക്കും വ്യക്തമായി അറിയില്ല എന്നിടത്താണ് ഹിന്ദുത്വവാദികൾ വിജയിക്കുന്നത്. ഒരു ജനതയെ നശിപ്പിക്കാൻ അവരുടെ ചരിത്രം നശിപ്പിച്ചാൽ മതിയെന്ന് പറയുന്നത് അതുകൊണ്ടാണ്.

ബ്രിട്ടീഷുകാർ വരുന്ന ആദ്യ സമയത്ത് ബ്രിട്ടീഷ് മിഷനറികളിൽ പെട്ട അച്ചൻമാർ ഞായറാഴ്ച സുറിയാനി പള്ളികളിൽ കുർബാന കൂടാൻ ചെന്നാൽ അവർ പുലയരുടെയും പറയരുടെയും ഇടയിൽ പ്രവർത്തിക്കുന്നവരായതിനാൽ കുർബാന കഴിയുമ്പോൾ സുറിയാനി അച്ചന്മാർ പോയി ശുദ്ധിവരുത്താനായി കുളിക്കുമായിരുന്നു എന്ന് ദളിത് ബന്ധു “കേരളത്തിലെ സുറിയാനി സഭയുടെ ചരിത്രം” എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതായിരുന്നു ബ്രിട്ടീഷ് ഭരണത്തിന് മുൻപും പിൻപും ഉള്ള ഹിന്ദു മതം മാറിയ ക്രിസ്ത്യാനികളുടെ പോലും മനോഭാവം.

അത് മാറിയത് ബ്രിട്ടീഷ് അഡ്മിനിസ്ട്രേറ്റിവ് സിസ്റ്റത്തെ ഭയന്നിട്ടാണ്, എല്ലാ അനാചാരങ്ങളും നിനിർത്തലാക്കിയിട്ടുള്ളത് നിയമം മൂലമാണ്, സതി ഉൾപ്പെടെ നിർത്തലാക്കിയത് ബ്രിട്ടീഷുകാർ അത് ചെയ്യുന്നവരെ അതുപോലെ കത്തിക്കുമെന്ന് പറഞ്ഞാണല്ലോ?

എന്നാൽ സ്വാതന്ത്ര്യം കിട്ടിയതോടെ വീണ്ടും ബ്രാഹ്മണിസ്റ്റുകളുടെ അഡ്മിനിസ്ട്രേറ്റിവ് സിസ്റ്റം നിലവിൽ വരികയും മതം മാറിയ ദളിതനും പിന്നോക്കക്കാരനും മറാത്ത ദളിതനും പിന്നോക്കക്കാരനും എല്ലാം പഴയപടി ആകുകയുമാണ് ഉണ്ടായത്. അത് ഡോ. അംബേദ്‌കർ ഭരണഘടന സമർപ്പിച്ചശേഷം പുറത്തുവരുമ്പോൾ പത്രക്കരോട് പറയുന്നുണ്ടല്ലോ? ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള അങ്ങയുടെ പ്രതീക്ഷ എന്താണ് എന്ന് ചോദിക്കുമ്പോൾ “ഭരണഘടന എഴുതിയത് ഞനാണെങ്കിലും ഭരിക്കാൻ പോകുന്നത് സവർണ്ണൻ അല്ലേ?” എന്ന്. അതിൽ എല്ലാമുണ്ട്.

അതുകൊണ്ടാണ് സഹോദരൻ അയ്യപ്പൻ ‘അധികാരത്തിൽനിന്നും അകറ്റിനിർത്തപ്പെടുന്നവനാണ് അധഃകൃതൻ എന്നും ആദ്യം കൊയ്യണം അധികാരം’ എന്നുമൊക്കെ പറഞ്ഞതും കേവല യുക്തിവാദവും കൊണ്ടിരിക്കാതെ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചതും.
.
ലോകത്ത് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ നിയമം മൂലം നിരോധിച്ചിട്ടുള്ള ഭരണഘടനയുള്ള ഏകരാജ്യമാണ് ഇൻഡ്യയെങ്കിലും ഇവിടെ ഇന്നും അത് നിലനിൽക്കുന്നത് അഡ്മിനിസ്ട്രേറ്റിവ് സിസ്റ്റത്തിൽ ബ്രാഹ്മണരും ബ്രാഹ്മണിസ്റ്റുകളും ആയതുകൊണ്ടാണ്.

വന്നുവന്ന് ” ബ്രാഹ്മണൻ പ്രത്യേക ക്‌ളാസ് ആണെന്ന്” വരെ കണ്ടുപിടിച്ച ആളുകൾ അഡ്മിനിസ്ട്രേറ്റിവ് സിറ്റത്തിൽ ഇരിക്കുമ്പോൾ സോഷ്യൽ സിസ്റ്റം മാറുമെന്ന് ചിന്തിക്കുന്ന ദളിതന്റെയും പിന്നാക്കക്കാരന്റെയുമൊക്കെ മതത്തിലല്ല പ്രശ്‌നം തലക്കാണ് പ്രശ്‌നം. അത് തലയിൽ കയറാത്ത കാലത്തോളം നിങ്ങൾ അധഃകൃതരായി തുടരുക തന്നെ ചെയ്യും.