Fri. Mar 1st, 2024

തിരുവനന്തപുരം: കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലെ തീര്‍ത്ത് ഡിവൈഎഫ്ഐ. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തലസ്ഥാനത്ത് രാജ്ഭവന്‍ വരെ ലക്ഷങ്ങളാണ് മനുഷ്യച്ചങ്ങലയില്‍ അണിനിരന്നത്. കാസര്‍കോട് എഎ റഹീം മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തിരുവനന്തപുരത്ത് അവസാന കണ്ണിയായി.ഇനിയും സഹിക്കണോ കേന്ദ്ര അവഗണന എന്ന മുദ്രവാക്യമാണ് മനുഷ്യച്ചങ്ങലയില്‍ മുഴങ്ങിയത്. വൈകുന്നേരം അഞ്ചിന് മനുഷ്യച്ചങ്ങലയില്‍ അണിനിരന്നവര്‍ പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് പ്രധാനകേന്ദ്രങ്ങളില്‍ നടന്ന പൊതുസമ്മേളനത്തില്‍ നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്തു.

മനുഷ്യച്ചങ്ങല ഡല്‍ഹിയോളം എത്തുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് മാഹിയില്‍ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തുകൊണ്ട് എഴുത്തുകാരന്‍ എം മുകുന്ദന്‍ പറഞ്ഞു. അവിടെയുള്ളവര്‍ ഇത് കണ്ടിട്ട് കുലുങ്ങട്ടെ. താന്‍ എപ്പോഴും ഇത്തരം പരിപാടികളില്‍ പങ്കെടുത്ത ആളാണ്. വിവാദവിഷയങ്ങളിലൊന്നും പ്രതികരിക്കാന്‍ ഇപ്പോള്‍ ഇല്ലെന്നും മുകുന്ദന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ അവഗണന കേരളത്തിലെ എല്ലാ ജനങ്ങളെയും ബാധിച്ചുവെന്നും കുട്ടികളുടെ ഉച്ചഭക്ഷണത്തെ ഉള്‍പ്പെടെ ബാധിക്കുന്നു, ഇനിയും സഹിക്കണോ കേന്ദ്രത്തിന്റെ ഈ അവഗണനയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചു.



സാമ്പത്തിക ഉപരോധം സൃഷ്ടിച്ച് കേരളത്തിനെ ഞെക്കിക്കൊല്ലാന്‍ കേന്ദ്രംശ്രമിക്കുന്നുവെന്നും മനുഷ്യച്ചങ്ങല വലിയ ചരിത്രനിമിഷമായി മാറാന്‍ പോവുകയാണെന്നും ചിന്ത ജെറോം പറഞ്ഞു. ഇത് മലയാളികളുടെ പ്രതിഷേധമാണ്. കേരളത്തിനെതിരെ കേന്ദ്രം സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇന്ത്യന്‍യൂണിയന്റെ അടിമയല്ല കേരളമെന്നും എം സ്വരാജ് പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രകമ്മറ്റിയംഗങ്ങളായ വിജയരാഘവന്‍, എം എ ബേബി, തോമസ് ഐസക്, സംവിധായകന്‍ ആഷിഖ് അബു അടക്കം ചങ്ങലയുടെ ഭാഗമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും വീണ വിജയനും തലസ്ഥാനത്ത് രാജ്ഭവന് മുന്നില്‍ ചങ്ങലയില്‍ കണ്ണിയായി.

റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയില്‍ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല.