തൃശൂർ: പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച ആളുടെ ആക്രമണത്തിൽ മരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി,എസ് നൽകും, കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഗവേണിംഗ് കൗൺസിൽ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. വൈസ് ചാൻസലറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് വന്ദനയ്ക്ക് നേരെ ആക്രമണമുണ്ടായത്. മേയ് 10ന് പുലർച്ചെ നാലരയോടെയാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. ആക്രമണത്തിൽ വന്ദനദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചികിത്സയ്ക്കായി പൊലീസ് എത്തിച്ച സ്കൂൾ അദ്ധ്യാപകനായ സന്ദീപാണ് വന്ദനയെ കത്രിക കൊണ്ട് കുത്തിയത്.


