Sun. Nov 22nd, 2026

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആർഎസ്എസ് സ്വീകരിക്കുന്ന പ്രീണന നിലപാട് ക്രിസ്ത്യാനികളെ അപമാനിക്കുന്നതിന് സമമാണെന്ന് സിപിഎം നേതാവ് എം എ ബേബി. സംസ്ഥാനത്തിലെ ക്രിസ്ത്യൻ വിശ്വാസികളുടെ വീട്ടിൽ ആർഎസ്എസ് നടത്തുന്ന സന്ദർശനത്തെയും അദ്ദേഹം വിമർശിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന എല്ലാ വിവേചനങ്ങൾക്കും ആക്രമങ്ങൾക്കും പിന്നിലെ ശക്തിയായ ആർഎസ്എസ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വെളുക്കെ ചിരിച്ചു കൊണ്ട് ജനങ്ങളുടെ മുന്നിലെത്തുമ്പോൾ കുറേ പേർ ആ തട്ടിപ്പിൽ വീഴുമെന്ന് കരുതുന്നത് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കുന്നതിന് സമമാണെന്ന് എം എ ബേബി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മോദി നല്ല നേതാവ്, എന്നൊക്കെ പറയുന്ന അപൂർവ്വം മെത്രാന്മാർ ഉണ്ട്. അവർ എന്തുപേടിച്ചാണ് ഇത് പറയുന്നത് എന്നത് എല്ലാവർക്കും അറിയാം എം എ ബേബി തുട‌ർന്നു. മതത്തിന്റെ പേരിൽ അക്രമസാക്തമായ വർഗീയരാഷ്ട്രീയം മറ കൂടാതെ കൈകാര്യം ചെയ്യുന്ന തീവ്രവാദ സംഘടനയെന്ന് ആർഎസ്എസിനെ വിശേഷിപ്പിച്ച എം എ ബേബി ക്രിസ്ത്യാനികളുടെ വോട്ട് കിട്ടുമെന്ന് ആർഎസ്എസ് കരുതുന്നത് വിഡ്ഢികളുടെ സ്വർഗത്തിലായത് കൊണ്ടാണെന്നും കുട്ടിച്ചേർത്തു.


ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണ രൂപം

ആർഎസ്എസ് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കുന്നു.

കേരളത്തിലെ ക്രിസ്ത്യൻ വീടുകളിൽ ആർഎസ്എസുകാർ ഇന്ന് സന്ദർശനം നടത്തുകയാണല്ലോ. അതുപോലെ വിഷുവിന്റെ അന്ന് ആർഎസ്എസുകാരുടെ വീടുകളിൽ സദ്യയുണ്ണാൻ ക്രിസ്ത്യാനികളെ ക്ഷണിച്ചിട്ടുമുണ്ട്. ദുഃഖവെള്ളിയാഴ്ച മലയാറ്റൂരിൽ മലകയറാൻ ആർഎസ്എസ് നേതാവ് എഎൻ രാധാകൃഷ്ണൻ പോയിരുന്നു. മുന്നൂറ് മീറ്റർ നടന്നു തിരിച്ചും പോയി.

ഭൂരിപക്ഷമതത്തിൻറെ പേരിൽ അക്രമാസക്തമായ വർഗ്ഗീയ രാഷ്ട്രീയം ഒരുമറവും കൂടാതെ കൈകാര്യം ചെയ്യുന്ന ഒരു തീവ്രവാദസംഘടന യാണ് ആർ എസ്സ് എസ്സ് എന്ന് ആർക്കാണ് അറിയാത്തത്? ന്യൂനപക്ഷങ്ങൾക്ക് നേരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ വിവേചനങ്ങളുടെയും പിന്നിലെ ഈ ശക്തി, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന എല്ലാ വർഗീയാക്രമണങ്ങളുടെയും പിന്നിലെ ഈ ശക്തി, ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളുടെ മുന്നിലേക്ക് വെളുക്കെ ചിരിച്ചു കൊണ്ട് വരുമ്പോൾ കുറേപ്പേർ ആ തട്ടിപ്പിൽ വീഴും എന്ന് ആർഎസ്എസുകാർ കരുതുന്നത് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കലാണ്.

മോദി നല്ല നേതാവ്, എന്നൊക്കെ പറയുന്ന അപൂർവ്വം മെത്രാന്മാർ ഉണ്ട്. അവർ എന്തുപേടിച്ചാണ് ഇത് പറയുന്നത് എന്നത് എല്ലാവർക്കും അറിയാം. ഇവർ പറയുന്നപോലെ ക്രിസ്ത്യാനികളുടെ വോട്ട് കിട്ടും എന്ന് ആർഎസ്എസുകാർ കരുതുന്നത് വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആയതുകൊണ്ടാണ്. കേരളത്തിലെ എല്ലാ മതവിശ്വാസികളും , ആർഎസ്എസുകാരെ ഒരിക്കലും സഹകരിക്കാൻപറ്റാത്തവരായി കണക്കാക്കും എന്നതിൽ സംശയമില്ല.