Sat. Nov 21st, 2026

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസാക്കണമെന്ന കേന്ദ്രനിര്‍ദേശം വീണ്ടും തള്ളി കേരളം. ഒന്നാം ക്ലാസ് പ്രവേശനം അഞ്ചുവയസില്‍ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അഞ്ചുവയസില്‍ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് കുട്ടികള്‍ പ്രാപ്തരാവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്രം നല്‍കിയ നിര്‍ദ്ദേശം കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കത്തയച്ചത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് മൂന്ന് മുതല്‍ ആറ് വരെയുള്ള പ്രായം നഴ്‌സറി, കെജി തലമാണ്.പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി അര്‍ച്ച ശര്‍മ ആവസ്തി വീണ്ടും കത്തയച്ചത്. മാറ്റം വരുത്തി മാര്‍ഗ രേഖ പ്രസിദ്ധീകരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

ഹയര്‍ സെക്കന്ററി തലത്തില്‍ 4,14151 പ്ലസ് വണ്ണിലും 4,41213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 27,000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിയ്ക്കായി നിയമിച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്നിന് മൂല്യനിര്‍ണയം തുടങ്ങും. മേയ് രണ്ടാം ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നും കാലാവസ്ഥ കണക്കിലെടുത്ത് സ്‌കൂളുകളില്‍ ക്രമീകരണം വേണമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ളം ഉറപ്പാക്കണം, ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിലും പരീക്ഷ ഡ്യൂട്ടി മുന്‍നിശ്ചയിച്ച പ്രകാരം നടപ്പാക്കും. അധ്യാപകര്‍ക്ക് സര്‍വീസ് ബ്രേക്ക് വരില്ല. ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.