Sat. Nov 21st, 2026

✍️ ലിബി.സി. എസ്

രാമായണ മാസാചരണം ആരംഭിക്കാനിടയായ ചരിത്രം വിശദീകരിച്ചുകൊണ്ട് 2016 ജൂലൈ 16-ന് ജന്മഭൂമി പത്രത്തിൽ ഒരുലേഖനവും രമായണമാസാചരണം ആരംഭിക്കുന്നത് സംബന്ധിച്ച് പി പരമേശ്വരന്റെ ഒരു ഓർമ്മക്കുറിപ്പും പ്രസിദ്ധീകരിച്ചിരുന്നു.

“തിരിമുറിയാതെ മഴ പെയ്യുന്ന കള്ളക്കര്‍ക്കിടകം ഇപ്പോള്‍ കലണ്ടറിലൊതുങ്ങി. മലയാളിയുടെ മനസില്‍ അത്‌ രാമായണ മാസമായി മാറി. മലയാളിയുള്ളിടത്തെല്ലാം കര്‍ക്കിടകം രാമായണ മാസാചരണത്തിന്‌ വഴിമാറി.ഇന്ന്‌ ക്ഷേത്രസങ്കേതങ്ങള്‍ മുതല്‍ സര്‍വ്വകലാശാലകള്‍ വരെ രാമായണചര്‍ച്ചകള്‍ നടക്കുന്നു. മാധ്യമങ്ങളില്‍ രാമായണ മാസദിനാചരണങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട്‌ നിറയുന്നു. കള്ളക്കര്‍ക്കിടകം രാമായണമാസാചരണത്തിന്‌ വഴിമാറിയത്‌ സോദ്ദേശ്യ പൂര്‍ണ്ണമായ ഒരു പ്രയത്നത്തിന്റെ ഫലമായിരുന്നു. കേരളത്തെ പുന:സൃഷ്ടിക്കാനുള്ള മഹാപ്രയത്നത്തിലെ ചെറുതല്ലാത്ത ഒരു ചുവട്‌…” എന്ന് പറഞ്ഞുതുടങ്ങുന്ന ലേഖനത്തിൽ 1982 ജൂണ്‍ 6 ന്‌ എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ എ.ആര്‍.ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍. എസ്‌. എസ്‌. സര്‍കാര്യവാഹ് ശ്രീ. രജുഭയ്യ പങ്കെടുത്ത വിശാലഹിന്ദു സമ്മേളന നിര്‍വ്വാഹക സമിതി യോഗത്തിലാണ്‌ കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്‌ എന്ന് വ്യക്തമായി പറയുന്നുണ്ട്.

ആരെയാണ് ടാർജറ്റ് ചെയ്തത് എന്നും അതിൽ വ്യക്തമാക്കുന്നുണ്ട്. 1930 കൾ മുതൽ സഹോദരൻ അയ്യപ്പൻറെ നേതൃത്വത്തിലാരംഭിച്ച്‌ ഈഴവരാദി പിന്നാക്ക ജനതയെക്കൊണ്ട് പരസ്യമായി പൊതുവേദിയിൽ എഴുനേറ്റ് നിന്ന് രാവണന് ജൈയ് വിളിക്കുന്നതുവരെ എത്തുകയും അതിൻറെ അലയൊലികൾ എന്നോണം 1980 കൾ വരെ അരനൂറ്റാണ്ടോളം കേരളത്തിലെ പിന്നാക്ക ജനതയ്ക്കിടയിൽ നിലനിന്ന രാമായണ വിരുദ്ധ മനോഭാവത്തിനും എതിരെ സംഘപരിവാർ നടത്തിയ സാംസ്‌കാരിക ഇടപെടലായിരുന്നു അത്.

ജന്മഭൂമി ലേഖനത്തിൽ അത് ഇങ്ങനെ വിശദീകരിക്കുന്നു “1930 കളില്‍ കേരളത്തില്‍ മുഴങ്ങിയ രാമായണം കത്തിക്കുക എന്ന ആഹ്വാനത്തില്‍ നിന്നും രാമായണമാസത്തിലേക്കുളള കേരള സമൂഹത്തിന്റെ സംക്രമണത്തിന്‌ പിന്നില്‍ സോദ്ദേശ്യപൂര്‍വ്വം പരിശ്രമം നടത്തിയ ഒരു കൂട്ടം സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ തപസിന്റെ ബലമാണുള്ളത്‌. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌ എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹദ്ദര്‍ശനത്തിന്‌ മുകളില്‍ കുതര്‍ക്കത്തിന്റെ കരിമ്പടം ചാര്‍ത്തിക്കൊണ്ട്‌ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്‌ എന്ന ആഹ്വാനം മുഴക്കിയവർക്കെതിരെ…..” ആയിരുന്നു ആ ഇടപെടലെന്ന് അവർ തന്നെ പറയുന്നു.

അതിൽ അവർ വിജയിച്ചു എന്നുതന്നെ പറയാം. ‘രാമായണ മാസാചരണം” എന്നപേരിൽ സംഘ പ്രവർത്തകർ മൈക്ക് സെറ്റും രാമായണവുമായി വീടുകൾ തോറും കയറിയിറങ്ങുന്ന കലാപരിപാടിയിൽ മുടങ്ങാതെ പങ്കെടുത്ത് തന്റെ വീട്ടിൽ എല്ലാവർഷവും രാമായണം വായിപ്പിച്ചിരുന്ന ഒരു സിപിഐയുടെ എൽസി മെമ്പർ ഞങ്ങളുടെ നാട്ടിലുണ്ട്. സിപിഎംകാരും തങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ ബുദ്ധിജീവികൾ വരെ പുരോഗമന രാമനെ അന്വേഷിച്ച് നടക്കുന്നത് കുറേക്കാലമായി നാം കണ്ടുകൊണ്ടിരിക്കുന്നതല്ലേ? കൂടാതെ ജി സുധാകരനെയും അഡ്വ.യു.പ്രതിഭയെയും പോലുള്ള സഖാക്കൾ വിളക്ക് കത്തിച്ചുവെച്ചു രാമായണം പാരായണം ചെയ്യുന്ന വീഡിയോ പിടിച്ച് ഫെയ്‌സ്‌ബുക്കിലിട്ട് ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതൊക്കെ നാം കണ്ടതാണല്ലോ? കോൺഗ്രസുകാരുടെ കാര്യംപിന്നെ പറയണ്ടല്ലോ നെഹ്രുവിയൻമാർ അല്ലാത്ത കോൺഗ്രസുകാരൊക്കെ പണ്ടേ രാമരാജ്യവും സ്വപ്നം കണ്ടു നടന്നവരാണല്ലോ? ഇവരെല്ലാം അറിഞ്ഞും അറിയാതെയും സംഘപരിവാർ അജണ്ടയുടെ ഭാഗമാവുകയും തങ്ങളുടെവീടുകളിലും വിശ്വഹിന്ദുപരിഷത്തുകാരെക്കൊണ്ടോ സ്വന്തം നിലയിലോ ഒക്കെ രാമായണപാരായണം നടത്തി ‘രാമായണമാസം’ ആചരിച്ചു. ഇതെല്ലം കാട്ടിക്കൂട്ടിയിരുന്നത് ശൂദ്ര സഖാക്കളാണ് എന്ന് ഒരു ആശ്വാസമുണ്ടായിരുന്നെങ്കിലും പള്ളിപ്പറമ്പിലെ കുട്ടിരാമൻറെ പ്രതിഷ്ഠയോടെ സവർണ്ണ അവർണ്ണ ഭേദമില്ലാതെ സകലരും രാമൻറെ ആളുകളായി മാറിയതും സംഘികളുടെ അക്ഷതം സ്വീകരിക്കാൻ മത്സരിക്കുന്നതും സംഘപരിവാറിനെ പ്രതിരോധിക്കുന്നവർപോലും തങ്ങളും രാമൻറെ ആളുകളണെന്നും ആ രാമൻറെ അല്ല വേറെ രാമൻറെ ആളുകളാണെന്ന് പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്ക് രാമ മയമായി കേരളം മാറുന്നതും നാം കണ്ടു. സംഘപരിവാറിന്റെ സാംസ്‌കാരിക ഇടപെടൽ അങ്ങനൊക്കെയാണ്, അതിന് അണ്ടിമുക്ക് ശാഖയിൽ പോകണം എന്നൊന്നുമില്ല. സാംസ്‌കാരിക അധിനിവേശം നാം പോലും അറിയാതെ നമ്മളിൽ സംഭവിക്കുന്നതാണ്.

വന്നുവന്ന് ‘നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്നും രാമാദികളുടെ കലത്തായിരുന്നെങ്കിൽ ശംബൂകൻറെ ഗതിയാകുമായിരുന്നില്ലേ നമുക്കും?’ എന്നും ചോദിച്ച നാരായണഗുരുവിൻറെ അനുയായികളെന്നും പറഞ്ഞ് നടക്കുന്നവർ വരെ ഗുരുവിന് ശംബൂകൻറെ ഗതി വന്നാലും വേണ്ടീല്ല ഞങ്ങൾക്ക് രാമായണ മാസം ആചരിക്കണം എന്ന് പ്രഖ്യാപിച്ചുകൊണ്ട് ശ്രീനാരായണഗുരുവിൻറെ പേരിലുള്ള സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ വരെ രാമായണ മാസാചരണം ആരംഭിച്ചിരിക്കുന്നത് കാണാം. ഇനി ശിവഗിരിയിലും രാമായണമാസം ഉണ്ടോ ആവോ? ചിലപ്പോൾ കാണാൻ സാധ്യതയുണ്ട്!

രാമൻ വലിയ അപകടകാരി ആണെന്നും ഒരു രാമനെയും തങ്ങൾക്കു ആവശ്യമില്ലെന്നും പറയാൻ ഇന്ന് കുറെ അംബേദ്കറൈറ്റുകളും യുക്തിവാദികളും അല്ലാത്ത ആരുമില്ലാത്ത അവസ്ഥയിലേക്ക് കേരളം എത്തിക്കഴിഞ്ഞു.