Sat. Oct 17th, 2026

തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിലും യു ഡി എഫിലും അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ, അന്വേഷണം വേണമെന്ന ഉറച്ച അഭിപ്രായവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യു ഡി എഫിലോ ആശയക്കുഴപ്പമില്ലെന്നാണ് അദ്ദേഹം പറയുന്നത്. കേരള പോലീസിന്റെ അന്വേഷണം വേണ്ടെന്നാണ് യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞത്. ഇത് തെറ്റായി വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പത്തിനു കാരണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇനി അന്വേഷണം വേണ്ടെന്നു ചാണ്ടി ഉമ്മനും സോളാര്‍ കേസ് അടഞ്ഞ അധ്യായമെന്നു പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു.


സംസ്ഥാനത്തെ നിപ പ്രതിരോധം പഴയ പ്രോട്ടോകോള്‍ പ്രകാരമാണ് നിലവില്‍ നടക്കുന്നത്. ഇപ്പോള്‍ ഉള്ളത് പുതിയ വകഭേദമാണ്. അതിനനുസരിച്ച് പ്രോട്ടോകോള്‍ തയ്യാറാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൊവിഡ്-19 മഹാമാരിക്ക് ശേഷം കേരളത്തില്‍ മരണം പെരുകുന്നു. ആരോഗ്യവകുപ്പിന്റെ പക്കല്‍ ഒരു ഡാറ്റയുമില്ല. നിപയെ എങ്ങനെ നേരിടണമെന്ന് അറിയില്ല. നിപ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ നടപടി വേണം. കുറച്ചുകൂടി നന്നായി വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യണമെന്നും വി ഡി സതീശന്‍ നിര്‍ദേശിച്ചു.

മന്ത്രിസഭാ പുനസ്സംഘടനയില്‍ സര്‍ക്കാര്‍ മുഖം മിനുക്കുമോ വികൃതമാക്കുമോയെന്ന് കണ്ടറിയാമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ധനപ്രതിസന്ധിക്കു കാരണം സര്‍ക്കാര്‍ തന്നെയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. നികുതി പിരിവിലാണ് സര്‍ക്കാര്‍ പരാജയപ്പെട്ടത്. കേന്ദ്രത്തെ കുറ്റം പറഞ്ഞ് സര്‍ക്കാര്‍ സ്വന്തം തെറ്റ് മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.