Sat. Nov 21st, 2026

കൊച്ചി: മതം ഏതായാലും പിതാവിൽ നിന്ന് വിവാഹ ധനസഹായം ലഭിക്കാൻ പെൺമക്കൾക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് അനിൽ. കെ നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻബെഞ്ച്. പാലക്കാട് കുടുംബകോടതി വിവാഹച്ചെലവിനായി നൽകാൻ പിതാവിനോട് നിർദ്ദേശിച്ച തുക കുറഞ്ഞു പോയെന്ന പരാതിയുമായി പെന്തക്കോസ്ത് ക്രിസ്ത്യൻ മതവിശ്വാസികളായ രണ്ടു പെൺമക്കൾ നൽകിയ ഹർജിയിലാണ് വിധി. ഹർജിക്കാരികൾക്ക് പിതാവ് 15 ലക്ഷം രൂപ നൽകാൻ ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.


മാതാവുമായി വേർപിരിഞ്ഞ് താമസിക്കുന്ന പിതാവിൽ നിന്ന് വിവാഹ ധനസഹായമായി 45 ലക്ഷം രൂപ ലഭിക്കണമെന്നാവശ്യപ്പെട്ട് പെൺമക്കൾ കുടുംബക്കോടതിയെ സമീപിച്ചെങ്കിലും 7.50 ലക്ഷം രൂപ നൽകാനായിരുന്നു ഉത്തരവ്. ക്രിസ്ത്യൻ മതവിഭാഗത്തിലുൾപ്പെട്ട ഹർജിക്കാർക്ക് പിതാവിൽ നിന്ന് വിവാഹ ധനസഹായം ലഭിക്കാൻ അർഹതയുണ്ടോയെന്നതാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.

ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് നിയമപ്രകാരം അവിവാഹിതയായ ഹിന്ദു സ്ത്രീയ്ക്ക് പിതാവിൽ നിന്ന് വിവാഹ ധനസഹായത്തിന് അർഹതയുണ്ട്. മുസ്ളീം സ്ത്രീയ്ക്കും ഈ അവകാശമുണ്ടെന്ന് 2011ലെ ഇസ്മായിൽ കേസിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവിനോടു യോജിപ്പു പ്രകടിപ്പിച്ച ഡിവിഷൻ ബെഞ്ച്,​ മതമേതായാലും പിതാവിൽ നിന്നുള്ള വിവാഹ ധനസഹായത്തിന് പെൺമക്കൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.