Sun. Nov 22nd, 2026

ആലപ്പുഴ: മാന്നാറില്‍ കാണാതായ കല കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. പരിശോധനയില്‍ കൊലപാതകം സംബന്ധിച്ച തെളിവുകള്‍ കിട്ടിയെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ നിന്നാണ് കൊലപാതക വിവരം കിട്ടിയത്. മാന്നാറില്‍ നിന്ന് കലയെ കാണാതായത് 2008-2009 കാലഘട്ടത്തിലാണ്. ശ്രീകലയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നില്‍. ഇസ്രായേലിലിലുള്ള അനിലിനെ നാട്ടില്‍ എത്തിക്കുമെന്നും എസ്പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.

അതേ സമയം കൊലപാതകത്തില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളടക്കം അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയിലാണ്. ചെന്നിത്തല പഞ്ചായത്ത് രണ്ടാം വാര്‍ഡ് പായിക്കാട്ട് മീനത്തേതില്‍ ചെല്ലപ്പന്‍- ചന്ദ്രികയുടെ മകള്‍ കല (36) യാണ് കൊല്ലപ്പെട്ടത്. ചെന്നിത്തല പഞ്ചായത്ത് ഇരമത്തൂര്‍ കിഴക്ക് മൂന്നാം വാര്‍ഡില്‍ കണ്ണമ്പള്ളില്‍ അനിലിന്റെ ആദ്യ ഭാര്യയാണ് കല. 15 വര്‍ഷം മുമ്പ് കലയെ കണാതായതായി മാന്നാര്‍ പോലീസില്‍ അനിലിന്റെ പിതാവ് പരാതി നല്‍കിയിരുന്നുവെങ്കിലും തുടര്‍ അന്വേഷണം നടന്നിരുന്നില്ല.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അനിലിന്റെ വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്കിലാണ് കലയെ കൊന്ന് കുഴിച്ച് മൂടിയതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചക്ക് ഒന്നരയോടെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കുന്ന നടപടികള്‍ ആരംഭിച്ചു. മൂന്ന് ടാങ്കുകളാണ് തുറന്ന് പരിശോധിച്ചത്. അതില്‍ രണ്ടാമത്തെ ടാങ്കില്‍ നിന്ന് മൃതദേഹത്തിന്റേതെന്ന് തോന്നിക്കുന്ന എല്ലിന്റെ അവശിഷ്ടവും തലയില്‍ കുത്തുന്ന ഒരു ക്ലിപ്പും ലഭിച്ചു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ മൃതദേഹത്തിന്റെ ചെറിയ അവശിഷ്ടങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്തെങ്കിലും കെമിക്കല്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവശിഷ്ടങ്ങളൊന്നും ബാക്കിയുണ്ടാവില്ലെന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അമ്പലപ്പുഴയ്ക്കടുത്ത് കാക്കാലം എന്ന സ്ഥലത്ത് മൂന്നുമാസം മുന്‍പുണ്ടായ ബോംബേറ് കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു മുന്നോടിയായാണ് പൊലീസിന് ഊമക്കത്ത് ലഭിക്കുന്നത്. ഈ കേസിലെ പ്രതികളായവര്‍ക്ക് മാന്നാനത്ത് 15 വര്‍ഷം മുന്‍പു കാണാതായ കലയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും ഈ കാര്യം കൂടി അന്വേഷിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതക സൂചനകള്‍ പുറത്തുവരുന്നതിലേക്ക് നയിച്ചത്.

15 വര്‍ഷം മുന്‍പ്, കലയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഈ കേസില്‍ കാര്യമായ അന്വേഷണമുണ്ടായില്ല. അനില്‍ പിന്നീട് രണ്ട് മാസത്തിനുള്ളിൽ തന്നെ വീണ്ടും വിവാഹിതനായി. ഇയാള്‍ ഇപ്പോള്‍ ഇസ്രയേലിലാണ്. അനില്‍ പഴയ വീടിന്റെ സമീപത്ത് പുതിയ വീട് പണിതിട്ടും ശുചിമുറി പൊളിച്ചുമാറ്റിയിരുന്നില്ല. ഇക്കാര്യം നാട്ടുകാരില്‍ പലരും ചോദിച്ചപ്പോള്‍ വാസ്തു പ്രശ്നം കാരണമാണെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്. കലയ്ക്കും അനിലിനും ഒരു മകനാണുള്ളത്. കലയുടെ മാതാപിതാക്കള്‍ രണ്ടുപേരും നേരത്തെ മരിച്ചു. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ട് സഹോദരങ്ങളാണുള്ളത്. ഓട്ടോഡ്രൈവറായ ഇദ്ദേഹം കലയുടെ തിരോധാനത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോയിരുന്നില്ല. പ്രതികളിലൊരാള്‍ ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ ‘അവളെപ്പോലെ നിന്നെയും തീര്‍ക്കും’ എന്ന ഭീക്ഷണി ഉയര്‍ത്തിയതായും സൂചനയുണ്ട്.

കലയെ കൊലപ്പെടുത്തിയതാണെന്ന വിവരം പ്രതികളില്‍ ആരോ മദ്യപാന സദസ്സില്‍ വെളിപ്പെടുത്തിയതാണെന്ന് സൂചന. ഇവിടെയുണ്ടായിരുന്നവരില്‍ ആരെങ്കിലുമാകണം അമ്പലപ്പുഴ പൊലീസില്‍ ഊമക്കത്ത് അയച്ചതെന്നാണ് പൊലീസിന്റെ നിഗമനം.