Sun. Nov 22nd, 2026

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി ശോഭീന്ദ്രന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ മുന്‍ ലക്ചററും നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായിരുന്നു. അമ്മ അറിയാന്‍, ഷട്ടര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ വൃക്ഷമിത്ര പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. വനമിത്ര അവാര്‍ഡ് ജേതാവാണ്. നിലവില്‍ വനമിത്ര അവാര്‍ഡ് ജൂറി കമ്മിറ്റി അംഗമാണ്. ഗ്രീന്‍ കമ്മിറ്റിയുടെയും പ്രകൃതി സംരക്ഷണ സമിതിയുടെയും സംസ്ഥാന കോ ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.


പ്രകൃതിയെ ജീവനു തുല്യം സ്നേഹിക്കുകയും പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിക്കുകയും ചെയത് വ്യക്തിയായിരുന്നു ശോഭീന്ദ്രന്‍. ഇതിനു ചേര്‍ന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രധാരണം. പച്ച നിറത്തിലുള്ള പാന്റ്സും ഷര്‍ട്ടും തൊപ്പിയുമായിരുന്നു അദ്ദേഹം സ്ഥിരമായി അണിഞ്ഞിരുന്നത്.

കോഴിക്കോട്ടെയും ഇതര ജില്ലകളിലെയും ഒട്ടേറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വയനാട് ചുരത്തിലെ മഴ നടത്തത്തില്‍ ഉള്‍പ്പെടെ അദ്ദേഹം പതിവായി പങ്കെടുത്തിരുന്നു.