തിരുവനന്തപുരം: ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബി ജെ പി നേതാക്കള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനുള്ള ഈ തന്ത്രം വിലപ്പോവില്ലെന്ന് വിഡി സതീശന് ഫേസ് ബുക്കില്‍ കുറിച്ചു. ലോകാരാധ്യയായ മദര്‍ തെരേസക്ക് നല്കിയ ഭാരതരത്നം പിന്‍വലിക്കണമെന്നാണ് ആര് എസ് എസ് പറയുന്നത്. ഇതുവരെ ആര് എസ് എസ് നേതാക്കള്‍ ഈ നിലപാടില്‍ നിന്ന് പിന്നാക്കം പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണാടകത്തില്‍ ബിജെപി മന്ത്രി മുനിരത്ന ജനങ്ങളോട് ആഹ്വാനം ചെയ്തത് ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നാണ്. അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നാണ്. രാജ്യവ്യാപകമായി ഇതേ നിലപാടാണ് ബി ജെ പി ക്രൈസ്തവരോടു സ്വീകരിക്കുന്നത്.
നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് രാജ്യത്ത് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തി. വൈദികര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര് ഇപ്പോഴും ജയിലുകളിലാണ്. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണ്.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകത്തില്‍ ഒരു ബി.ജെ.പി മന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത് എല്ലാവരും കേള്‍ക്കേണ്ടതാണ്. ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമാണ് മന്ത്രി മുനിരത്ന പറഞ്ഞത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബി.ജെ.പി ക്രൈസ്തവരോട് കാട്ടുന്നത്.
നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തി. വൈദികര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര് ഇപ്പോഴും ജയിലുകളിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആക്രമിക്കപ്പെട്ടത്.
ലോകാരാധ്യയായ മദർ തെരേസക്ക് നൽകിയ ഭാരതരത്നം പോലും പിൻവലിക്കണമെന്നാണ് ആർ.എസ്.എസ് പറയുന്നത്. ഇതുവരെ ആർ.എസ്.എസ് നേതാക്കൾ ഈ നിലപാടിൽ നിന്ന് പിന്നോക്കം പോയിട്ടുമില്ല.
ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത്.


