Sat. Nov 21st, 2026

ഇംഫാൽ: സി പി ഐ നേതാവ് ആനിരാജയടക്കമുള്ള മൂന്ന് പേർക്കെതിരെ രാജ്യദ്യോഹക്കുറ്റം ചുമത്തി കേസെടുത്തു. മണിപ്പൂർ കലാപം സർക്കാർ സ്‌പോൺസേർഡ് എന്ന് വിശേഷിപ്പിച്ചതിന് ഇംഫാൽ പൊലീസാണ് കേസെടുത്തത്. ആനി രാജയും സംഘവും നേരത്തെ മണിപ്പൂർ സന്ദർശിച്ചിരുന്നു.

സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കിയ ആനി രാജയെക്കൂടാതെ നിഷ സിദ്ധു, ദിക്ഷ ദ്വിവേദി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർ മൂന്നുപേരും നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമൺസ് എന്ന സംഘടനയിലെ അംഗങ്ങളാണ്. ലിബൻസിംഗ് എന്നയാളുടെ പരാതിയിലാണ് പൊലീസ് നടപടി.


സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമാണ് മണിപ്പൂരില്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ ഇവര്‍ പറഞ്ഞിരുന്നു. സര്‍ക്കാറിന്റെ സഹായം ഈ സംഘര്‍ഷങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നു എന്നതായിരുന്നു ഇവരുടെ പ്രധാന കണ്ടെത്തല്‍. ഇതൊരു വംശീയ കലാപങ്ങളല്ല രണ്ടു വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷമായിരുന്നു. വിവിധ ഇടങ്ങളില്‍ പ്രത്യേകിച്ച് കുക്കി മേഖലകള്‍ ഉള്‍പ്പെടെ അവരുടെ വിഭവങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടിയുളള സംഘര്‍ഷമായിരുന്നു ഉണ്ടായത് തുടങ്ങിയ കര്യങ്ങളാണ് ഇവരുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിനു ശേഷം ഇവര്‍ ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തുകയും വിവരങ്ങള്‍ പങ്കു വെയ്ക്കുകയും ചെയ്തിരുന്നു.

കേസിനെതിരെ ദിക്ഷ ദ്വിവേദി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ മാസം പതിനാല് വരെ ദിക്ഷയുടെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. പ്രസ്താവനകളിൽ നിന്ന് പിന്നോട്ടില്ലെന്നും നേരിട്ട് കണ്ട വസ്തുതകളാണ് പറഞ്ഞതെന്നും ആനി രാജ പ്രതികരിച്ചു. രാഷ്‌ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.