Fri. Nov 20th, 2026

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവമെടുക്കുകയായിരുന്ന പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വീട്ടില്‍വച്ച് പ്രസവമെടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു.

ഷമീനയുടെ മൂന്നാമത്തെ പ്രസവം ആയിരുന്നു. രണ്ട് പ്രസവം കഴിഞ്ഞ ശേഷമാണ് ഭാര്യയുടെ ‘ഔറത്ത്’ പുറമെയുള്ളവരാരും ഇനി കാണാൻ ഇടവരരുതെന്ന് ഭർത്താവ് നയാസ് തീരുമാനിച്ചത്. ആദ്യ രണ്ട് പ്രസവവും സിസേറിയൻ ആയിരുന്നു. അക്യുപങ്ചർ ചികിത്സയാണ് നയാസ് ഭാര്യ ഷമീറയ്ക്ക് നല്‍കിയത്. ബീമാപള്ളിയില്‍ അക്യുപങ്ചർ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബാണ് ‍‘ഡോക്ടർ’. ഷിയാസിൻ്റെ ആദ്യ ഭാര്യയിലെ മകളും ഇവിടെ ‘പ്രാക്ടീസ്’ ചെയ്യുന്നു. ഈ മകളായിരുന്നു ഷമീറയുടെ വയറ്റാട്ടിയായി ‘സേവനം’ അനുഷ്ടിച്ചത്.

നയാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് വാര്‍ഡ് കൗണ്‍സിലര്‍ ദീപികയും , ആരോഗ്യ പ്രവർത്തകരും ഉന്നയിച്ചത്. “ആദ്യത്തെ പ്രസവങ്ങള്‍ സിസേറിയന്‍ ആയതിനാല്‍ പല തവണ അപകട മുന്നറിയിപ്പു നല്‍കിയിട്ടും നയാസ് ഗൗനിച്ചില്ല. യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്താനാണ് ശ്രമമെന്ന് നയാസ് പറഞ്ഞു എന്ന് ദീപികപറയുന്നു.

“ആധുനിക ചികിത്സ നല്‍കാതെ വീട്ടില്‍ പ്രസവിക്കാന്‍ ഭര്‍ത്താവ് നയാസ് ഷമീറയെ നിര്‍ബന്ധിച്ചു .ചികിത്സ നല്‍കാന്‍ ആവശ്യപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരോടു നയാസ് മോശമായി പെരുമാറി. ഷമീറ ഇതിനു മുന്‍പ് രണ്ടു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയിരുന്നു. ഇതു രണ്ടും സിസേറിയനിലൂടെയായിരുന്നു. ഇതിനു പിന്നാലെ മൂന്നാമതും ഗര്‍ഭിണിയായപ്പോള്‍ ആധുനിക ചികിത്സ വേണ്ടെന്നും അക്യുപങ്ചര്‍ ചികിത്സ മതിയെന്നും ഭര്‍ത്താവ് നയാസാണ് തീരുമാനിച്ചത് “- പോലീസ് പറഞ്ഞു.

പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചിരുന്നു. വൈകിട്ട് ആറു മണിയോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് പ്രസവം എടുക്കാന്‍ ആരംഭിച്ചത്. വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടര്‍ന്നു. എന്നാല്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. പൊലീസ് ഭര്‍ത്താവ് നയാസിനെ കസ്റ്റഡിയിൽ എടുത്തു.