കൽപറ്റ: പൂക്കോട് വെറ്ററിനറി സര്വകലാശാല വിദ്യാർത്ഥിയായ സിദ്ധാർഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്. യുക്തിവാദി ചമഞ്ഞ് സംഘപരിവാറിന് വേണ്ടി സോഷ്യൽമീഡിയയിൽ വർഗ്ഗീയ വിഷം ചീറ്റുന്ന കെ. ജാമിതയ്ക്കെതിരെയാണ് വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാജപ്രചാരണത്തിലൂടെ മതവിഭാഗങ്ങൾക്കിടയിലുള്ള ഐക്യം തകർക്കാൻ ശ്രമമുണ്ടായതായി പൊലീസ് വ്യക്തമാക്കുന്നു.
സ്വയം പ്രഖ്യാപിത ടീച്ചർ ആയ മുൻ ഉസ്താദിനി ജാമിതയുടെ ‘ജാമിതടീച്ചർ ടോക്സ്’ എന്ന യൂട്യൂബ് ചാനലിലൂടെ സിദ്ധാർഥന്റെ മരണത്തിന്റെ മറവിൽ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് കേസ്. വൈത്തിരി എസ്.ഐ പ്രശോഭ് പി.വി ആണ് വിഷയത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
‘തട്ടമിട്ട കൂട്ടുകാരുണ്ടോ കലാലയത്തിൽ, മരണം പിന്നാലെയുണ്ട്’ എന്ന തലക്കെട്ടോടെ ഇരു മതവിഭാഗങ്ങൾക്കിടയിലുള്ള ഐക്യം ഇല്ലാതാക്കി മധസ്പർധയും കലാപവും സൃഷ്ട്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെയും കരുതലോടെയും വിഡിയോ ചെയ്ത് പോസ്റ്റ് ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിനെ മാത്രം ടാർജറ്റ് ചെയ്തുകൊണ്ട് ശശികല പോലും നാണിച്ചുപോകുന്ന തരത്തിൽ വർഗീയ വിഷം ചീറ്റുന്ന നാലും അഞ്ചും വീഡിയോകളാണ് ഇവർ ദിവസവും അപ്ലോഡ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. കൂട്ടത്തിൽ മോദി സ്തുതികളും യോഗി സ്തുതികളും എല്ലാമുണ്ട്. വയറ്റിപ്പിഴപ്പിന് വേണ്ടി നടത്തുന്ന ഇവരുടെ യുട്യൂബ് പ്രൊപ്പഗണ്ടയ്ക്ക് ഇവർ സ്വയം നൽകിയിരിക്കുന്ന പേര് യുക്തിവാദിനി എന്നാണ്.
വർഗീയ വിദ്വേഷ പ്രചാരണത്തിന് യുക്തിവാദി നേതാവിനെതിരെ കേസ് എന്ന തരത്തിൽ മാധ്യമങ്ങൾ വാർത്തനൽകുന്നത് വാസ്തവ വിരുദ്ധമെന്നും, കെ ജാമിത കേരളത്തിലെ ഒരു യുക്തിവാദി സംഘടനയിലും പ്രാഥമീക അംഗം പോലുമല്ലെന്നും, ഒരുകാലത്തും അവർ യുക്തിവാദി സംഘടനയിൽ അംഗം ആയിരുന്നില്ലെന്നും, കെ ജാമിതയുടെ നിലപാടുകൾക്ക് യുക്തിവാദി സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്നും അവരെ യുക്തിവാദിനേതാവായി ചിത്രീകരിക്കുന്ന ഏർപ്പാട് മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും വിവിധ യുക്തിവാദി സംഘടനാ നേതാക്കൾ ഇതിനോട് പ്രതികരിച്ചു.


