മധുരമായ ഈണങ്ങളിൽ ഭാവാത്മകതകൊണ്ടും ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ മനോഹാരിതകൊണ്ടും സംഗീതാസ്വാദകരെ കോരിത്തരിപ്പിച്ച സംഗീത സംവിധായകനാണ് ബോംബെ രവി(1926 – 2012). ആദ്യം വരികൾ എഴുതിച്ച് സംഗീതം നല്കുന്ന രീതി സ്വീകരിച്ചിരുന്ന അദ്ദേഹത്തിന് ഭാഷയോ മറ്റു ഘടകങ്ങളോ തടസ്സമായിരുന്നില്ല.
1986-ൽ പഞ്ചാഗ്നി എന്ന ചിത്രത്തിലൂടെ ഹരിഹരനും എം.ടിയുമാണ് ബോംബെ രവിയെ മലയാളത്തിലേക്ക് കൊണ്ടുവന്നത്. ഗൃഹാതുരത്വത്തിന്റെ തേനൂട്ടി അദ്ദേഹം നല്കിയ ഒരുകൂട്ടം നല്ല ഗാനങ്ങൾ ഇന്നും മലയാളിയുടെ നെഞ്ചിലുണ്ട്. 2005- ൽ പുറത്തിറങ്ങിയ ഹരിഹരന്റെ മയൂഖം എന്ന സിനിമക്ക് വേണ്ടിയാണ് മലയാളത്തിൽ അവസാനമായി സംഗീത സംവിധാനം നിർവ്വഹിച്ചത്.
ദൽഹിയിൽ ജനനം. രവിശങ്കർ ശർമ്മ എന്നാണ് ശരിയായ പേര്. അക്കാദമിക് പഠനത്തിലൂടെയല്ലാതെ തീക്ഷണമായ ജീവിത സാഹചര്യങ്ങളിലൂടെ സംഗീതത്തെ കണ്ടെത്തി. അച്ഛൻ പാടുന്ന ഭജൻ കേട്ടാണ് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്.

1950-ൽ ബോംബേയിൽ ഗായകനാവാൻ എത്തിച്ചേരുകയായിരുന്നു. ആനന്ദമഠ് എന്ന ചിത്രത്തില് സംഗീതഞ്ജൻ ഹേമന്ദ് കുമാർ മുഖോപാധ്യായ ‘വന്ദേമാതരം’ എന്ന ഗാനം പാടാൻ അവസരം നല്കി. തുടർന്ന് ശ്രദ്ധേയനായി. 1960-ൽ അദ്ദേഹം ഈണം നല്കിയ ‘ചൗദ്വീം കാ ചാന്ദ് ‘ എന്ന ചിത്രത്തിലെ അതേ വരികളിൽ തുടങ്ങുന്ന മുഹമ്മദ് റഫി ആലപിച്ച ഗാനം എക്കാലത്തെയും വലിയ മെലഡി ഹിറ്റായി. തുടർന്ന് ദോ ബദൻ, ഹംറാസ്, ആംഖേം, നിക്കാഹ്, വക്ത്, നീൽ കമൽ, ഗുംരാഹ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയ ഗാനങ്ങളൊരുക്കി.
സാഗരങ്ങളെ…, ആരാത്രി മാഞ്ഞുപോയി (പഞ്ചാഗ്നി), മഞ്ഞൾപ്രസാദവും (നഖക്ഷതങ്ങൾ), ഇന്ദുപുഷ്പം ചൂടിനില്ക്കും (വൈശാലി), പാർവണേന്ദുമുഖി (പരിണയം), ചന്ദനലേപ സുഗന്ധം (ഒരു വടക്കൻ വീരഗാഥ), കണ്ണാടി ആദ്യമായെൻ (സർഗ്ഗം), ഇശൽ തേൻകണം (ഗസൻ), ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് (പാഥേയം) തുടങ്ങി സുകൃതം ഉൾപ്പെടെ പതിനാലോളം മലയാളസിനിമകൾക്ക് സംഗീതം നല്കി.
പരിണയം എന്ന എം.ടി-ഹരിഹരൻ ചിത്രത്തിലൂടെ ദേശീയ അംഗീകാരവും 1961-ൽ ഖരാനക്കും 1965-ൽ ഖാണ്ടാനും ഫിലിം ഫെയർ അവാർഡും ലഭിച്ചു. കെഎസ് ചിത്രയ്ക്ക് രണ്ടു തവണ ദേശീയ അംഗീകാരം ലഭിച്ചത് ബോംബെ രവിയുടെ മഞ്ഞൾ പ്രസാദവും (നഖക്ഷതങ്ങൾ), ഇന്ദു പുഷ്പം ചൂടി (വൈശാലി) എന്നീ ഗാനങ്ങളിലൂടെയാണ്.


