Tue. Nov 24th, 2026

കൊച്ചി: താനൂരിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞ സംഭവത്തിൽ പ്രതിയായ ബോട്ടുടമ നാസറിന്റെ കാറ് വാഹനപരിശോധനയ്‌ക്കിടെ പൊലീസ് പിടികൂടി. കാറിൽ നിന്നും നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരിൽ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.സഹോദരനും അയൽക്കാരനുമല്ലാതെ രണ്ടുപേർ കൂടി കാറിലുണ്ടായിരുന്നതായാണ് വിവരം. ഇവരും കസ്‌റ്റഡിയിലായി. നിലവിൽ നാസറിന്റെ വിവരമൊന്നുമില്ല. ഇയാൾ എറണാകുളം ജില്ലയിലെ ഏതെങ്കിലും പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയേക്കുമെന്നാണ് കരുതുന്നത്.


നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് പൊലീസ് കേസെടുത്തു. നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽപെട്ട ബോട്ടിന് ഇൻലാൻഡ് നാവിഗേഷൻ, തുറമുഖ വകുപ്പ് എന്നിവയുടെ ലൈസൻസുണ്ട്. എന്നാൽ ഈ ബോട്ട് പൊന്നാനിയിലെ അംഗീകാരമില്ലാത്ത യാർഡിൽ വച്ച് രൂപമാറ്റം വരുത്തിയ മീൻപിടിത്ത ബോട്ടാണെന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയവരടക്കമുള്ള മത്സ്യ തൊഴിലാളികൾ നൽകുന്ന സൂചന.

രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകും മുൻപ്‌തന്നെ ബോട്ട് സർവീസിനിറക്കി.മാത്രമല്ല അനുവദനീയമായതിന്റെ ഇരട്ടിയോളം പേരെയാണ് അപകടം നടന്ന സമയം യാത്രചെയ്യാൻ അനുവദിച്ചത്. ആകെ എത്രപേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നതിൽ ഇപ്പോഴും ധാരണയില്ല.