കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷിച്ചു. ബാക്കി മൂന്ന് പ്രതികൾക്ക് മൂന്ന് വർഷം തടവാണ് കൊച്ചിയിലെ എൻ ഐ എ പ്രത്യേക കോടതി ശിക്ഷിച്ചത്. പ്രതികൾ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ജഡ്ജി അനിൽ കെ ഭാസ്‌കറാണ് ശിക്ഷ വിധിച്ചത്.

2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളജിലെ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ സംഭവമുണ്ടായത്. കോളജിലെ മലയാളം പരീക്ഷാ ചോദ്യപേപ്പറിൽ പ്രവാചകർ മുഹമ്മദ് (സ)യെ അപകീർത്തിപ്പെടുത്തുന്ന ചോദ്യം പ്രൊഫ.ടി ജെ ജോസഫ് ഉൾപ്പെടുത്തിയിരുന്നു. ഇത് വൻ വിവാദമാകുകയും ജോസഫിനെ അറസ്റ്റും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കൈവെട്ടൽ സംഭവമുണ്ടായത്. കഴിഞ്ഞ വർഷം കേന്ദ്രം നിരോധിച്ച സംഘടനയായ പോപുലർ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൃത്യമാണെന്നായിരുന്നു എൻ ഐ എയുടെ കണ്ടെത്തൽ. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞെന്ന് വ്യക്തമാക്കിയ കോടതി ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകാൻ സഹായിക്കൽ, ആയുധം കൊണ്ട് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളും കണ്ടെത്തി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് സജലെന്നും സംഭവത്തിന്റെ മുഖ്യസൂത്രധാരനാണ് നാസറെന്നുമാണ് കോടതിയുടെ കണ്ടെത്തൽ.
വധശ്രമവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യം ആസൂത്രണം നടത്തിയ നാസറിനെതിരായ കുറ്റങ്ങളെല്ലാം നിലനിൽക്കും. മൂന്ന് പ്രതികൾക്കെതിരെ വധശ്രമം, ഗൂഢാലോചന, ഭീകരപ്രവർത്തനം എന്നീ കുറ്റങ്ങൾ തെളിഞ്ഞു. പ്രാഥമിക ഘട്ടത്തിൽ കേരള പോലീസ് അന്വേഷിച്ച കേസ് 2011 മാർച്ച് ഒമ്പതിനാണ് എൻ ഐ എ ഏറ്റെടുത്തത്. അതേസമയം, ഒന്നാം പ്രതി സവാദിനെ ഇതുവരെ പിടികൂടാനായിട്ടില്ല.


