പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പുനരന്വേഷണം നടത്തിയ ഡിവൈഎസ്പി പി ശശി കുമാറിനെ കോടതി വിസ്തരിച്ചു. കേസില്‍ ആദ്യം നല്‍കിയ കുറ്റപത്രത്തിലെ പോരായ്മകള്‍ പരിഹരിക്കാനായാണ് ശശികുമാറിനെ പുനരന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നത്. ഇദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ച സപ്ലിമെന്ററി ചാര്‍ജ് ഷീറ്റിനെ കുറിച്ചാണ് മുഖ്യ വിസ്താരത്തില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ചോദിച്ചത്.
കേസുമായി ബന്ധപ്പെട്ട അനുബന്ധ മഹസറുകളും മൂന്ന് സീല്‍ പ്ലാനുകളും തയ്യാറാക്കിയതായി ഡിവൈഎസ്പി മൊഴി നല്‍കി. മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. ബല്‍റാമിന്റെ മൊഴി ഫോണിലൂടെയാണ് എടുത്തതെന്നും കൂടാതെ പാടവയല്‍, കള്ളമല വില്ലേജ് ഓഫീസര്‍മാരുടെ മൊഴിയും എടുത്തതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തിലെ പോരായ്മകള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടില്ലെന്ന് പ്രതിഭാഗത്തിന്റെ ചോദ്യത്തിന് മറുപടിയായി ഡിവൈഎസ്പി പറഞ്ഞു.
പ്രതികളുടെ ഫോട്ടോയും മധുവിന്റെ ഫോട്ടോയുടെ പ്രിന്റും എടുത്ത ഫൊട്ടോഗ്രാഫര്‍ ജിന്‍സണെ 65 ബി സര്‍ട്ടിഫിക്കറ്റ് മാര്‍ക്ക് ചെയ്യുന്നതിനായി വീണ്ടും വിസ്തരിച്ചു. മധുവിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തയാറാക്കിയ ബാക്ക് ഫയല്‍ മാര്‍ക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ ഹരജി നല്‍കി. ഇതിനെതിരെ ഹര്‍ജി നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു. ഒറ്റപ്പാലം മുന്‍ സബ് കലക്ടര്‍ ജെറോമിക ജോര്‍ജിനെ വ്യാഴാഴ്ച വീണ്ടും വിസ്തരിക്കും.

