Sun. Feb 25th, 2024

തിരുവനന്തപുരം: സാമ്പത്തിക വിദദ്ധനും ദലിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമന്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെ ആര്‍ നാരായണനു ശേഷം സാമ്പത്തിക ശാസ്ത്രം എം എയില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് കേരളീയനായിരുന്നു അദ്ദേഹം. 27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു.

കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാര്‍ഡ് കഴിഞ്ഞ വര്‍ഷം നിരസിച്ചിരുന്നു. എതിര് എന്ന ആത്മകഥയ്ക്ക് ആയിരിന്നു അവാര്‍ഡ്. ദലിത് ജീവിതത്തെക്കുറിച്ച് ആയിരുന്നു ആത്മകഥയില്‍ കുഞ്ഞാമന്‍ പറഞ്ഞിരുന്നത്.

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയില്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനായാണ് കുഞ്ഞാമന്റെ ജനനം. പാണ സമുദായത്തില്‍ പിറന്ന കുഞ്ഞാമന്റെ ബാല്യം ജാതി വിവേചനത്തിന്റെയും പട്ടിണിയുടെയും ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. ജീവിതത്തിലെ കയ്‌പേറിയ യാഥാര്‍ഥ്യങ്ങളെയെല്ലാം കഠിനാധ്വാനത്തിലൂടെ മറികടന്ന കുഞ്ഞാമന്‍ പഠനത്തിലൂടെ അതിനെയെല്ലാം മറികടന്നു.


അതിനെയെല്ലാം നേരിട്ട അദ്ദേഹം പാലക്കാട് വിക്ടോറിയ കോളജില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. തിരുവനന്തപുരം സി ഡി എസില്‍ നിന്ന് എം ഫിലും കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡിയും നേടി. പിന്നീട് അധ്യാപന മേഖലയിലേയ്ക്കു മാറിയ കുഞ്ഞാമന്‍ കേരള സര്‍വകലാശായുടെ കാര്യവട്ടം കാമ്പസില്‍ സാമ്പത്തിക ശാസ്ത്ര വകുപ്പില്‍ അധ്യാപകനായി ചുമതലയേറ്റു. 2006ല്‍ വിരമിച്ചതിന് ശേഷമാണു ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ തുല്‍ജാപൂര്‍ ക്യാമ്പസില്‍ അദ്ധ്യാപകനായി ഒമ്പത് വര്‍ഷം സേവനം അനുഷ്ഠിച്ചത്.

ഡോ. എം കുഞ്ഞാമനെക്കുറിച്ച് പത്രപ്രവര്‍ത്തകന്‍ കെ കണ്ണന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ‘എതിര്’ എന്ന അനുഭവക്കുറിപ്പ് കേരളം വലിയ നിലയില്‍ ചര്‍ച്ച ചെയ്തിരുന്നു. എം കുഞ്ഞാമന്‍ തന്റെ ജീവിതത്തിലുടനീളം അനുഭവിച്ച ജാതി വിവേചനത്തിന്റെയും ജാതി പീഢനത്തിന്റേയും അമ്പരപ്പിക്കുന്ന നേര്‍കാഴ്ചകള്‍ വായനക്കാര്‍ക്ക് മുമ്പില്‍ തുറന്നിടുന്നതാണ് ഈ അനുഭവക്കുറിപ്പ്.

എം ജി യൂണിവേഴ്‌സിറ്റിയിലെ നെല്‍സണ്‍ മണ്ടേല ചെയര്‍ പ്രഫസറായിരുന്നു. കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ് പ്രധാന കൃതികള്‍.