വർക്കല: ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്നു ശ്രീനാരായണ ഗുരുവെന്ന പഴയ സവർണ്ണ മാടമ്പികളുടെ ചീറ്റിപ്പോയ കഥ വീണ്ടും പൊടിതട്ടി എടുത്ത് ജന്മഭൂമി പ്രസിദ്ധീകരിച്ച വിവാദ ലേഖനത്തെ രൂക്ഷമായി വിമർശിച്ച് ശ്രീനാരയണ ധർമ്മ സംഘം പ്രസിഡണ്ട് സ്വാമി സച്ചിതാനന്ദ. ആർഎസ് എസ് സഹയാത്രികനായ ചരിത്രകാരൻ ഡോ. സി.ഐ ഐസക്ക് എഴുതിയ ലേഖനത്തെ വിമർശിച്ചുകൊണ്ടാണ് സ്വാമി സച്ചിതാനന്ദ രംഗത്ത് എത്തിയിരിക്കുന്നത്.
ലേഖനത്തിൽ ഐസക്ക് നടത്തുന്ന പരാമർശങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്ന് സച്ചിതാനന്ദ പറഞ്ഞു. ചട്ടമ്പി സ്വാമികൾ നിർദ്ദേശിച്ചിട്ടാണ് ശ്രീനാരയണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയതെന്നും ജന്മഭൂമി ലേഖനം അവകാശപ്പെടുന്നു. എന്നാൽ ഗുരുദേവൻ പ്രതിഷ്ഠനടത്തിയത് ആരുടേയും നിർദ്ദേശപ്രകാരമല്ല എന്നുമാത്രമല്ല ചട്ടമ്പി സ്വാമികൾക്ക് അരുവിപ്പുറം പ്രതിഷ്ഠയോട് എതിർപ്പായിരുന്നു എന്നതാണ് വാസ്തവമെന്നും സച്ചിതാനന്ദ പറഞ്ഞു. ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്ന പറവൂർ ഗോപാലൻ പിള്ള എഴുതിയ ചട്ടമ്പി സ്വാമികളുടെ ജീവചരിത്രത്തിൽ ഇതിന് തെളിവുണ്ട്. ചട്ടമ്പി സ്വാമികൾക്ക് അരുവിപ്പുറം പ്രതിഷ്ഠയോട് എതിരഭിപ്രായം ആയിരുന്നു എന്നുതന്നെയാണ് ജീവവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സ്വാമി സച്ചിതാനന്ദ പറഞ്ഞു.
മാത്രമല്ല വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന സംഘാടകൻ ടികെ മാധവൻ ആയിരുന്നു എന്നും സത്യഗ്രഹികളിൽ പൂരിപക്ഷവും ഗുരുശിഷ്യൻമാർ ആയിരുന്നു എന്നും സച്ചിതാനന്ദ കൂട്ടിച്ചേർത്തു. വൈക്കം സത്യാഗ്രഹം – പുനർവായന എന്ന തലക്കെട്ടിൽ ചരിത്രവിരുദ്ധമായ ഒരു ലേഖനം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ എസ്എൻഡിപി യോഗവും രംഗത്ത് വന്നിരുന്നു.
ശ്രീനാരയണഗുരുവിനെ മനപൂർവം അപമാനിക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം ലേഖനങ്ങളിലൂടെ ജന്മഭൂമി നടത്തുന്നതെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ജന്മഭൂമി മനപൂർവം നാരായണഗുരുവിനെയും അനുയായികളെയും ഇകഴ്ത്തിക്കാണിക്കാനാണ് ശ്രമിക്കുന്നത്. ഇതെല്ലം ജന്മഭൂമി മനേജ്മെന്റിന്റെ അറിവോടെയാണോ എന്നതിൽ വിശദീകരണം നല്കാൻ അവർ തയ്യാറാകണമെന്നും കോഴിക്കോട് യൂണിയൻറെ പ്രസ്താവനയിൽ പറയുന്നു.


