കൊച്ചി: വാരാപ്പുഴ അപകടത്തിന് പിന്നിൽ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന അനധികൃത പടക്കശേഖരമെന്ന് ജില്ലാ കളക്ടർ രേണു രാജ്. കെട്ടിടം ഉടമയായ ജെയ്സന് പടക്കം വിൽക്കാനുള്ള ലൈസൻസ് മാത്രമാണുണ്ടായിരുന്നതെന്ന് അവർ വ്യക്തമാക്കി. ഇത് മറികടന്ന് പടക്കശാലയിൽ സൂക്ഷിച്ചിരുന്ന അനധികൃത പടക്കശേഖരമായിരുന്നു നാടിനെ നടുക്കിയ അപകടത്തിലേയ്ക്ക് നയിച്ചത്. തഹസീൽദാരോടും പഞ്ചായത്ത് സെക്രട്ടറിയോടും അപകടത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് രേണു രാജ് ഐഎഎസ് അറിയിച്ചു.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് വരാപ്പുഴ മുട്ടിനകത്ത് പടക്കശാല പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് വൻ സ്ഫോടനമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു.പടക്കശാലയിലെ സഹായിയായ ഡേവിസാണ് മരിച്ചത്. കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റു എന്നാണ് വിവരം. പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരമായി തുടരുകയാണ്. ജെൻസൺ, ഫ്രെഡീന, കെ. ജെ മത്തായി, എസ്തതർ, എൽസ, ഇസബെൽ, നീരജ് എന്നിവർ പരിക്കേറ്റവരിൽപ്പെടുന്നു. അപകടസമയത്ത് കെട്ടിടത്തിനകത്തുണ്ടായിരുന്ന തൊഴിലാളികൾക്കും സമീപവാസികൾക്കുമാണ് പരിക്കേറ്റത്.
സ്ഫോടനത്തിൽ കെട്ടിടം പൂർണമായി തകർന്നു. ഉഗ്ര ശബ്ദത്തോടെയുണ്ടായ അപകടത്തിൽ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപത്തുള്ള വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. രണ്ട് കിലോമീറ്റർ ചുറ്റളവിൽ വരെ പ്രകമ്പനം ഉണ്ടായതായാണ് ദൃക്സാക്ഷികൾ അറിയിക്കുന്നത്.
അപകടത്തിന് പിന്നാലെ ഫയർഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ എന്നിവർ പ്രദേശത്ത് എത്തിയിരുന്നു. അപകടത്തിൽ തകർന്ന കെട്ടിടത്തിന് കീഴിൽ ആരും അകപ്പെട്ടിട്ടില്ല എന്നാണ് രക്ഷാപ്രവർത്തകർ അറിയിക്കുന്നത്.


