✍️ സുരേഷ്. സി ആർ
“താരപദവി ഒരു റോസാപൂ മെത്തയല്ല”-
നിത്യഹരിത നായകനും, ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ പര്യായമാവുകയും മലയാളികളുടെ പ്രണയനായകസങ്കല്പങ്ങളുടെ മൂർത്തിമദ്ഭാവവുമായിരുന്നു പ്രേം നസീർ (1926 – 1989). അബ്ദുൾ ഖാദർ എന്നാണ് യഥാർത്ഥ പേര്.
600-ലേറെ സിനിമകളിൽ നായകനായോ നായക പ്രാധാന്യമുള്ള റോളുകളിലോ അഭിനയിക്കുക, ഒരേ നായികയുമൊത്ത് 100-ലേറെ സിനിമകളിൽ അഭിനയിക്കുക, 36 കൊല്ലം എതിരില്ലാതെ സിനിമാരംഗത്ത് നിലനിന്നതുമെല്ലാം നസീറിനു മാത്രം സ്വന്തമായതും ആർക്കും ഒരിക്കലും തകർക്കാൻ പറ്റാത്തതുമായ ലോക റെക്കൊഡുകളാണ്.
തിരുവനന്തപുരത്ത ചിറയിൻകീഴിലായിരുന്നു ജനനം. കോളേജ് പഠനകാലത്തു തന്നെ അമച്വർ, പ്രൊഫഷണൽ നാടകങ്ങളിലൂടെ നടനെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു. 1951-ൽ സത്യനൊടൊപ്പം അഭിനയിച്ച ത്യാഗസീമ -യാണ് ആദ്യ ചലച്ചിത്രം.
1952-ൽ മരുമകൾ ആണ് റിലീസ് അയ ആദ്യ ചിത്രം. അതേ വർഷം മൂന്നാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ കുഞ്ചാക്കോയും കെ.വി.കോശിയും തിക്കുറിശ്ശിയെ സമീപിച്ചാണ് അദ്ദേഹത്തിന്റെ പേര് പ്രേംനസീർ എന്ന് പുനർനാമകരണം ചെയ്തത്.

24 വർഷത്തിനുശേഷം, ‘മരുമകൾ’ എന്ന ചിത്രത്തിൽ തന്റെ ആദ്യത്തെ നായികയായ നെയ്യാറ്റിൻകര കോമളത്തിന്റെ മകൾ ശ്രീലേഖയുടെ കൂടെ അഭിനയിച്ചതും മലയാളത്തിലെ കൗതുകമാണ്. അതിൽ ഒപ്പം നിൽക്കാൻ ഇന്ത്യയിൽ അശോക് കുമാറെന്ന ഹിന്ദി നടൻ മാത്രമേ കാണൂ.
ഷീലയോടൊപ്പാം 107 ചിത്രങ്ങളിൽ അഭിനയിച്ചു. നിണമണിഞ്ഞ കാൽപ്പാടുകളായിരുന്നു ഈ താര ജോഡികളുടെ ആദ്യ ചിത്രം. ഉദയായുടെ കടത്തനാട്ട് മാക്കം നൂറാമത്തെ ചിത്രവും. പിന്നെ കൂടുതൽ അഭിനയിച്ചത് ജയഭാരതിയുമൊത്താണ്. തോക്കുകൾ കഥ പറയുന്നു’ ആയിരുന്നു ജയഭാരതിയുമായുള്ള ആദ്യ ചിത്രം.
ആകെ 72 നടികളുടെ നായകനായതും, 25 ചിത്രങ്ങളിൽ ഏറ്റവുമധികം ഇരട്ടവേഷം അഭിനയിച്ചതും ഒരു സംവിധായകനോടൊപ്പം (ശശികുമാർ) ഏറ്റവുമധികം നായകനായതും റെക്കോഡാണ്. മലയാളത്തിൽ ഏറ്റവുമധികം വടക്കൻപാട്ട് ചിത്രങ്ങളിൽ നായകനുമായി.
1984-ൽ, 200 ചിത്രങ്ങളഭിനയിച്ച ഹോളിവുഡ് നടൻ ജോൺ വെയ്ന്റെ റെക്കോഡാണ് 600 ചിത്രങ്ങളിൽ അഭിനയിച്ച് നസീർ ഗിന്നസ് റെക്കോഡിടുന്ന ആദ്യ മലയാള താരമായത്.
പൈങ്കിളി നായകന്റെ വേഷമായിരുന്നു അധികവും കിട്ടിയതെങ്കിലും കരുത്തുറ്റ പല കഥാപാത്രങ്ങളെയും നസീർ അനശ്വരമാക്കിയിട്ടുണ്ട്.
പടയോട്ടം, ഇരുട്ടിന്റെ ആത്മാവ്, അടിമകൾ, ധ്വനി, വിടപറയും മുമ്പേ, അഗ്നിപുത്രി, അസുരവിത്ത്, നഗരമേ നന്ദി, കടല്പ്പാലം, തുടങ്ങി ഒട്ടേറെ സിനിമകളിൽ ഗൗരവമേറിയ വേഷങ്ങൾ കൈകാര്യം ചെയ്തു.
കള്ളിച്ചെല്ലമ്മ, അഴകുള്ള സലീന, ഭാര്യമാരെ സൂക്ഷിക്കുക, കുട്ടിക്കുപ്പായം തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ സ്വഭാവമുള്ളതായിരുന്നു. 37 തമിഴ് ചിത്രങ്ങളിലും ഏഴ് തെലുങ്ക് ചിത്രങ്ങളിലും രണ്ട് കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
കേരള ചലച്ചിത്ര വികസന കോർപ്പറേഷനിലും, വ്യവസായ വികസന കോർപ്പറേഷനിലും ഡയറക്ടർ ബോർഡംഗമായിരുന്നു.
1981-ൽ സമഗ്ര സംഭാവനകളെ മാനിച്ച് സംസ്ഥാന അവാർഡ് ലഭിച്ചു.
1983-ൽ പത്മഭൂഷൺ ലഭിച്ചു.
1985- ൽ ദേശിയ ചലച്ചിത്ര അവാർഡ് അധ്യക്ഷനായിരുന്നു.


