തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് അസം സ്വദേശിയായ 13കാരിയെ കാണാതായി. കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മിന് ബീഗത്തെയാണ് കാണാതായത്. അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നു കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്കി.
പെണ്‍കുട്ടിക്കായി കഴക്കൂട്ടം പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ബാഗില്‍ വസ്ത്രവുമായാണ് കുട്ടി പോയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. ഒരു മാസം മുന്‍പാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയത്. കുട്ടിക്ക് മലയാളം അറിയില്ലെന്നും, കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവര്‍ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.


