Sun. Nov 22nd, 2026

‘തന്നെ സംബന്ധിച്ച് എന്നാണ് ബുദ്ധമതത്തിൽ ചേർന്നത് എന്നൊരു ചോദ്യം ഉദിക്കുന്നില്ലെന്നും 2250 വർഷം മുന്നേ ഞാൻ എന്റെ കുടുംബം വഴി ബുദ്ധിസ്റ്റായിരുന്നു’ എന്നും ഡോ കെ സുഗതൻ. ഇത് 2019 ൽ കോഴിക്കോട് അളകാപുരി ഹോട്ടലിൽ വെച്ച് പൂർണ്ണ പബ്ലിക്കേഷൻസ് പുറത്തിറക്കിയ തൻറെ “ബുദ്ധിസം” എന്ന പുസ്തകത്തിൻറെ പ്രകാശന ചടങ്ങിൽ അദ്ദേഹം നടത്തിയ മറുപടിപ്രസംഗത്തിലെ ഒരു വാചകമാണ്. അശോക ചക്രവർത്തിയുടെ ബുദ്ധിസ്റ്റ് മിഷണറിമാർ കേരളത്തിൽ വന്നതിനുശേഷം കേരളത്തിലെ ഭൂരിപക്ഷം പേരുടെയും മതം ബുദ്ധമതമായിരുന്നു. കേരളീയരുടെ സ്വാഭാവികമതം ബുദ്ധമതമാണ് എന്ന് പറയുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിപ്പോൾ പറയാൻ എന്താണ് കാര്യമെന്ന് ചോദിച്ചാൽ ഏറെ ചർച്ച ചെയ്യപ്പെട്ട ‘ബുദ്ധനും നാണുഗുരുവും, ബുദ്ധമതവും ജാതിവ്യവസ്ഥയും, ഗുരുവിന്‍റെ ചരിത്രം, ബുദ്ധിസം എന്നിവയുൾപ്പെടെ 8 പുസ്തകങ്ങളുടെ കർത്താവായ അദ്ദേഹം 87 ആം വയസിലും മറ്റൊരു പുസ്തകത്തിൻറെ പണിപ്പുരയിലാണ്.

1992ൽ കോഴിക്കോട്​ മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗം മേധാവിയായി വിരമിച്ച കേരളത്തിലെ തന്നെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. കെ സുഗതൻ സാറിനെ കഴിഞ്ഞ തലമുറയിലെ എല്ലാവരും അറിയുമെങ്കിലും കേരളത്തിലെ പ്രമുഖ ബുദ്ധിസ്റ്റ് ആയ സുഗതൻ സാറിനെ ബുദ്ധിസ്റ്റുകൾ അല്ലാത്തവർക്ക് പരിചയം കുറവായിരിക്കും.



തിരക്കേറിയ ജോലിയിൽനിന്ന്​ വിരമിച്ച ശേഷം പഠനവും ഗവേഷണവും എഴുത്തും അദ്ദേഹം ഇപ്പോഴും തുടരുന്നു. ഭാഷാശാസ്​ത്രം, ആരോഗ്യം, ആത്മീയം, ഓർമക്കുറിപ്പുകൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലുള്ള പുസ്​തകങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

മികച്ച കാർഡിയോളജിസ്റ്റിനുള്ള അംഗീകാരങ്ങൾക്കു പുറമേ ഈ പുസ്​തകങ്ങളിൽ പലതും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരം, വിജ്ഞാന സാഹിത്യത്തിനുള്ള അബൂദബി ശക്തി അവാർഡ്​, കെ.വി. സുരേന്ദ്രനാഥ്​ അവാർഡ്​, എം.ജി.വി ഫൗണ്ടേഷന്‍റെ ഗുരുദേവ പുരസ്കാരം, സംസ്ഥാന സർക്കാറിന്‍റെ എമിനന്‍റ്​ ഡോക്ടർ അവാർഡ്​, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ്​ ഇന്ത്യ കേരള ചാപ്​റ്റർ ലൈഫ്​ടൈം അച്ചീവ്​മെന്‍റ്​ അവാർഡ്​, കെ. ഗോപാലൻ സ്മാരക അവാർഡ്​ എന്നിവയാണ്​ ഇദ്ദേഹത്തിന്‍റെ പ്രധാന നേട്ടങ്ങൾ. 2011ൽ ഐ.എം.എയുടെ ‘ബെസ്റ്റ്​ ഡോക്ടർ അവാർഡും’ ഇദ്ദേഹത്തിനായിരുന്നു.

1937 മാർച്ചിൽ എറണാകുളം ജില്ലയിലെ വടക്കേക്കര ഗ്രാമത്തിലാണ്​ ജനനം. സ്കൂൾ പഠനശേഷം മദ്രാസ്​ ലയോള കോളജിൽനിന്ന് പ്രീ യൂനിവേഴ്സിറ്റിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന്​ എം.ബി.ബി.എസും പാസായി. തുടർന്ന്​ ഡൽഹി സർവകലാശാലയിൽനിന്ന്​ എം.ഡിയും എയിംസിൽനിന്ന് ഡി.എം കാർഡിയോളജിയും നേടി.1979ൽ ‘ഹൃദയാഘാതം വന്ന രോഗികളുടെ പുനരധിവാസം’ എന്ന വിഷയത്തിലുള്ള പഠനത്തിന്​ ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ് ലഭിച്ചു. ഇതിന്‍റെ ഭാഗമായി ബൾഗേറിയ, ഫിൻലൻഡ്​, സ്വീഡൻ, ബെൽജിയം എന്നീ നാല്​ രാജ്യങ്ങൾ സന്ദർശിച്ച്​ ഈ വിഷയത്തിൽ പരിശീലനവും നേടി.

1962ൽ​ കോഴിക്കോട്​ മെഡിക്കൽ കോളജിൽ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്‍റെ ആരംഭം. തുടർന്ന്​ മെഡിക്കൽ കോളജ്​ ആശുപത്രി സൂപ്രണ്ട്​, കാലിക്കറ്റ്​ സർവകലാശാല സെനറ്റ്​ അംഗം തുടങ്ങിയ ചുമതലകളും വഹിച്ചു. ഇതിനിടെ കേരള ശാസ്​ത്ര സാഹിത്യ പരിഷത്ത്​ വൈസ്​ പ്രസിഡന്റ്​, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ്​ ഇന്ത്യ കേരള ചാപ്​റ്റർ പ്രസിഡന്‍റ്​ തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു.



1992ലാണ്​ ‘മൊഴിയറിവ്​’ എന്ന മലയാളഭാഷയെക്കുറിച്ചുള്ള പുസ്തകമെഴുതുന്നത്​. തുടർന്ന്​ കാർഡിയോളജി വിദ്യാർഥികളുടെ പാഠപുസ്തകമെന്ന്​ വിശേഷിപ്പിക്കപ്പെട്ട ‘ഹാർട്ടറിവ്​’ എന്ന പുസ്തകവും ശ്രീനാരായണ ഗുരുവിനെയും ബുദ്ധനെയും കുറിച്ചുള്ള ‘ബുദ്ധനും നാണുഗുരുവും’, ബുദ്ധമതവും ജാതിവ്യവസ്ഥയും, ഗുരുവിന്‍റെ ചരിത്രം, ബുദ്ധിസം എന്നീ കൃതികളുമെഴുതി. 2022ൽ ഭാഷയെക്കുറിച്ചുള്ള ‘ക്ലാസിക്കൽ മലയാളം’, 2023ൽ ആത്മകഥാ രീതിയിലുള്ള ‘ഓർത്തെടുത്ത കഥകൾ’ എന്നിവ എഴുതി. ഇപ്പോൾ പുതിയൊരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്​ ഈ 87കാരൻ.

മിതമായ ഭക്ഷണവും ചെറിയ തോതിലുള്ള വ്യായാമവും വായനയും എഴുത്തുമായി കോഴിക്കോട്​ രാരിച്ചൻ റോഡിലെ ‘വള്ളാട്ട്​തറ’ വീട്ടിൽ ഭാര്യ പ്രമീളയുമൊത്താണ്​ താമസം. മകൾ ആശ വസന്ത് മൊകാഷി ബംഗളൂരുവിൽ ടെക്നിക്കൽ റൈറ്ററാണ്. സിവിൽ എൻജിനീയറായ മകൻ അനൂപ് സുഗതൻ വി.എസ്.എൽ മിഡിലീസ്റ്റിൽ പ്രോജക്ട് മാനേജറാണ്.