✍️ ലിബി. സി. എസ്.
“മഹത്തായ എല്ലാ സത്യങ്ങളും ആദ്യം മതനിന്ദകളായിരുന്നു” -ബർനാഡ് ഷാ
മതങ്ങൾക്കും ദൈവവിശ്വാസങ്ങൾക്കും വിരുദ്ധമായ അഭിപ്രായങ്ങളെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നതിനും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്.
2005 സെപ്തംബർ 30-ന് ഡെൻമാർക്കിലെ ഒരു പത്രത്തിൽ മുഹമ്മദ് നബിയുടെ ആക്ഷേപഹാസ്യ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ ഫലമായി വിശ്വാസികൾക്കിടയിൽ ചില വിവാദങ്ങൾക്ക് കാരണമായി. തുടർന്ന്, പല രാജ്യങ്ങളിലും അക്രമാസക്തമായ പ്രക്ഷോഭം നടക്കുകയും ഡാനിഷ് എംബസികൾ ബോംബെറിഞ്ഞ് തകർക്കപ്പെടുകയും നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവമാണ് ലോക മതനിന്ദാ ദിനത്തിന് തുടക്കമായത്.
മതത്തെ പരസ്യമായി വിമർശിക്കുന്നത് ഇന്നും പല രാജ്യങ്ങളിൽ കുറ്റകരമാണ്. എന്നാൽ “മതനിന്ദ” എന്നത് ഇന്ത്യൻ നിയമത്തിനും, ഭരണഘടനക്കും അപരിചിതമായ ഒരു പദമാണ്, ഒരുപക്ഷേ ഭൂരിപക്ഷ മതമായ ഹിന്ദുമതത്തിന്റെ സമഗ്രവും ബഹുസ്വരവുമായ സ്വഭാവം ദൈവ നിന്ദ പോലുള്ള ആശയങ്ങളെ അപ്രസക്തമാക്കുന്നതിനാലാകാം ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം ഇന്ത്യക്കായി നിർമിച്ച നിയമാവലികളിൽ blasphemy എന്ന വാക്ക് ഇടം പിടിക്കാതിരുന്നത്. എന്നിരുന്നാലും, മതനിന്ദ നിയമത്തിന് സമാനമായി ഉണ്ടായിരുന്ന ഐപിസി 295 A എന്ന വകുപ്പും പുതിയ ഭാരതീയ ന്യായ സംഹിത വന്നപ്പോൾ ഇല്ലാതായി പകരം ഇപ്പോൾ നിലവിലുള്ളത് BNS 298, 302, 196 തുടങ്ങിയ വകുപ്പുക്കളാണ്.
1860 ന് ശേഷം ജീവിച്ച ശ്രീനാരായണ ഗുരു മുതൽ ഉള്ള മതവിമർശനം നടത്തുകയോ മതത്തിൻറെ ആചാരങ്ങളെ തൊട്ടുകളിക്കുകയോ ചെയ്തിട്ടുള്ള പലർക്കെതിരെയും പഴയ 295A ഇട്ട് കേസ് എടുത്തിട്ടുണ്ട്. ഗുരുവിന് സമൻസൊക്കെ വന്നിരുന്നെങ്കിലും കോടതിയിൽ പോയിട്ടില്ല. ഗുരുവിനെ അറസ്റ്റ് ചെയ്താൽ ഉണ്ടാകാവുന്ന പ്രത്യഘാതങ്ങളെക്കുറിച്ച് തിരുവിതാംകൂർ രാജവിന് ബോധമുണ്ടയിരുന്നതുകൊണ്ട് ഗുരു ഇരിക്കുന്നിടത്തുപോയി മൊഴിയെടുത്താൽ മതി എന്ന് ഉത്തരവിറക്കി. ഫ്യൂഡലിസത്തിൽ അങ്ങിനെ ചില പ്രിവിലേജൊക്കെ ചിലർക്ക് കിട്ടുമായിരുന്നു. അതുകണ്ട് വേറാരെങ്കിലും ചെയ്താൽ 5 രൂപാ പോലീസ് തൂക്കിയെടുത്തുകൊണ്ട് പോകുകയും ചെയ്യും. ഇൻഡ്യയിൽ ഡോ. കെഎസ്. ഭഗവാൻ, അന്തരിച്ച സീതാറാം യെച്ചൂരി, സനൽ ഇടമറുക്, പ്രൊഫ. ടി.ജെ. ജോസഫ്, ദി വയർ എഡിറ്റർ സിദ്ധാർഥ് വരദരാജൻ, സംവിധായകൻ പാ. രഞ്ജിത്ത്, കമലഹാസൻ, ഉദയനിധി സ്റ്റാലിൻ തുടങ്ങിയ പ്രമുഖരായവരുടെയും അല്ലാത്തവരുടെയും പേരിൽ ഈ വകുപ്പിട്ട് കേസ് എടുത്തിട്ടുണ്ട്. കേരളത്തിൽ ഈ വകുപ്പിട്ട് എടുത്ത കേസിൽ റിമാൻഡിലായവരാണ് ഞാനും രഹ്നയും. കത്തോലിക്കാസഭയുടെ വക 7 ഉം സംഘികളുടെ വക 5 ഉം മതനിന്ദകേസിലെ പ്രതിയായിരുന്നു ഞാൻ. കൊച്ചിയിലെ ഒരു കന്യാസ്ത്രീ കൊടുത്തകേസിലും അമൃതാനന്ദമായിയെ അപമാനിച്ചു എന്ന കേസിലും നിലവിൽ ജാമ്യത്തിലുമാണ്. അതിൽ അമ്മച്ചിയുടെ കേസ് ചാജ് ഷീറ്റ് നൽകാതെ പോലീസ് തന്നെ റെഫർ ചെയ്തു കളഞ്ഞു. കൂടാതെ പുതിയ BNS 298,196 എന്നീ വകുപ്പുകൾ പ്രകാരവും ഒരു കേസിൽ പ്രതിയാകാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ.l
വെറും മജിസ്റ്റീരിയൽ ഒഫെൻസുകൾ മാത്രമാണ് ഇവ എങ്കിലും സ്വാതന്ത്ര്യാനന്തര ഇൻഡ്യയിൽ ആരും ഈ വകുപ്പിട്ട് എടുത്ത കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും നോൺ ബെയ്ലബിൾ ഒഫെൻസ് ആയതിനാൽ വൃണക്കേസുമായി ചെല്ലുന്ന വ്രണരോഗിക്കൊപ്പം ഏതെങ്കിലും പോലീസ് ഓഫീസർക്കും വൃണംപൊട്ടിയാൽ ആരെയും കേസെടുത്ത് ഉപദ്രവിക്കാവുന്ന വകുപ്പാണിത്.
എന്നാൽ സുപ്രീം കോടതിയുടെ public order സംബന്ധിച്ച കാഴ്ചപ്പാടിന് പലരീതിയിലും മാറ്റം വന്നിട്ടുണ്ട്. കുറ്റകരമായ പ്രസംഗത്തെ നിയന്ത്രിക്കേണ്ടതുണ്ടെങ്കിൽ pulic order നോട് വ്യക്തമായ ബന്ധം ഭരണകൂടം ചൂണ്ടികാണിക്കേണ്ടതുണ്ടെന്നായിരുന്നു അത് സംബന്ധിച്ചു സുപ്രീം കോടതി നിർദ്ദേശിച്ചത്.
2015ൽ പൊതു ക്രമത്തിന്റെ പേരിൽ അക്രമത്തിന് “പ്രേരണ” incitement നൽകുന്നത് മാത്രമേ നിരോധിക്കാൻ കഴിയൂ എന്നും advocacy (വിപ്ലവം മുതലായവ) പോലും അനുവദനീയമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
കൂടാതെ ഹിന്ദു ദൈവമായ പരശുരാമനെ ഫേസ്ബുക്കിൽ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസ് തള്ളിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് രണ്ടംഗ ബഞ്ച് സെപ്റ്റമ്പർ 2018 ൽ പുറപ്പെടുവിച്ച വിധിയിൽ IPC Section 295 A ചുമത്തുന്നത് സംബന്ധിച്ച് കോടതി നടത്തിയ ശ്രദ്ദേയ നിരീക്ഷണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് ഞാൻ കോടതിയിൽ ഹാജരാക്കിയിരുന്നു. അതാണ് എൻറെ കേസുകൾ വിജയിക്കാൻ കാരണമായതും.
1) അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും, പരമ്പരാഗത വിശ്വാസങ്ങളെയും, പരമ്പരാഗത അധികാരത്തെയും, മേൽകോയിമകളെയും, പ്രമാണങ്ങളെയും, ആധിപത്യത്തെയും ചോദ്യം ചെയ്തതിന്റെ പേരിൽ ഈ വകുപ്പ് ചുമത്തുന്നത് ഭരണഘടനയുടെ അനുച്ഛേദനം 14, (തുല്യത) 19 അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്ക്കാര സ്വാതന്ത്ര്യം) ന്റെ ലംഘനമാണ്.
2) കേസിന്റെ വിചാരണ അനുവദിച്ചാൽ അത് ജ്ഞാനോദയ കാലത്തെ തുടർന്ന് രാജ്യത്ത് അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ഉണ്ടായ നവോത്ഥാന മുന്നേറ്റങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നവരെ അതിൽ നിന്ന് തടയുന്നതിന് ഇടയാക്കും.
3) കഴിഞ്ഞ കാലങ്ങളിൽ യുക്തി ചിന്ത പ്രകടിപ്പിച്ചവർ ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ പീഡനത്തിനിരയായിട്ടുണ്ട്. പിന്നീട് ജ്ഞാനോദയം വേരുറച്ചതിന്റെ ഫലമായി സതി പോലുള്ള അനാചാരങ്ങൾ നിരോധിക്കാനിടയായി.ശ്രദ്ദേയമായ ധൈഷണിക വികാസവും, വിശ്വാസ പരിവർത്തനവും ഈ ഘട്ടത്തിലുണ്ടായി. മത, സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്നിരുന്ന പല വിശ്വാസങ്ങളും, ആചാരങ്ങളും എടുത്തെറിയപ്പെട്ടു. പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെ നമ്മുടെ സമൂഹത്തിന് മാറ്റങ്ങളിൽ തൽപ്പര്യമുണ്ടായി. സാമൂഹിക മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങി. സാമൂഹിക പരിഷ്ക്കർത്താക്കൾക്ക് വർണ്ണ, ജാതി, വർഗ്ഗ സമുദായ വികാരങ്ങൾ കാരണം അടിച്ചമർത്തൽ നേരിടേണ്ടി വന്നതിനാൽ ഒരു കാലത്തും പിന്തുണ ലഭിച്ചില്ല. സ്ത്രീകളും സാമൂഹിക മാറ്റത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് തങ്ങൾ നേരിടുന്ന അടിമത്വത്തിനെതിരെ പ്രതിഷേധിച്ചു.
4) ജ്ഞാനോദയത്തെ തുടർന്ന് ശാസ്ത്രത്തിലും, യുക്തിചിന്തയിലും വിശ്വസിക്കുന്ന ആളുകളുടെ എണ്ണം വർദ്ദിച്ചു. പരമ്പരാഗത അധികാര കേന്ദ്രങ്ങളിലുള്ള വിശ്വാസം തിരസ്ക്കരിച്ചു. പല പുരാണകഥകളും വർണ വ്യവസ്ഥയിലെ ഉയർന്നവരുടെ പരമ്പരാഗത അധികാരത്തിൽ ഊന്നിയുള്ളതാണ്. ബ്രാന്മണരുടെ പരമ്പരാഗത അധികാരത്തെ ഊട്ടി ഉറപ്പിക്കുന്നതിനുള്ളതാണിതെന്ന് സാമൂഹിക പരിഷ്കർത്താക്കൾ വിശ്വസിക്കുന്നു.
5) പരമ്പരാഗത അധികാരത്തിനെതിരെ പോരാടാനുള്ള സഹജ സ്വഭാവം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19 ൽ കാണാൻ കഴിയും. കുറ്റാരോപിതന്റെ അവകാശവും, സദുദ്ദേശ്യവും സംരക്ഷിക്കുക കോടതിയുടെ കടമയാണ്. അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും, പരമ്പരാഗത വിശ്വാസങ്ങളെയും, പരമ്പരാഗത അധികാരത്തെയും, മേൽകോയിമകളെയും ചോദ്യം ചെയ്യുന്നവരെ വിചാരണ ചെയ്യാൻ അനുവദിച്ചാൽ അത് മനുഷ്യ വികാസത്തെ തടയും. അതു കൊണ്ട് ഇത്തരം കേസുകളിൽ കോടതി ജാഗ്രത പുലർത്തണം.
6) Section 295 A വ്യാഖ്യാനിക്കുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ മനസിലുണ്ടാകണം. വ്യവസായവത്ക്കരണം, നഗരവത്ക്കരണം, രാഷ്ടീയ വിപ്ലവം ഇവയെല്ലാം മതാത്മകതയെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. ചിലർ മതാത്മകതയിൽ താൽപ്പര്യമുള്ളവരാണ്, മറ്റു ചിലർ ഇല്ലാത്തവരും, ചിലർ മതാത്മകത ഉള്ളവരാണെങ്കിലും വിമർശനാത്മക സമീപനമുള്ളവരുമാണ്. ഒരു ജനാധിപത്യ സമൂഹത്തിൽ എല്ലാവർക്കും ഒരുമിച്ച് ജീവിച്ചേ മതിയാകൂ എന്നതിൽ പക്ഷാന്തരമില്ല) ഇവയായിരുന്നു ആ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.
എന്നിരുന്നാലും, ഇപ്പോഴത്തെ കാലാവസ്ഥയിൽ “മതനിന്ദ” നിയമത്തിന്റെ ഭരണഘടനാ സാധുത കോടതി പുനർവിചിന്തനം നടത്തുന്നത് സങ്കൽപ്പിക്കാൻ പ്രയാസമാണ്. നിർഭാഗ്യവശാൽ മതരാഷ്ട്രീയ വക്താക്കൾ കൂടിയാണ് രാജ്യം ഭരിക്കുന്നതെങ്കിൽ പെൻഗിന് ബുക്സ് അഭിപ്രായപ്പെട്ടത് പോലെ തന്നെ ഇത്തരം ‘പുരാവസ്തു നിയമങ്ങൾ’ നിലനിൽക്കുന്ന ഇന്ത്യയിൽ ആവിഷ്കാരങ്ങളും, അഭിപ്രായ പ്രകടനങ്ങളും ആത്മഹത്യാപരമായ ഒരു സാഹസം തന്നെയായി തുടരുമെന്നും ജനാധിപത്യം കേവലം ഏട്ടിലെ പശു മാത്രമായിരിക്കുമെന്നതിന്റെ ആവാസന തെളിവാണ് ഉദയനിധിയുടെ പേരിൽ രാജ്യവ്യാപകമായി എടുത്ത മതനിന്ദാ കേസുകൾ.
2009-ൽ സെന്റർ ഫോർ എൻക്വയറിയാണ് ദൈവനിന്ദ ദിനം ലോകമെമ്പാടുമുള്ള ഒരു ആഘോഷമായി അവതരിപ്പിച്ചത്. ഭരണകൂടങ്ങൾ തങ്ങളുടെ സ്ഥാപിത താത്പ്പര്യങ്ങൾക്കുവേണ്ടി മതങ്ങളെയും വിശ്വാസങ്ങളെയും പ്രീണിപ്പിക്കുകയും താലോലിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ ദിനം ഒരു ഓർമപ്പെടുത്തലാകട്ടെ.


