മുംബയ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിമർശനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി പഠിച്ചിരുന്ന കോളേജ് എന്ന് പറയുന്നതിൽ ആ സ്ഥാപനം അഭിമാനിക്കുകയല്ലേ വേണ്ടതെന്നും ഉദ്ധവ് ചോദിച്ചു. മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴയിട്ട സാഹചര്യത്തിലാണ് താക്കറെയുടെ വിമർശനം.
‘പ്രധാനമന്ത്രിയുടെ ബിരുദത്തിന്റെ തെളിവ് ആവശ്യപ്പെട്ടപ്പോൾ 25,000 രൂപ പിഴ ചുമത്തി. പ്രധാനമന്ത്രി അവിടെ പഠിച്ചിരുന്നു എന്ന് അഭിമാനത്തോടെ പറയാൻ ആ കോളേജ് മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണ്? ”- ഉദ്ധവ് താക്കറെ ചോദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസും ഗുജറാത്ത്, ഡൽഹി സർവകലാശാലകളും കേജ്രിവാളിന് വിവരം കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയതിനൊപ്പമാണ് ഹൈക്കോടതി പിഴ ചുമത്തിയത്.
മഹാരാഷ്ട്രയിൽ കോൺഗ്രസുമായും എൻസിപിയുമായും കൈകോർത്തതിനെയും ഉദ്ധവ് ന്യായീകരിച്ചു. ”ഞങ്ങൾ ഒന്നിച്ചത് അധികാരത്തിന് വേണ്ടിയാണ്. ഭരണം നഷ്ടപ്പെട്ടെങ്കിലും ഞങ്ങൾ ഒരുമിച്ചാണ്. കൂടുതൽ ശക്തരുമാണ്. എപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും ബിജെപി ജനങ്ങളെ ധ്രുവീകരിക്കും. ഞാൻ ഹിന്ദുത്വം ഉപേക്ഷിച്ചെന്നാണ് അവർ പറയുന്നത്. അങ്ങനെയുള്ളതിന് ഒരു തെളിവെങ്കിലും കാണിക്കാമോ? ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്തവർ ധ്രുവീകരണവുമായി മുന്നോട്ട് പോകുന്നത് ഭരണഘടനയെ അപമാനിക്കലാണ്.”- ഉദ്ധവ് താക്കറെ പറഞ്ഞു.


