Tue. Nov 24th, 2026

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ മലക്കം മറിഞ്ഞ് ബാര്‍ ഉടമകളുടെ മുന്‍ സംഘടനാ നേതാവ് അനിമോന്‍. പണം ചോദിച്ചത് ബാര്‍ ഉടമകളുടെ ആസ്ഥാനത്തിനുവേണ്ടിയാണെന്നാണ് വിശദീകരണം.

പണം കൊടുക്കാന്‍ തയ്യാറുള്ളവര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പണം ഇടുന്നത് സംഘടനയുടെ അക്കൗണ്ടിലേക്കാണെന്നും പണം തന്നെ ഏല്‍പ്പിക്കാന്‍ പറഞ്ഞിട്ടില്ലെന്നും അനിമോന്‍ പ്രതികരിച്ചു. ബാറുടമ സംഘം പ്രസിഡന്റ് വി സുനില്‍ കുമാറിന്റെ വാദം ന്യായീകരിച്ചാണ് അനിമോന്റെ പ്രതികരണം.

സംഭവത്തിൽ അനിമോന്റെ പ്രതികരണം ഇങ്ങിനെ; കെട്ടിടവും സ്ഥലവും വാങ്ങിക്കാനുള്ള പണപ്പിരിവിനാണ് നിര്‍ദേശം നല്‍കിയത്. എക്സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് തന്നെ കുറ്റപ്പെടുത്തി സംസാരിച്ചു. ബില്‍ഡിങ് ഫണ്ടില്‍ ഇടുക്കി ജില്ല സഹകരിക്കുന്നില്ല എന്നായിരുന്നു കുറ്റപ്പെടുത്തല്‍.

സസ്‌പെന്റ് ചെയ്‌തെന്നു പറഞ്ഞപ്പോള്‍ ഇറങ്ങി പോയി. ആ സമയത്തെ മാനസികാവസ്ഥയില്‍ ഇട്ട ശബ്ദ സന്ദേശമെന്നും ഈ ഓഡിയോ എല്‍ഡിഎഫിനും, സര്‍ക്കാരിനും എതിരെ ആരോപണത്തിന് ഇടയാക്കിയെന്നും അനിമോന്‍ പ്രതികരിച്ചു.