Sat. Nov 21st, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ റിവ്യൂ ഹർജി നിലനിൽക്കില്ലെന്ന് ലോകായുക്ത. റിവ്യൂ ഹരജി തള്ളി. ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കും. ഹർജിക്കാരന്റേത് ദുർബല വാദങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദുമടങ്ങുന്ന ബെഞ്ച് ഹർജി തള്ളിയത്.

കേസ് ഉച്ചയ്ക്ക് ശേഷം ഫുൾ ബെഞ്ച് പരിഗണിക്കും. അതേസമയം, ഇത് പ്രതീക്ഷിച്ച ഉത്തരവാണെന്ന് പരാതിക്കാരൻ ആർ എസ് ശശികുമാർ പ്രതികരിച്ചു. നീതി കിട്ടുംവരെ നിയമപോരാട്ടം തുടരുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് മുപ്പത്തൊന്നിലെ ഭിന്നവിധിക്ക് നിയമസാധുത ഫുൾ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പശശികുമാർ റിവ്യുഹർജി നൽകിയത്. 2019ൽ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അദ്ധ്യക്ഷനായ വിശാല ബെഞ്ച് വിശദമായ വാദം കേട്ട ശേഷം കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും ശശികുമാർ ചൂണ്ടിക്കാട്ടിയിരുന്നു.


ശശികുമാറിനെ ഇന്നലെ ലോകായുക്ത രൂക്ഷമായി വിമർശിച്ചിരുന്നു. ദുരിതാശ്വാസനിധി ദുർവിനിയോഗക്കേസിൽ മുഖ്യമന്ത്രി തങ്ങളെ സ്വാധീനിച്ചതിന് തെളിവുണ്ടെങ്കിൽ പറയണമെന്നും ജഡ്‌ജിമാരെ അപകീർത്തിപ്പെടുത്തുകയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞിരുന്നു. ശശികുമാർ ഹാജരാണോയെന്ന് ചോദിച്ച് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദാണ് വിമർശനം തുടങ്ങിയത്. എത്തിയിട്ടില്ല എന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, അദ്ദേഹത്തിന് നേരിട്ടു വന്നു വാദിക്കാമായിരുന്നല്ലോയെന്നും ചാനലുകളിൽ അദ്ദേഹം നന്നായി വാദിക്കുന്നുണ്ടല്ലോയെന്നും ഉപലോകായുക്ത പരിഹസിച്ചു.

ലോകായുക്തയെ വിശ്വാസമില്ലെന്ന് ഹർജിക്കാരൻ പറയുന്നത് വേറെ കണക്കുകൂട്ടലോടെയാണ്. ആരോ സ്വാധീനം ചെലുത്തിയെന്ന് പറയുന്നു എന്നും ഉപലോകായുക്ത പറഞ്ഞിരുന്നു.’നടക്കുന്നത് ആൾക്കൂട്ട അധിക്ഷേപമാണ്. പേപ്പട്ടിയെ കണ്ടാൽ വഴിമാറി പോവുകയാണ് നല്ലത്. അതിന്റെ വായിൽ കോലിട്ടിളക്കാൻ പോവാറില്ല. അതുകൊണ്ടാണ് കൂടുതൽ പറയാത്തത്. കോടതിയിൽ പറയേണ്ടതേ പറയാവൂ’ -ജസ്റ്റിസ് സിറിയക് ജോസഫ് വിമർശിച്ചു.