✍️ ചന്ദ്രപ്രകാശ് എസ് എസ്
പ്രാചീനകേരളത്തെ ഇന്നുകാണുന്ന കേരളമാക്കിയത് നിരവധി വിദ്യാദേവന്മാരാണ്. കേരളത്തിലെ പിന്നോക്ക-ദലിത് വിഭാഗങ്ങൾ അക്ഷരം പഠിച്ചത് അവരിലൂടെയാണ്. ഈ മഹാന്മാർ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം വിസ്മരിച്ചുകൊണ്ടൊരു അക്ഷര ചരിത്രവും കേരളത്തിനില്ല.
‘വിദ്യകൊണ്ട് പ്രബുദ്ധരാകാൻ’ ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരു, ഇനി ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാളാണ് വേണ്ടതെന്ന് അരുളി ചെയ്തു. ദീർഘദർശിയും, വിദ്യാഭ്യാസ വിചക്ഷണനുമായ ഗുരു സ്വീകരിച്ച നിലപാട് അധ:സ്ഥിത സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. വവ്വാലിൻ്റെ നാറ്റമുള്ള ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണ് വേണ്ടതെന്ന ഗുരുവിൻ്റെ വാക്കുകളിലൂടെ കേരളത്തിലെ ദലിത് പിന്നോക്ക വിഭാഗങ്ങൾ ആർജ്ജിച്ച ഊർജ്ജം ചെറുതല്ല. 1873 ൽ പതിനെട്ടാമത്തെ വയസ്സിൽ ചെമ്പഴന്തിയിൽ ഒരു കുടിപ്പള്ളിക്കൂടം അദ്ദേഹം സ്ഥാപിച്ചു.അയിത്ത ജനസമൂഹത്തിന് അവിടെ പഠനം സാദ്ധ്യമാക്കി.1921ൽ തിരുവനന്തപുരം മുട്ടത്തറയിൽ പുലയമഹാസഭയുടെ വാർഷികയോഗത്തിൽ ഗുരു നടത്തിയ പ്രസംഗത്തിൻ്റെ കാതൽ വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നു. കേരളത്തിൽ അക്ഷരം പഠിക്കാൻ അവകാശമില്ലാത്ത ജനത ആധുനിക വിദ്യാഭ്യാസം സ്വായത്തമാക്കണമെന്ന് ഗുരു പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഇതിലൂടെ വിവിധങ്ങളായ വിഗ്രഹരൂപങ്ങളിൽ നിന്നും(കല്ല്,കണ്ണാടി,വിളക്ക്,ഫലകം) അക്ഷരങ്ങളിലേക്ക് സാധാരണ മനുഷ്യരെ എത്തിക്കാൻ ഗുരുവിന് കഴിഞ്ഞു.
മഹാനായ അയ്യൻകാളിയിലേക്ക് വന്നാൽ,അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസ സംഭാവനകളിലൂടെ കേരളത്തിലെ അയിത്ത വിഭാഗങ്ങൾക്ക് ലഭിച്ച, പൊരുതി നേടാനുള്ള ശക്തി സമാനതകൾ ഇല്ലാത്തതാണ്.പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത മഹാത്മാ അയ്യൻകാളി ഇതിലൂടെ ഒരു വിദ്യാഭ്യാസ ചിന്തകനായി മാറുകയായിരുന്നു.”ഞങ്ങടെ മക്കളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങടെ പാടം കൊയ്യില്ല “എന്ന പോരാട്ടത്തിൽ നിന്നും ഉണർന്ന നവോത്ഥാനത്തിൻ്റെ ബാക്കിപത്രമാണ് കേരളത്തിലെ അധ:സ്ഥിതൻ്റെ വിദ്യാഭ്യാസം. ചതുർജാതിയിലും പെടാത്ത പഞ്ചമിയെന്ന ബാലികയുടെ സ്കൂൾ പ്രവേശം കേരളത്തിൽ സൃഷ്ടിച്ചത് പ്രകമ്പനങ്ങളായിരുന്നു. മഹാത്മാ അയ്യൻകാളിയുടെ കൈപിടിച്ച് സ്കൂളിൽ ചെന്ന പഞ്ചമി,അവിടെ പ്രവേശിച്ചതിൻ്റെ പേരിൽ സ്കൂൾ തന്നെ തീപ്പെട്ടു.
“അധ:സ്ഥിതരിൽ നിന്ന് പത്ത് ബിഎക്കാരെ കണ്ടിട്ടുവേണം എനിക്ക് മരിക്കാൻ “എന്ന മഹാത്മാ അയ്യൻകാളിയുടെ ആത്മരോദനം പതിച്ചത് അയിത്തജാതിക്കാരൻ്റെ ആത്മാവിലായിരുന്നു. 1912 മുതൽ 32 വരെ നിയമസഭാസാമാജികനായിരുന്ന വേളയിൽ അധസ്ഥിതരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി അദ്ദേഹം സഭയിൽ നടത്തിയ പ്രസംഗങ്ങൾ കേരളചരിത്രത്തിലെ അതിഗംഭീര ഏടുകളാണ്.
ചരിത്രപുരുഷനായ ഡോ.പി.പല്പുവിന് തിരുവിതാംകൂറിൽ മെഡിക്കൽ പഠനം നിഷേധിച്ചത് തിരുവിതാംകൂർ ഭരണകൂടവും സവർണമാടമ്പിമാരും ചേർന്നായിരുന്നു.തുടർന്ന് മദ്രാസ് മെഡിക്കൽ കോളേജിൽ പഠിക്കാൻ അദ്ദേഹത്തിന് അവസരം കൈവന്നു.മെഡിസിൻ പഠനം പൂർത്തിയാക്കി വന്നിട്ടും അദ്ദേഹത്തിന് തിരുവിതാംകൂറിൽ ജോലി ലഭിച്ചില്ല.അതേസമയം അദ്ദേഹത്തിനൊപ്പം മെഡിസിൻ പഠിച്ച ഡോ. അയ്യത്താൻ ഗോപാലന് മലബാറിൽ സർക്കാർ ജോലി ലഭിച്ചു.പിന്നീട് മൈസൂരിലാണ് ഡോ.പല്പുവിന് ഡോക്ടറായി സേവനം അനുഷ്ഠിക്കാൻ അവസരം ലഭിച്ചത്.അങ്ങനെ പ്ലേഗിനേയും ജാതിയേയും ഒരുപോലെ പ്രതിരോധിച്ച ഡോ പത്മനാഭൻ പല്പു കേരളത്തിൻ്റെ ലോക്കോമോട്ടീവായി മാറുകയായിരുന്നു.അദ്ദേഹം മുൻകൈയെടുത്ത് സംഘടിപ്പിച്ച ഈഴവ മെമ്മോറിയൽ കേരളത്തിലെ വിദ്യാഭ്യാസ ജനാധിപത്യത്തിൻ്റെ അടിത്തറയാണ്.
പടവെട്ടി പൊരുതി നേടുകയും, പൊരുതി പഠിക്കുകയും ചെയ്ത മഹാനായ വിദ്യാഭ്യാസ വിചക്ഷണനാണ് പണ്ഡിറ്റ് കെ പി കറുപ്പൻ.അരയ സമുദായത്തിൻ്റെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച അദ്ദേഹം,മറ്റ് പിന്നോക്ക ദളിത് വിഭാഗങ്ങളുടേയും വിദ്യാഭ്യാസ അവകാശങ്ങൾക്കായും സ്വജീവിതം ഉഴിഞ്ഞുവച്ചു. കഠിന പരിശ്രമത്തിലൂടെയും, സവർണ്ണമേലാളന്മാരുമായി പടവെട്ടിയുമാണ് അദ്ദേഹം മഹാരാജാസ് കോളേജ് അദ്ധ്യാപകൻ മുതൽ നാട്ടുഭാഷാ സൂപ്രണ്ട് പദവിയിൽ വരെ എത്തിയത്. ദളിത് വിദ്യാർത്ഥികളെ സവർണ്ണക്കൂട്ടികൾക്കൊപ്പം ഇരുത്തി പഠിപ്പിക്കുന്നത് ‘പോത്തിനേയും കുതിരയേയും’ഒരേ നുകത്തിൽ കെട്ടുന്നതിന് തുല്യമെന്ന നിലപാടെടുത്ത ജാതിവെറിയൻ പത്രാധിപർ രാമകൃഷ്ണപിള്ളയുടെ വംശീയാക്രമണത്തിന് പലവട്ടം പണ്ഡിറ്റ് കറുപ്പൻ ബലിയാടായിട്ടും, ദളിത് പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി അദ്ദേഹം തലയുയർത്തി പിടിച്ചുതന്നെ നിലകൊണ്ടു.
മഹാത്മാ അയ്യൻകാളി കഴിഞ്ഞാൽ പ്രജാസഭയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച മറ്റൊരു മഹാത്മാവാണ് കാവാരിക്കുളം കണ്ടൻ കുമാരൻ.സ്വന്തം ജനവിഭാഗമായ പറയസമുദായത്തിൻ്റെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി പോരാടിയ മഹാനാണദ്ദേഹം. തിരുവിതാംകൂറിൽ 50 ൽ അധികം ഏകാദ്ധ്യാപക വിദ്യാലയങ്ങൾ സ്ഥാപിച്ചുകൊണ്ട് മഹാത്മാ കണ്ടൻ കുമാരൻ ആയിരക്കണക്കിന് അധ:സ്ഥിതർക്ക് വിദ്യ അഭ്യസിക്കാനുള്ള അവസരമുണ്ടാക്കി. ഈ വിദ്യാലയങ്ങൾ പിന്നീട് സർക്കാർ സ്ഥാപനങ്ങളായി. അയിത്ത ജാതിക്കാരൻ്റെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി പ്രജാസഭയിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിൻ്റെ ഭാഗമാണ്.
” കാണുന്നീലൊര ക്ഷരവും എൻ്റെ വംശത്തെപ്പറ്റി,
കാണുന്നുണ്ടനേക വംശത്തിൽ ചരിത്രങ്ങൾ ”
എന്ന് വിലപിച്ച പൊയ്കയിൽ അപ്പച്ചനെന്ന കുമാരഗുരുദേവൻ്റെ വിദ്യാഭ്യാസ സംഭാവനകളും അമൂല്യമാണ്.ദളിത് വിഭാഗങ്ങൾക്കുവേണ്ടി കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത് അദ്ദേഹമാണ്.1921 ലും 1931 ലും ശ്രീമൂലം പ്രജാസഭയിലെത്തിയ അദ്ദേഹം അധ:സ്ഥിതൻ്റെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി സഭയിൽ വീറോടെ വാദിക്കുകയും ചരിത്രപുരുഷനായി മാറുകയും ചെയ്തു.
‘ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ’ എന്ന ആഹ്വാനവുമായി മലബാറിൽ തലയുയർത്തിപ്പിടിച്ചു നിന്ന മഹാനാണ് വാഗ്ഭടാനന്ദൻ. കേരളത്തിലുണ്ടായ വിദ്യാഭ്യാസ നവോത്ഥാനത്തിന് അദ്ദേഹത്തിൻ്റെ പങ്കും വലുതാണ്. മനുഷ്യന് അറിവുനൽകാൻ ധാരാളം പാഠശാലകൾ ആവശ്യമാണെന്ന വാഗ്ഭടാനന്ദൻ്റെ ആഹ്വാനം മലബാറിൽ ചലനങ്ങൾ സൃഷ്ടിച്ചു. അദ്ദേഹം സ്ഥാപിച്ച ആത്മവിദ്യാസംഘം ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങൾക്കും, വിദ്യാഭ്യാസ അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ടു.1992 ൽ കാരക്കാട്ട് സ്ഥാപിച്ച ആത്മവിദ്യാസംഘം എൽ പി സ്കൂൾ ചരിത്ര സ്ഥാപനമാണ്.
രാജാറാം മോഹൻറോയ് സ്ഥാപിച്ച ബ്രഹ്മസമാജത്തിൻ്റെ കേരളത്തിലെ സ്ഥാപകനും, വിഗ്രഹഭഞ്ജകനുമാണ് ഡോ.അയ്യത്താൻ ഗോപാലൻ. ഡിപ്രസ്ഡ് ക്ലാസ്സസ് മിഷൻ എന്ന സംഘടന സ്ഥാപിച്ച് സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളുൾപ്പടെ നാനാവിഷയങ്ങളിൽ ഇടപെട്ടതിനൊപ്പം, പിന്നോക്ക ദലിത് വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ ഉയർച്ചയ്ക്കുവേണ്ടിയും അദ്ദേഹം പൊരുതി. അധ:സ്ഥിതർക്കുവേണ്ടി അദ്ദേഹം സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് കോഴിക്കോട്ടുള്ള എലിമെൻ്ററി സ്കൂൾ.
ഇത്തരത്തിലുള്ള നിരവധി മനുഷ്യരുടെ പോരാട്ടത്തിൻ്റെ ഫലമാണ് കേരളത്തിലെ അവർണ ജനത ഇന്നനുഭവിക്കുന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ. അക്ഷരം പൊരുതി നേടിയവരാണ് കേരളത്തിലെ അടിസ്ഥാന വർഗ്ഗം. പൂജിക്കാതെ സമരമാർഗ്ഗത്തിലൂടെയും പടവെട്ടിയുമാവർ സമൂഹത്തിൽ കുറച്ചെങ്കിലും മുഖ്യധാരയിലെത്തിയത്.
വിസ്താരഭയത്താൽ വിഷയം ചുരുക്കുകയാണ്. വിദ്യാഭ്യാസവും, അക്ഷരവുമായും ബന്ധപ്പെട്ട വളരെ കുറച്ച് ചരിത്രപുരുഷന്മാർ മാത്രമാണ് ഈ കുറിപ്പിലുള്ളത്. ഇവരെ കൂടാതെ, സഹോദരൻ അയ്യപ്പൻ, ആറാട്ടുപുഴ വേലായുധ പണിക്കർ, മൂലൂർ, ചട്ടമ്പിസ്വാമികൾ, സ്വാമി ആനന്ദതീർത്ഥൻ, വി ടി ഭട്ടതിരിപ്പാട്, കുമാരനാശാൻ, വക്കം മൗലവി, കുറുമ്പൻ ദൈവത്താൻ, കെ പി വള്ളോൻ, ടി കെ മാധവൻ തുടങ്ങി നിരവധി വ്യക്തികൾ ഈ രംഗത്ത് വലിയ സംഭാവനകൾ നൽകിയവരാണ്.


