Sun. Nov 22nd, 2026

ആലപ്പുഴ: ആലപ്പുഴ കളർകോട് കഴിഞ്ഞ 29 വർഷമായി കർക്കിടകം 1 മുതൽ 31 വരെ നടത്തിവരുന്ന ‘രാവണ മാസാചരണം’ ഇന്ന് സമാപിക്കും. ആലപ്പുഴയിലെ ആദ്യകാല യുക്തിവാദിയും കമ്യൂണിസ്റ്റും വി.എസ് ൻറെ സുഹൃത്തും കാർട്ടൂണിസ്റ്റുമായ പിപി സുമനനാണ് കഴിഞ്ഞ 29 വർഷമായി മുടങ്ങാതെ രാവണ മാസാചരണം നടത്തുന്നത്. ആലപ്പുഴ പറവൂർ ഗവൺമെൻറ് ഹൈസ്‌കൂളിലെ റിട്ടയേർഡ് അദ്ധ്യാപകനാണ് അദ്ദേഹം. സഹോദരൻ അയ്യപ്പൻ ഗാന്ധിജിയോട് ‘ഞങ്ങൾ രാവണൻറെ ആൾക്കാരാണ്’ എന്ന് പറഞ്ഞത് അനുസ്മരിച്ചുകൊണ്ടാണ് ഇങ്ങനെ ഒരു മാസം രാവണമാസമായി ആചരിക്കുന്നത്.

സമാപന ദിവസമായ ഇന്ന് അഖില ലോക മായാവിസ്റ്റ് തിരുസഭയുടെ മധ്യകേരള മഹായിടവക അദ്ധ്യക്ഷൻ സിഫിലിസ് മാർ ഗൊണോറിയസ് തൃതീയൻ തിരുമേനിയുടെ വിശുദ്ധ ബാലരമയിലെ ‘രാവണവധം ചിത്രകഥ’ പാരായണത്തോടെയാണ് ചടങ്ങുകൾ പരിസമാപിക്കുക. ഉച്ചയ്ക്ക് ശേഷം പ്രമുഖ ആത്മീയ നേതാക്കളും ശാസ്ത്ര പ്രചാരകരും പങ്കെടുക്കുന്ന “രാമനും രാവണനും മിത്തോ ശാസ്ത്രമോ?” എന്ന വിഷയത്തിൽ സംവാദവും വൈകുന്നേരം സമാപന സമ്മേളനവും രാവണന്റെ ആചാരപരമായ സമാധിയിരുത്തും നടക്കും.

ശ്രീകൃഷ്ണജയന്തി, ഗണേശോത്സവം പിന്നാലെ രാമായാണമാസാചരണവും ശബരിമലതീർത്ഥാടകർക്ക് ചുക്കുകാപ്പിവിതരണവും വിരിവെക്കാൻ സൗകര്യമൊരുക്കൽ എന്നിങ്ങനെ വിവിധ കലാപരിപാടികളിലൂടെ വിപ്ലവ യുവജന സംഘടനകൾ വരെ വൈരുദ്ധ്യാത്മക ആത്മീയവാദം പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അതിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമായി രാമായണമാസത്തിന് പകരം 29 വർഷമായി കോവിഡ് കാലത്തുപോലും മുടക്കാതെ ആലപ്പുഴയിൽ രാവണമാസം ആചരിച്ചുകൊണ്ടിരിക്കുകയാണ് പിപി സുമനൻ. സംഘപരിവാർ പോലും രാമായണമാസാചരണം തുടങ്ങുന്നത് 1982ൽ ആണ്. അതിന് മുൻപുതന്നെ അദ്ദേഹം രാവണ മാസാചരണം തുടങ്ങിയിരുന്നു.


സഹോദരൻ അയ്യപ്പൻ ഗാന്ധിജിയോട് ‘ഞങ്ങൾ രാവണൻറെ ആൾക്കാരാണ്’ എന്ന് പറഞ്ഞത് അനുസ്മരിച്ചുകൊണ്ടാണ് താൻ ഇങ്ങനെ ഒരു മാസം രാവണമാസമായി ആചരിക്കുന്നത് തുടങ്ങിയതെന്ന് സുമനൻ സാർ പറയുന്നു. വൃദ്ധജനങ്ങൾക്ക്, കർക്കടകം ഒന്നു മുതൽ, കർക്കടകം 31-വരെ സൗജന്യ മതേതരത്ത ചായ സൽക്കാരവും ഇതോടനുബന്ധിച്ച് നടത്തിവരുന്നുണ്ട്. വൃദ്ധജനങ്ങളെ ആദരിക്കുക! സഹായിക്കുക! സ്നേഹിക്കുക! എന്ന സന്ദേശം പരത്തുന്നതിനുവേണ്ടിയാണ് രാവണ മാസാചരണം നടത്തുന്നത്, മോക്ഷം കിട്ടാൻ വേണ്ടിയോ? വോട്ടു കിട്ടാൻ വേണ്ടിയോ അല്ല! എന്ന് അദ്ദേഹം പറയുന്നു. ആരോടും പത്തുപൈസ സംഭാവന വാങ്ങാതെ സ്വന്തം കയ്യിലെ കാശുമുടക്കിയാണ് അദ്ദേഹം ഇത് ചെയ്തുകൊണ്ടിരിക്കുന്നത്. കൈരളി ടിവിയിലെ വേറിട്ടകാഴ്ചകളിലും മറ്റുമാധ്യമങ്ങളിലുമൊക്കെ ഇതേക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ വന്നിട്ടുള്ളതാണ്.

അടുത്തവർഷം അതിൻറെ 30 ആം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഇപ്പോഴേ തയ്യാറെടുക്കുകയാണ് അദ്ദേഹം! എല്ലാ മതേതര വാദികളും ഇതുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.