Sun. Nov 22nd, 2026

✍️ സുരേഷ്. സി.ആർ

വ്യത്യസ്തമായ ഒട്ടേറെ വേഷങ്ങൾ തന്മയത്തത്തോടെ അവതരിപ്പിച്ച തെന്നിന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളായിരുന്നു ശിവാജി ഗണേശൻ (1928 – 2001). ‘നവരാത്രി’ എന്ന ചിത്രത്തിൽ വ്യത്യസ്തമായ ഒമ്പതു വേഷങ്ങൾ ചെയ്ത് അഭിനയകലയിൽ വിസ്മയം സൃഷ്ടിച്ച ശിവാജി, തമിഴിൽ ‘നടികർ തിലകം’ എന്ന വിശേഷണത്തിലറിയപ്പെടുന്നു.

ചെറുപ്പകാലം മുതൽ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. അമിതാഭിനയം ഉണ്ടായിരുന്നെങ്കിലും അഭിനയം കൊണ്ട് മാത്രം തമിഴകത്തെ പിടിച്ചടക്കിയ പ്രതിഭയായിരുന്നു. 1952-ൽ എം.കരുണാനിധി തിരക്കഥ രചിച്ച ‘പരാശക്തി’യാണ് ആദ്യ ചിത്രം. അണ്ണാദുരൈ ഏഴുതിയ ചരിത്ര നാടകത്തിൽ ശിവാജി ചക്രവർത്തിയുടെ വേഷങ്ങൾ അഭിനയിച്ചതും കണ്ട സാമൂഹ്യ പരിഷ്കർത്താവ് പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരാരായിരുന്നു പേരിന് മുന്നിൽ ശിവാജി എന്നു ചേർത്തത്. എം.ജി.ആർ, ജമിനി ഗണേശൻ എന്നിവർക്കൊപ്പം തമിഴ് സിനിമാലോകം അടക്കിവാണവരിൽ ഒരാൾ ശിവാജിയാണ്.

1954-ൽ കെ.ബാലചന്ദർ അകിരാ കുറോസോവയുടെ റോഷമണ്ണിനെ മാതൃകയാക്കി എടുത്ത തമിഴിലെ ആദ്യത്തെ പാട്ടില്ലാ പടമായ അന്തനാളിൽ നായകൻ ശിവാജിയായിരുന്നു.1960-ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ആഫ്രോ-ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘വീരപാണ്ഡ്യകട്ടബൊമ്മൻ’ എന്ന ചിത്രത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചു. ലോക സിനിമാ വിഭാഗത്തിൽ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ നടൻ ശിവാജിയാണ്.
1966 ൽ പത്മശ്രീ, 1984 ൽ പത്മഭൂഷൺ,
1996 ൽ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരങ്ങളും നൽകി ആദരിച്ചു.
1995 ൽ ഫ്രഞ്ച് സർക്കാർ ‘ഷെവലിയർ ‘ പുരസ്കാരം നൽകി.
1986 ൽ അണ്ണാമലൈ സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി.
1992 ൽ ‘തേവർ മകൻ’ എന്ന ചിത്രത്തിലൂടെ ദേശീയ തലത്തിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.
1982-ൽ രാജ്യസഭാംഗമായി.

വസന്തമാളികെ, സത്യം, ത്രിശുൽ, ഹരിശ്ചന്ദ്രൻ, തിരുമാൾ പെരുമൈ, മുതൽ മര്യാദൈ, പതിഭക്തി, തില്ലാനാ മോഹനാംബാൾ, തിരുവിളയാടൽ, തങ്കപ്പതക്കം, എൻ മകൻ, രാജരാജചോഴൻ, കപ്പലോട്ടിയ തമിഴൻ, മോട്ടോർ സുന്ദരം പിള്ളൈ, തെന്നാലി രാമൻ, മനോഹര, പാശമലർ, ഉയർന്ത മനിതൻ, അന്തമാൻ കാതലി തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.

മോഹൻലാലിനൊപ്പം പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ‘ഒരു യാത്രാമൊഴി’ എന്ന മലയാള ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. തച്ചോളി അമ്പു എന്ന മലയാള ചിത്രത്തിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. 1999-ൽ പുറത്തിറങ്ങിയ ‘പടയപ്പ’ യായിരുന്നു അവസാന ചിത്രം. ഹിന്ദി, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

ശിവാജിയുടെ ജന്മദിനമായ ഒക്ടോബർ 1 തമിഴ് ചലച്ചിത്രമേഖല അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ‘അഭിനേതാവിന്റെ ദിവസം’ ആയി ആചരിക്കുന്നു. തമിഴ്നാട്ടിൽ അണ്ണാദുരൈയ്ക്കും എം.ജി.ആറിനും ശേഷം ഏറ്റവും വലിയ ശവസംസ്കാര ചടങ്ങ് നടന്നത് ശിവാജിയുടേതാണ്.